Breaking NewsLead NewsNEWSWorld

കണ്ടിട്ടും കണ്ടിട്ടും കൊതിതീരാതെ! ട്രംപുമായി വീണ്ടും പാക് പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച, കൂട്ടിന് സൈനിക മേധാവിയും; മഹാന്‍മാരായ നേതാക്കളെന്ന് സര്‍ട്ടിഫിക്കറ്റും

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും സൈനിക മേധാവി അസീം മുനീറും. വൈറ്റ് ഹൗസില്‍ ആയിരുന്നു കൂടിക്കാഴ്ച. യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായിരുന്നു ഷെഹബാസ് ഷെരീഫ് യുഎസില്‍ എത്തിയത്. പിന്നാലെയാണ് യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഇരുവരും വാഷിങ്ടണില്‍ എത്തിയത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ഷഹബാസ് ഷെരീഫ് വൈറ്റ് ഹൗസില്‍ എത്തിയത്. പിന്നാലെ പാക് സൈനിക മേധാവിയും ട്രംപിന്റെ ഔദ്യോഗിക വസതിയില്‍ എത്തുകയായിരുന്നു. വൈകീട്ട് 6.18 വരെ കൂടിക്കാഴ്ച നീണ്ടു. കൂടിക്കാഴ്ചയ്ക്കിടെ നിരവധി കരാറുകളില്‍ ഉള്‍പ്പെടെ നേതാക്കള്‍ ഒപ്പുവച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൂടിക്കാഴ്ചയില്‍ മാധ്യമങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.

Signature-ad

അതേസമയം, കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഇന്ത്യ – പാക് സംഘര്‍ഷം ഉള്‍പ്പെടെ ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ താന്‍ ഇടപെട്ടെന്ന വാദം ആവര്‍ത്തിച്ചു. ഷെഹബാസ് ഷെരീഫിനെയും, അസിം മുനീറിനെയും വാനോളം പുകഴ്ത്താനും ട്രംപ് പ്രസ്താവനയില്‍ തയ്യാറായി. പാക് പ്രധാനമന്ത്രിയും സൈനികമേധാവിയും വൈറ്റ്ഹൗസ് സന്ദര്‍ശിക്കുന്നതിന് മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇരുവരെയും ‘മഹാന്‍മാരായ നേതാക്കളെ’ന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പാകിസ്ഥാനും അമേരിക്കയും തമ്മില്‍ ബന്ധം ശക്തമാകുന്നു എന്ന നിലയില്‍ അടുത്തിടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇന്ത്യ – പാക് സംഘര്‍ഷത്തിന് പിന്നാലെ പാക് സൈനിക മേധാവി വൈറ്റ് ഹൗസില്‍ എത്തി ട്രംപിനെ കണ്ടിരുന്നു. ഇതിന് പിന്നാലെ ട്രംപിന് നെബേല്‍ പുരസ്‌കാരത്തിന് പാകിസ്ഥാന്‍ നാമ നിര്‍ദേശം ചെയ്യുകയും ചെയ്തിരുന്നുന്നു. 2019 ല്‍ ഇമ്രാന്‍ ഖാന് ശേഷം ഇതാദ്യമായാണ് പാക് പ്രധാനമന്ത്രി വൈറ്റ് ഹൗസില്‍ എത്തുന്നത്.

അമേരിക്കയും പാകിസ്ഥാനും തമ്മില്‍ ഒപ്പുവച്ച കരാറുകളില്‍ എണ്ണ ഇറക്കുമതി തീരുവ 19 ശതമാനമാക്കി നിജപ്പെടുത്തുന്നത് ഉള്‍പ്പെടെയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്റെ എണ്ണ ശേഖരം വര്‍ധിപ്പിക്കുന്നതിലും യുഎസ് സഹകരണം ഉണ്ടകും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യുഎസ് – പാകിസ്ഥാന്‍ വ്യാപാരങ്ങളിലും അടുത്തിടെ വര്‍ധന ഉണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023-നെ അപേക്ഷിച്ച് 6.3 ശതമാനം (523.0 മില്യണ്‍ യുഎസ് ഡോളര്‍) വര്‍ധനയോടെ 10.1 ബില്യണ്‍ യുഎസ് ഡോളറാണ് യുഎസ് പാകിസ്ഥാന്‍ ചരക്ക് വ്യാപാരത്തിന്റെ കണക്ക്.

 

Back to top button
error: