ആരെയും നിരാശരാക്കില്ല! ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് പിന്നാലെ പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനവുമായി സര്‍ക്കാര്‍. പലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 29 ന് തിരുവനന്തപുരത്താണ് സമ്മേളനം നടക്കുക. പലസ്തീന്‍ അംബാസിഡര്‍ മുഖ്യ അതിഥിയാകും. കേരള മീഡിയ അക്കാദമിയാണ് പരിപാടിയുടെ സംഘാടകര്‍.ഈ മാസം 30 ന് പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 29ന് ഫോട്ടൊ എക്‌സിബിഷന്‍ നടക്കും.
‘ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരള’ എന്ന പേരിലുള്ള മാധ്യമോത്സവം സെപ്തംബര്‍ 30ന് വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും കേരള പത്രപ്രവര്‍ത്തക യൂണിയന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്.
മൂന്നു ദിവസത്തെ മാധ്യമോത്സവത്തില്‍ മാധ്യമപ്രവര്‍ത്തകരും മാധ്യമ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ പങ്കെടുക്കുന്ന പരിപാടികളാണ് നടക്കുന്നത്. അന്തര്‍ദ്ദേശീയ പ്രശസ്തയായ ആഫ്രിക്കയില്‍ നിന്നുളള മാധ്യമപ്രവര്‍ത്തക മറിയം ഔഡ്രഗോ, പ്രമുഖ മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, രവീഷ് കുമാര്‍, രാജ്ദീപ് സര്‍ദേശായി എന്നിവര്‍ അക്കാദമി അവാര്‍ഡുകള്‍ ഏറ്റുവാങ്ങുന്നതിന് എത്തും.
‘മീഡിയ ഫോര്‍ ട്രൂത്ത്, മീഡിയ ഫോര്‍ പീസ്’ എന്ന സ്ലോഗന്‍ ഉയര്‍ത്തുന്ന ഫെസ്റ്റിവലില്‍ ഗാസയില്‍ രക്തസാക്ഷികളായ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആദരവേകുന്ന ചിത്രപ്രദര്‍ശനവും സംഗമവും ഉണ്ടാകും. ‘കേരള റിയല്‍ സ്റ്റോറി’ അനാവരണം ചെയ്യുന്ന ഫോട്ടോ എക്സിബിഷനും പ്രത്യേക സെഷനും ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ജി.എസ്.പ്രദീപ് നയിക്കുന്ന ക്വിസ്പ്രസ്സും ഇതിനോടൊപ്പം നടത്തുമെന്നും മീഡിയ അക്കാദമി അറിയിച്ചു.






