അവര്‍ ചെയ്തുവെച്ചതിനെല്ലാം ഉത്തരവാദി ലാലായി, തലയില്‍നിന്നു ബാധ ഒഴിഞ്ഞതുപോലെ; ഒരു കടവും ബാക്കി വെക്കുന്നയാളല്ല! വില്യംസിന്റെ വീട്ടിലെ ചന്ദനപ്രതിമയുടെ കഥ…

ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്ന ഒരു വാക്കുണ്ട് മോഹന്‍ലാലായിരിക്കുക എന്നത് ഈസിയല്ലെന്ന്. ഇത്രയേറെ വിമര്‍ശനവും പരിഹാസവും ഏറ്റുവാങ്ങിയ മറ്റൊരു നടനുണ്ടോയെന്ന് സംശയമാണ്. നടന്റെ ഓരോ ചെറിയ തെറ്റ് പോലും വലിയ രീതിയില്‍ ഊതി പെരുപ്പിച്ച് കാണിക്കുന്ന പ്രവണതയുമുണ്ട്. ഇപ്പോഴിതാ തനിക്ക് അറിയാവുന്ന മോഹന്‍ലാല്‍ എങ്ങനെയുള്ള വ്യക്തിത്വമാണെന്ന് വെളിപ്പെടുത്തുകയാണ് പുതിയ വീഡിയോയിലൂടെ ആലപ്പി അഷ്റഫ്.
ലാലിന്റെ പേരിന് കളങ്കം പറ്റിയിട്ടുള്ളത് പലപ്പോഴും പലരേയും സഹായിക്കാന്‍ പോയപ്പോഴാണെന്ന് ആലപ്പി അഷ്റഫ് പറയുന്നു ക്യാമറമാന് വില്യംസിന്റെ ഭാര്യ ശാന്തി നടന് എതിരെ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും അഷ്റഫ് സംസാരിച്ചു. മോഹന്‍ലാലില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയാത്ത നാട്യങ്ങളില്ലാത്ത മനസിന്റെ ഉടമയാണ് എന്നതാണ്. ആരോടും ഒരു കുശുമ്പോ അസൂയയോ ഒന്നും ഇല്ല.
അതൊന്നും അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ പോലുമില്ല. എല്ലാവരോടും വലിപ്പ ചെറുപ്പമില്ലാതെ സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് അദ്ദേഹം പെരുമാറാറുള്ളത്. ഇതൊന്നും കേട്ടുകേള്‍വി വഴി കിട്ടിയ അറിവല്ല. എന്റെ അനുഭവത്തില്‍ നിന്നും നേരിട്ട് ഇടപഴകിയതില്‍ നിന്നും മനസിലാക്കിയ കാര്യങ്ങളാണ്. ലാലിന്റെ പേരിന് കളങ്കം പറ്റിയിട്ടുള്ളത് പലപ്പോഴും പലരേയും സഹായിക്കാന്‍ പോയപ്പോഴാണ്.
താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ലാല്‍ വന്നത് സ്വന്തം നേട്ടങ്ങള്‍ക്കോ പ്രശസ്തിക്കോ വേണ്ടിയല്ലെന്നത് എല്ലാവര്ക്കും അറിയാം. അമ്മയുടെ പ്രസിഡന്റായി നിന്ന സമയത്താണ് ലാലിന്റെ പേരിന് ഏറ്റവും കൂടുതല്‍ കളങ്കം വന്നത്. ആരെയും വേദനിപ്പിച്ച് സംസാരിക്കാനും കര്‍ക്കശമായ നിലപാട് എടുക്കാനും ലാലിനെ കൊണ്ടാവില്ല. അതുകൊണ്ട് അനീതികളില്‍ പലതും കണ്ടില്ല കേട്ടില്ലെന്ന് കരുതി വിട്ടുകളയേണ്ടതായിട്ടും വന്നു.
ലാലിന്റെ ഈ നിലപാട് പലര്‍ക്കും അരുതാത്തതൊക്കെ ചെയ്യാനുള്ള കാരണങ്ങളുമായി. അവര്‍ ചെയ്തുവെച്ചതിനെല്ലം ഉത്തരവാദി അവസാനം ലാല്‍ മാത്രമായി. അതില്‍ നിന്നെല്ലാം പുറത്ത് വന്നപ്പോള്‍ ലാലിന്റെ സമയം തെളിഞ്ഞുവെന്നത് പറയാതെ വയ്യ. അവിടെ നിന്നും പടിയിറങ്ങിയപ്പോള്‍ തന്നെ ലാലിന്റെ തലയില്‍നിന്നു ബാധ ഒഴിവായിയെന്ന് തന്നെ പറയാം. അടുത്തിടെ ക്യാമറമാന് വില്യംസിന്റെ ഭാര്യയും നടിയുമായ ശാന്തി ലാലിനെ കുറിച്ച് ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
വില്യംസിന്റെ മരണശേഷം ആ കുടുംബത്തെ തിരിഞ്ഞ് നോക്കിയില്ല, വീട്ടില്‍ നിന്നും ലക്ഷങ്ങള്‍ വിലയുള്ള ചന്ദന പ്രതിമ എടുത്ത് കൊണ്ടുപോയി, എയര്‍പോട്ടില്‍ വെച്ച് കണ്ടിട്ടും കാണാത്ത ഭാവത്തില്‍ നടന്നുപോയി എന്നിവയാണ് ആരോപണങ്ങള്‍. രണ്ടുകൂട്ടരുമായും അടുപ്പമുണ്ടായിരുന്ന വ്യക്തി എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാതെ വയ്യ.
മോഹന്‍ലാലിന് നല്ല തിരക്കുണ്ടായിരുന്ന സമയത്തും വില്യംസിന് പടം ചെയ്യാന്‍ വേണ്ടി അഡ്ജസ്റ്റ് ചെയ്ത് ഡെയ്റ്റ് കൊടുത്ത് ലാല്‍ സഹായിച്ചിട്ടുണ്ട്. അതും തുച്ഛമായ പ്രതിഫലത്തിന്. മോഹന്‍ലാലിന് വില്യംസിനോട് പ്രത്യേക സ്നേഹവും താല്പര്യവുമായിരുന്നു. വില്യംസിന്റെ മരണശേഷം ഞങ്ങളെ എല്ലാം കാണുമ്പോള്‍ ആ കുടുംബത്തിന്റെ വിശേഷങ്ങള്‍ ലാല്‍ തിരക്കുമായിരുന്നു. പുരാവസ്തുക്കളോട് ലാലിനുള്ള പ്രണയം എല്ലാവര്ക്കും അറിയാം.
വില്യംസിന്റെ വീട്ടിലെ പ്രതിമ ലാല്‍ എടുത്തുകൊണ്ട് പോയതാവില്ല. അങ്ങനെ ചെയ്യുന്നയാളുമല്ല. വില്യംസ് സ്നേഹത്തോടെ കൊടുത്തതാകും. പ്രതിമയ്ക്ക് പണം ചോദിച്ചിരുന്നുവെങ്കില്‍ ലാല്‍ അതും കൊടുക്കുമായിരുന്നു. ഒരു കടവും ബാക്കി വെക്കുന്നയാളല്ല. ഒരാള്‍ ഒരു ആവശ്യം പറഞ്ഞ് ലാലില്‍ നിന്നും സഹായം സ്വീകരിച്ചാല്‍ അത് അയാള്‍ പറഞ്ഞ കാര്യത്തിന് തന്നെ കൃത്യമായി വിനിയോഗിക്കുന്നുണ്ടോയെന്ന് ലാല്‍ ശ്രദ്ധിക്കും.
അങ്ങനെ ഉപയോഗിച്ചില്ലെങ്കില്‍ ലാല്‍ പിന്നെ അവരെ പരിഗണിക്കാത്ത പ്രകൃതക്കാരനാണെന്നും ആലപ്പി അഷ്റഫ് പറയുന്നു. കഴിഞ്ഞ ദിവസമാണ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ഡല്‍ഹിയില്‍ എത്തി മോഹന്‍ലാല്‍ സ്വീകരിച്ചത്.






