സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത് ഉപജീവനമാണ്… 73 കാരനായ ലോട്ടറി കച്ചവടക്കാരനില്‍നിന്ന് 10 ടിക്കറ്റുകള്‍ തട്ടിയെടുത്തത് കുട്ടികളുമായി ബൈക്കിലെത്തിയ ആള്; കോട്ടയത്ത് ലോട്ടറി തട്ടിപ്പ് പെരുകുന്നു

കോട്ടയം: ലോട്ടറിക്കച്ചവടക്കാരില്‍നിന്ന് ടിക്കറ്റും പണവും തട്ടിയെടുക്കുന്നത് പതിവാകുന്നു. കറുകച്ചാല്‍ മുതല്‍ ചമ്പക്കര പള്ളിപ്പടിവരെ നടന്ന് ലോട്ടറി കച്ചവടം ചെയ്യുന്ന നെടുംകുന്നം കുളത്തുങ്കര സുരേന്ദ്രന്റെ കൈയില്‍നിന്ന് 10 ടിക്കറ്റുകളാണ് കഴിഞ്ഞ ദിവസം ബൈക്കിലെത്തിയ ആള് തട്ടിയെടുത്തത്.
ഇരു കാല്‍മുട്ടുകള്‍ക്കും തേയ്മാനമുള്ള 73-കാരനായ സുരേന്ദ്രന് ഊന്നുവടിയുടെ സഹായത്തോടെയാണ് നടന്ന് കച്ചവടം ചെയ്യുന്നത്. നെത്തല്ലൂരിന് സമീപം കച്ചവടം ചെയ്യുമ്പോള്‍ രണ്ടുകുട്ടികളുമായി ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ചയാള്‍ ടിക്കറ്റുകള്‍ വാങ്ങിയശേഷം രക്ഷപ്പെടുകയായിരുന്നു.
കറുകച്ചാല്‍, നെടുംകുന്നം, ചമ്പക്കര, മാന്തുരുത്തി പ്രദേശങ്ങളില്‍ മുമ്പും പലവട്ടം ലോട്ടറി വില്പനക്കാര് തട്ടിപ്പിന് ഇരയായിട്ടുണ്ട്. കഴിഞ്ഞമാസം നെടുംകുന്നം കവലയിലെ ലോട്ടറിക്കടയില്‍ നമ്പര്‍ തിരുത്തിയ ടിക്കറ്റ് നല്കി കടയുടമ എസ്.എല്‍. മഞ്ജുവില്‍നിന്ന് അയ്യായിരം രൂപ തട്ടിയെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം നെരിയാനായി പൊയ്കയില്‍ റോഡരികില്‍ ലോട്ടറി കച്ചവടം നടത്തുന്ന ഭിന്നശേഷിക്കാരന്റെ പണവും ടിക്കറ്റുകളുമടങ്ങിയ ബാഗ് തട്ടിയെടുത്തു.
നെടുംകുന്നം മോജിന്‍ഭവനില്‍ മോഹനന്റെ ടിക്കറ്റുകളും ബൈക്കിലെത്തിയവര്‍ തട്ടിയെടുത്തിരുന്നു. നെത്തല്ലൂര്‍ ക്ഷേത്രത്തിന് സീമപത്തും സമാനമായ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. പ്രായമായ ലോട്ടറിക്കച്ചവടക്കാര്‍ക്ക് വ്യാജനോട്ടുകള്‍ നല്‍കിയും ടിക്കറ്റുകള്‍ തട്ടിയെടുക്കാറുണ്ട്.
നമ്പരുകള്‍ തിരുത്തി പലവട്ടം കച്ചവടക്കാരില്‍നിന്ന് പണംതട്ടി. പലരും പരാതികളുമായി മുന്നോട്ട് പോകാറില്ല. പരാതി നല്‍കിയിട്ടും തട്ടിപ്പുകാരെ പിടികൂടിയില്ലെന്ന് ലോട്ടറി കച്ചവടക്കാര്‍ പറയുന്നു.






