Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഞങ്ങളുടെ ക്ഷമയും ധൈര്യവും പരീക്ഷിക്കാന്‍ നില്‍ക്കരുത്; പാകിസ്താന് താലിബാന്റെ താക്കീത്; ഇന്ത്യ സുഹൃത്ത്; ‘അസിം മുനീറിനെ ശരിക്കറിയില്ലെങ്കില്‍ അമേരിക്കയോടു ചോദിച്ചാല്‍ മതി’യെന്നും അമീര്‍ ഖാന്‍ മുത്തഖി

40 വര്‍ഷത്തിനു ശേഷം അഫ്ഗാനിസ്ഥാനില്‍ ഞങ്ങള്‍ സമാധാനം കൊണ്ടുവന്നെന്നും തങ്ങളുടെ ക്ഷമയും ധൈര്യവും പരീക്ഷിക്കാന്‍ നില്‍ക്കരുതെന്നും പാക്കിസ്ഥാന് താലിബാന്റെ താക്കീത്.

ഇന്ത്യ അടുത്ത സുഹൃത്താണെന്നും ഇനിയും തീവ്രവാദം വളര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്നും താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖി. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുത്തഖി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോ‌‌ടു സംസാരിക്കുകയായിരുന്നു.

Signature-ad

ലഷ്‌കർ-ഇ-തൊയ്ബ, ജെയ്‌ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾ ദീർഘകാലമായി അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിച്ചിരുന്നു. എന്നാൽ കഴിഞ്ഞ നാല് വർഷത്തിനിടെ താലിബാൻ എല്ലാ ഭീകരരെയും തുടച്ചുനീക്കിയെന്നും മുത്തഖി അവകാശപ്പെട്ടു. പാക്കിസ്ഥാനും സമാധാനത്തിന്റെ സമാനപാത തുടരണം.

‘തീവ്രവാദ സംഘടനകളിലൊന്നുപോലും ഇന്ന് അഫ്ഗാനിസ്ഥാനിൽ ഇല്ല. ഒരിഞ്ച് ഭൂമി പോലും അവരുടെ നിയന്ത്രണത്തിലില്ല. ഞങ്ങളുടെ 2021ലെ ഓപ്പറേഷനിലൂടെ അഫ്ഗാന്‍ മാറി. പ്രശ്നങ്ങള്‍ സംഘര്‍ഷത്തിലൂടെ പരിഹരിക്കാനാവില്ല,  ഞങ്ങൾ ചർച്ചകൾക്ക് തയ്യാറാണ്. അവർ അവരുടെ പ്രശ്നങ്ങൾ സ്വയം പരിഹരിക്കണം.

അഫ്ഗാനിസ്ഥാൻ ഇപ്പോൾ ഒരു സ്വതന്ത്ര രാഷ്ട്രമാണ്. ഞങ്ങൾക്ക് സമാധാനം ഉണ്ടെങ്കിൽ മറ്റുള്ളവര്‍ക്ക് എന്തിനാണ് പ്രശ്നമെന്നും പാക്കിസ്ഥാനെ ഉന്നംവച്ച് അദ്ദേഹം ചോദിച്ചു. ആരെങ്കിലും അഫ്ഗാനികൾക്ക് പ്രശ്നങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒന്ന് സോവിയറ്റ് യൂണിയനോടും അമേരിക്കയോടും നാറ്റോയോടും ചോദിക്കണം. അഫ്ഗാനിസ്ഥാനുമായി കളിക്കുന്നത് നല്ലതല്ലെന്ന് അവർ പറഞ്ഞു തരുമെന്നും’ മുത്തഖി.

അഫ്ഗാനിസ്ഥാൻ ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നു. പരസ്പര ബഹുമാനം, വ്യാപാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ വര്‍ധിപ്പിക്കാനും അഫ്ഗാന്‍ ആഗ്രഹിക്കുന്നുവെന്നും മുത്തഖി. കാബൂളിലെ സാങ്കേതിക ദൗത്യത്തെ എംബസിയായി ഉയർത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കർ മുത്തഖിയുമായുള്ള കൂടിക്കാഴ്ചയിൽ പറഞ്ഞു.

Back to top button
error: