Breaking NewsIndiaLead NewsNEWSNewsthen SpecialWorld

എവറസ്റ്റില്‍ വന്‍ ഹിമപാതം; ആയിരത്തോളം പേര്‍ കുടുങ്ങി; നേപ്പാളില്‍ കനത്ത മഴയില്‍ 47 മരണം; നൂറുകണക്കിനു പേരെ രക്ഷിച്ചെന്നു ചൈനീസ് സ്‌റ്റേറ്റ് മീഡിയ

കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടിയിൽ ഉണ്ടായ ശക്തമായ ഹിമപാതത്തെ തുടർന്ന് ടിബറ്റിനോട് ചേര്‍ന്ന കിഴക്കൻ ചരിവിൽ ആയിരത്തോളം പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മറ്റുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഒറ്റപ്പെട്ട ക്യാമ്പ്‌സൈറ്റുകളിലേക്കുള്ള പ്രവേശനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 4,900 മീറ്റര്‍ (16,000 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുള്ള പാതകളിലെ മഞ്ഞ് നീക്കം ചെയ്യാനായി നൂറുകണക്കിന് രക്ഷാപ്രവർത്തകരെയും പ്രദേശവാസികളെയും വിന്യസിച്ചിട്ടുണ്ട്.

ഇതുവരെ 350 ട്രെക്കർമാര്‍ കുഡാങ്ങിലെ ടൗൺഷിപ്പിൽ സുരക്ഷിതമായി എത്തിയതായാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള 200ലധികം പേരുമായി ബന്ധം സ്ഥാപിച്ചതായും ചൈന സെൻട്രൽ ടെലിവിഷൻ (സിസിടിവി) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചൈനയില്‍ എട്ട് ദിവസം ദേശീയ അവധിയായതിനാല്‍ എവറസ്റ്റിന്റെ താഴ്‌വരയിലേക്ക് നൂറുകണക്കിന് സന്ദർശകരാണ് എത്തിയിരുന്നത്. പ്രദേശത്ത് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച മഞ്ഞുവീഴ്ച ശനിയാഴ്ച മുഴുവൻ തുടർന്നതായാണ് ടിൻഗ്രി കൗണ്ടി ടൂറിസം കമ്പനി പറയുന്നത്. ഇതോടെ എവറസ്റ്റ് സീനിക് ഏരിയയിലേക്കുള്ള ടിക്കറ്റ് വിൽപ്പനയും പ്രവേശനവും ശനിയാഴ്ച വൈകുന്നേരം മുതൽ നിർത്തിവയ്ക്കുകയും ചെയ്തു. അതേസമയം, എവറസ്റ്റിന്റെ വടക്കൻ ഭാഗത്ത് ട്രക്കിങ് നടത്തുന്നവരെ ഹിമപാതം ബാധിച്ചിട്ടുണ്ടോ എന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഈ പ്രദേശം എളുപ്പത്തിൽ എത്തിച്ചേരാവുന്നതിനാൽ പതിവായി ധാരാളം വിനോദസഞ്ചാരികള്‍ എത്താറുണ്ട്. ഇന്ത്യൻ മൺസൂൺ അവസാനിക്കുന്ന ഒക്ടോബർ മാസം സഞ്ചാരികളുടെ പീക്ക് സീസണ്‍ കൂടിയാണ്.

Signature-ad

നേപ്പാള്‍ അതിര്‍ത്തിക്ക് സമീപം കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിലുകളും വെള്ളപ്പൊക്കവും ഉണ്ടായി. മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നതായാണ് റിപ്പോര്‍ട്ട്. റോഡുകൾ തടസ്സപ്പെടുകയും പാലങ്ങൾ ഒലിച്ചുപോവുകയും ചെയ്തു. റോയിറ്റേഴ്സ് റിപ്പോര്‍ട്ട് പ്രകാരം ഇതുവരെ 47 പേരാണ് മരിച്ചത്. ഇന്ത്യയുടെ അതിർത്തിയോട് ചേർന്നുള്ള കിഴക്കൻ ഇലാം ജില്ലയിലെ വിവിധ ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിലിൽ 35 പേർ മരിച്ചു. വെള്ളപ്പൊക്കത്തിൽ ഒമ്പത് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മൂന്ന് പേർ ഇടിമിന്നലേറ്റ് മരിക്കുകയും ചെയ്തു. ദുരന്ത ബാധിത പ്രദേശങ്ങളില്‍ നേപ്പാൾ സൈന്യം, നേപ്പാൾ പൊലീസ്, എപിഎഫ് ഉദ്യോഗസ്ഥർ എന്നിവർ രക്ഷാപ്രവർത്തനം തുടരുകയാണ്.

നേപ്പാള്‍ ജനതയ്ക്ക് ഒപ്പമെന്ന് മോദി

നേപ്പാളിലുണ്ടായ ദുരന്തത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഖം രേഖപ്പെടുത്തി. നേപ്പാളിലുണ്ടായ മരണങ്ങളും നാശനഷ്‌ടങ്ങളും അതീവ ദുഖകരമാണ്. ഈ കഠിനമായ സമയത്ത് ഇന്ത്യ നേപ്പാൾ ജനതയ്ക്കും സർക്കാരിനുമൊപ്പം നിൽക്കുന്നു. അയൽക്കാരനെന്ന നിലയിൽ ആവശ്യമായ ഏത് സഹായവും നൽകാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി എക്സില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: