‘എന്റെ മകന്‍ വന്നിട്ടുണ്ട്, രാഹുല്‍ മാങ്കൂട്ടത്തില്‍’; വിഡിയോ പങ്കുവെച്ച് സീമ ജി. നായര്‍

കോഴിക്കോട്: ലൈംഗികാരോപണങ്ങളെത്തുടര്‍ന്ന് മാറി നിന്ന എംഎല്‍എ കെഎസ്ആര്‍ടിസി ബസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഡിയോ പങ്കുവെച്ച് നടി സീമ ജി. നായര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വയോധികയെ കാണാനെത്തിയതിന്റെ വിഡിയോയാണ് സീമ തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. ‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ’, എന്നും സീമ കുറിച്ചു.
വിഡിയോയില്‍ ഫോണില്‍ സംസാരിക്കുന്ന വയോധിക ‘എന്റെ മകന്‍ വന്നിട്ടുണ്ട്’ എന്ന് പറയുന്നതായി കേള്‍ക്കാം. രാഹുല്‍ മാങ്കൂട്ടത്തിലാണ് അത് എന്നും അവര്‍ പറയുന്നു. മറുതലയ്ക്കലുള്ള ആളോട് രാഹുല്‍ തന്റെ അടുത്തിരിക്കുന്നു എന്ന് പറഞ്ഞശേഷം ഫോണ്‍ രാഹുലിന് കൈമാറി. തുടര്‍ന്ന് രാഹുല്‍ അവരുമായി സംസാരിച്ചു.
വയോധിക രാഹുലിനെ ചേര്‍ത്തുപിടിക്കുന്നതായും തലോടുന്നതായും വിഡിയോയിലുണ്ട്. രാഹുലിനെ കണ്ട സന്തോഷം അവര്‍ വീഡിയോയില്‍ ഉടനീളം പങ്കുവെക്കുന്നു. തുടര്‍ന്ന് രാഹുലിനോട് ഒരു ക്ഷേത്രത്തില്‍ പോവാനും വഴിപാടുകള്‍ നടത്താനും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ പോയ സ്ത്രീ രാഹുലിന് വേണ്ടി വഴിപാട് കഴിച്ചതായി എംഎല്‍എയ്‌ക്കൊപ്പമെത്തിയ ആള്‍ പറയുന്നു.
‘ഇന്നുകണ്ട ഏറ്റവും സന്തോഷം നിറഞ്ഞ വീഡിയോ. രാഹുല്‍ മാങ്കൂട്ടത്തില്‍, ഇതുപോലെ ഒരുപാട് അമ്മമാരുടെ സ്‌നേഹവും പ്രാര്‍ഥനയും രാഹുലിനുണ്ട്’, എന്നായിരുന്നു വീഡിയോ പങ്കുവെച്ചുകൊണ്ട് നടി സീമ ജി. നായര്‍ കുറിച്ചത്. പോസ്റ്റിനെ വിമര്‍ശിച്ച് കമന്റിടുന്നവര്‍ക്ക് രൂക്ഷമായ ഭാഷയിലാണ് നടി മറുപടിയും നല്‍കുന്നുണ്ട്.






