Breaking NewsKeralaLead NewsNewsthen Specialpolitics

ഭക്തിയില്‍ ആര്‍എസ്എസുകാര്‍ എട്ടാംക്ലാസ്സില്‍ എട്ടുതവണ തോറ്റവരെന്ന് എം.വി. ജയരാജന്‍ ; ഗുരുവായൂരില്‍ പാവങ്ങള്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകള്‍

പത്തനംതിട്ട: ഗുരുവായൂരില്‍ പാവപ്പെട്ടവര്‍ക്ക് കൃഷ്ണനെ തൊഴാന്‍ അവകാശം നേടിക്കൊടുത്തത് കമ്യൂണിസ്റ്റുകളായ എകെജിയും കൃഷ്ണപിള്ളയുമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജന്‍. അയ്യപ്പസംഗം നടത്തിയപ്പോള്‍ പിണറായിക്ക് ഭക്തിയുണ്ടോയെന്നാണ് ചിലര്‍ ചോദിക്കുന്നതെന്നും ഭക്തിയില്‍ സിപിഎമ്മുകാര്‍ പിഎച്ച്ഡി യാണെന്നും പറഞ്ഞു.

എകെജിയും കൃഷ്ണപിള്ളയും അന്ന് സമരം ചെയ്തപ്പോഴും ഭക്തിയുണ്ടോയെന്ന് ചോദ്യമുയര്‍ന്നിരുന്നെന്നും പറഞ്ഞു. ഭക്തിയില്‍ സിപിഐഎമ്മുകാര്‍ പിഎച്ച്ഡിയും ആര്‍എസ്എസുകാര്‍ എട്ടാം ക്ലാസില്‍ എട്ടുതവണ തോറ്റവരാണെന്നും പരിഹസിച്ചു. ആഗോള അയ്യപ്പസംഗമം നടത്തിയപ്പോള്‍ പിണറായി വിജയന്‍ അയ്യപ്പഭക്തനാണോ എന്ന ചോദ്യം ഉയര്‍ത്തിയാണ് ബിജെപി വിമര്‍ശിച്ചത്.

Signature-ad

എന്നാല്‍ ഭഗവത്ഗീതയില്‍ ഭക്തനെക്കുറിച്ച് പറഞ്ഞിരിക്കുന്ന വിശകലനം അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്യുന്ന വേളയില്‍ മുഖ്യമന്ത്രി ഉദ്ധരിച്ചിരുന്നു. വര്‍ഗ്ഗീയവാദികള്‍ ഭക്തരല്ലെന്നും എല്ലാവരേയും സമഭാവനയോടെ കാണുന്നയാളാണ് ഭക്തനെന്നും ജാതി മത വര്‍ണ്ണ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്ത് എല്ലാവരും വന്നുചേരുന്ന സന്നിധിയാണ് ശബരിമലയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ആഗോള അയ്യപ്പസംഗമത്തിന് ബദലായി ഹിന്ദുഐക്യവേദി സംഘടിപ്പിച്ച ശബരിമല വിശ്വാസി സംഗമത്തില്‍ ഇതിന് തമിഴ്‌നാട് മുന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ മറുപടിയും നല്‍കിയിരുന്നു. ദൈവമേ ഇല്ലെന്ന് പറയുന്നവര്‍ ഭഗവത് ഗീതയെപ്പറ്റി ക്ലാസ് എടുക്കുകയാണെന്നും നരകത്തിലേക്ക് മനുഷ്യന്‍ പോകാന്‍ മൂന്നു വഴികള്‍ ഭഗവത്ഗീതയില്‍ പറയുന്നുണ്ട്. അത് മൂന്നും ചെയ്യുന്നയാളാണ് പിണറായി വിജയനെന്നും അണ്ണാമലൈ പ്രസംഗത്തില്‍ ഉദ്ധരിച്ചു.

ആഗോള അയ്യപ്പസംഗമത്തിന്റെ വേദിയിലേക്ക് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രിയുടെ കാറില്‍ എത്തിയതില്‍ ദുരുദ്ദേശ്യപരമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പത്തനംതിട്ടയില്‍ നിന്ന് കാറില്‍ പുറപ്പെടുമ്പോള്‍ അവിടെയുണ്ടായിരുന്ന വെള്ളാപ്പള്ളിയെ കാറില്‍ കയറ്റാതെ അകറ്റേണ്ട കാര്യമുണ്ടോയെന്നും ജയരാജന്‍ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പ ഭക്തനെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകാര്‍ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ആദര്‍ശത്തിനായി നിരീശ്വരവാദം പറയുമെങ്കിലും അയ്യപ്പനെ കാണാനെത്തുന്ന 90 ശതമാനം പേരും മാര്‍ക്സിസ്റ്റ് കമ്മ്യൂണിസ്റ്റുകാരാണ്. ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ട്. പണ്ട് എന്തെങ്കിലും പറഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. പിണറായി തന്നെ രണ്ടുതവണ ഇവിടെ വന്നിട്ടുണ്ട്. ഭക്തനല്ലെങ്കില്‍ അദ്ദേഹം വരുമോ എന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.

Back to top button
error: