അടിയേറ്റ് ഷാഫി പറമ്പിലിന്റെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിന്‍ ; പൊലീസ് മര്‍ദനത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്കി

കോഴിക്കോട്: പേരാമ്പ്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ അടിയേറ്റ് ഷാഫി പറമ്പിലിന്റെ മൂക്കിന്റെ ഇടത്- വലത് അസ്ഥികളില്‍ പൊട്ടലുണ്ടെന്ന് മെഡിക്കല്‍ ബുളളറ്റിന്‍. ഇടത് അസ്ഥികളുടെ സ്ഥാനം തെറ്റിയിട്ടുണ്ടെന്നും ആരോഗ്യനില തൃപ്തികരമാണെന്നും വിശ്രമം ആവശ്യമാണെന്നും പറയുന്നു. ബേബി മെമ്മോറിയല്‍ ആശുപത്രിയാണ് മെഡിക്കല്‍ ബുള്ളറ്റിന് പുറത്തിറക്കിയത്.
ഇന്നലെ വൈകുന്നേരം പേരാമ്പ്രയില്‍ പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്. പേരാമ്പ്രയില്‍ വൈകിട്ട് അഞ്ച് മണിയോടെ എല്‍ഡിഎഫ് പ്രതിഷേധമുണ്ടായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് പ്രമോദിനെ മര്‍ദ്ദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധമുണ്ടായിരുന്നു ഹര്‍ത്താലിന്റെ ഭാഗമായി യുഡിഎഫ് പ്രതിഷേധം ആറുമണിക്ക് ആരംഭിക്കുകയും ചെയ്തിരുന്നു. രണ്ട് വിഭാഗം പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടുന്ന സാഹചര്യം ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചു. ഇതിനിടെയാണ് ഷാഫി പറമ്പിലിന് പരിക്കേറ്റത്.
പേരാമ്പ്രയില്‍ നടന്ന കോണ്‍ഗ്രസ്-പൊലീസ് സംഘര്‍ഷത്തിനിടെ ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായ പൊലീസ് മര്‍ദനത്തില്‍ ലോക്സഭാ സ്പീക്കര്‍ക്ക് കോണ്‍ഗ്രസ് പരാതി നല്കി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പൊലീസ് അക്രമത്തില്‍ അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. മറുവശത്ത് പേരാമ്പ്രയില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നും പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയെന്നും കാണിച്ച് പോലീസും ഷാഫിക്കെതിരേ കേസെടുത്തിട്ടുണ്ട്.
ഷാഫി പറമ്പിലിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഇന്ന് കേരളത്തിന്റെ വിവിധ ജില്ലകളില്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിചാര്‍ജ്ജ് നടത്തുകയും ചെയ്തു. ഡിസിസി ഓഫീസില്‍ നിന്നും ഡിവൈഎസ്പി ഓഫീസിലേക്കായിരുന്നു മാര്‍ച്ച്. തുടര്‍ന്ന് ഓഫീസിന്റെ ഗേറ്റ് തകര്‍ത്തെന്ന് കാണിച്ച് 75,000 രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്. ടി. സിദ്ദിഖ് എംഎല്‍എ യ്ക്ക് എതിരേ കേസെടുത്തിട്ടുണ്ട്.






