ഫീസ് ഉയര്‍ത്തുന്നത് അമേരിക്കന്‍ ഗ്രാമങ്ങളില്‍ പണിയാകും ; ഡോക്ടര്‍മാരുടെ ക്ഷാമം ഉണ്ടാകുമെന്ന് വിലയിരുത്തല്‍ ; എച്ച്1 ബി വിസ നിബന്ധനയില്‍ നിന്നും ഡോക്ടര്‍മാരെ ഒഴിവാക്കാന്‍ ആലോചന

വാഷിംഗ്ടണ്‍: കുടിയേറ്റ നിയന്ത്രണത്തിന്റെ ഭാഗമായി ട്രംപ് ഭരണകൂടം കൊണ്ടുവന്നിരിക്കുന്ന എച്ച1ബി വിസാ നിബന്ധനയില്‍ നിന്നും ഡോക്ടര്‍മാരെ ഒഴിവാക്കിയേക്കുമെന്ന് സൂചന. അമേരിക്കയിലെ ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാരുടെ ക്ഷാമം രൂക്ഷമാവാനുള്ള സാധ്യത പ്രധാന മെഡിക്കല്‍ സംഘടനകള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ ഇളവ് കൊണ്ടുവരുന്നത്.
അതിവിദഗ്ദ്ധര്‍ക്കുള്ള എച്ച്-1ബി വിസ അപേക്ഷകര്‍ക്ക് ഫീസ് 100,000 ഡോളര്‍ ആക്കി അടുത്തിടെ അമേരിക്ക ഉയര്‍ത്തിയിരുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പിട്ട വിജ്ഞാപനത്തില്‍ ‘സാധ്യമായ ഒഴിവാക്കലുകള്‍ അനുവദിക്കുന്നു എന്നും ഡോക്ടര്‍മാരും മെഡിക്കല്‍ റെസിഡന്റ്‌സും ഉള്‍പ്പെടാമെന്ന് വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലര്‍ റോജേഴ്‌സ് ബ്ലൂംബര്‍ഗ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച പുറത്തിറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ അനുസരിച്ച്, ചില തൊഴിലാളികളെ വ്യക്തിഗതമായി നിയമിക്കുന്നതോ, ഒരു പ്രത്യേക കമ്പനിക്കോ വ്യവസായത്തിനോ വേണ്ടി ജോലി ചെയ്യുന്നതോ ‘ദേശീയ താല്‍പ്പര്യത്തിന്’ അനുസൃതമാണെന്ന് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി തീരുമാനിച്ചാല്‍ ഉയര്‍ന്ന അപേക്ഷാ ഫീസ് ഒഴിവാക്കാന്‍ സാധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
എന്നാല്‍ പുതിയതായി നിര്‍ദ്ദേശിച്ച വിസ ഫീസ് യുഎസിലേക്ക് വരുന്ന അന്താരാഷ്ട്ര മെഡിക്കല്‍ ബിരുദധാരികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ കാരണമാകുമെന്ന് മെഡിക്കല്‍ പ്രൊഫഷണലുകള്‍ മുന്നറിയിപ്പ് നല്‍കി. ഒരു എച്ച്-1ബി വിസ അപേക്ഷയ്ക്ക് നിലവില്‍ 215 ഡോളറാണ് ഫീസ്. മറ്റ് ചില ചെറിയ പ്രോസസിംഗ് ചാര്‍ജുകളും ഇതിനുണ്ട്.
വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചതിന് ശേഷം, നിലവിലുള്ള വിസ ഉടമകള്‍ക്ക് ഈ ഫീസ് ബാധകമല്ലെന്നും, വിദേശത്തേക്ക് യാത്ര ചെയ്യുന്ന അവരുടെ എച്ച്-1ബി ജീവനക്കാര്‍ 100,000 ഡോളര്‍ നല്‍കാതെ തന്നെ യുഎസില്‍ വീണ്ടും പ്രവേശിക്കാന്‍ സാധിക്കുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ ആശങ്കയിലായ കമ്പനികള്‍ക്ക് ഉറപ്പ് നല്‍കാന്‍ ശ്രമിച്ചു.






