Breaking NewsKeralaLead NewsNEWSNewsthen Special

‘മോദി വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ്; ശബരിമല പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബി.ജെ.പിക്കും ആഗ്രഹമില്ല; ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ക്രൈസ്തവ വിശ്വാസിയായ ഉമ്മന്‍ചാണ്ടി’

പാലക്കാട്: ശബരിമല വിഷയത്തില്‍ ബിജെപിയെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വിഷയത്തില്‍ ഭരണഘടനാപരമായ പരിഹാരം കണ്ടെത്തുമെന്ന് 2019ലെ പ്രകടനപത്രിയില്‍ പറഞ്ഞ ബി.ജെ.പിക്ക് പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ആഗ്രഹമൊന്നുമില്ലെന്ന് സന്ദീപ് വാര്യര്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്യുകയും ജന്മഭൂമി പത്രത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വെണ്ടയ്ക്കനിരത്തുകയും ചെയ്ത സംഘപരിവാറിന് എങ്ങനെ ആഗ്രഹമുണ്ടാവാനാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ ചോദിച്ചു.

‘നരേന്ദ്രമോദി പത്തനംതിട്ടയില്‍ വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ് അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനം പാലിച്ചില്ല. കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ആചാരലംഘനത്തെ അനുകൂലിച്ചു. പിന്നീട് ഭക്തരുടെ വികാരം എതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്ത്രപൂര്‍വ്വം നിലപാട് മാറ്റുകയായിരുന്നു. ശബരിമലയില്‍ ആചാര സംരക്ഷണത്തിനുവേണ്ടി കൃത്യമായ നിലപാടെടുത്ത ഏക പാര്‍ട്ടിയും സര്‍ക്കാരും കോണ്‍ഗ്രസിന്റെതായിരുന്നു.

Signature-ad

ക്രൈസ്തവ വിശ്വാസിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആ സത്യവാങ്മൂലമാണ് പിണറായി സര്‍ക്കാര്‍ തിരുത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശബരിമലയില്‍ ആചാര സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന സമയത്ത് യുവതി പ്രവേശനം അനുവദിക്കണം എന്നതായിരുന്നു സംഘപരിവാര്‍ നിലപാട്’ -സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടി.

സന്ദീപിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

2019ലെ ബിജെപി പ്രകടനപത്രിയില്‍ ശബരിമല പ്രശ്നത്തില്‍ ഭരണഘടനാപരമായ പരിഹാരം കണ്ടെത്തുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് വീണ്ടുമൊരു തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും ബിജെപി വാഗ്ദാനം പാലിച്ചില്ല. നരേന്ദ്രമോദി പത്തനംതിട്ടയില്‍ വന്ന് ഗുജറാത്തിയില്‍ ശരണം വിളിച്ചു പോയതാണ്. ശബരിമല പ്രശ്നം പരിഹരിക്കപ്പെടണമെന്ന് ബിജെപിക്കും ആഗ്രഹമൊന്നുമില്ല.

എങ്ങനെ ആഗ്രഹമുണ്ടാവാനാണ്.. സുപ്രീംകോടതി വിധി വന്ന ഉടനെ അതിനെ സ്വാഗതം ചെയ്യുകയായിരുന്നു സംഘപരിവാര്‍. ജന്മഭൂമി പത്രത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് വെണ്ടയ്ക്കനിരത്തി. കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ ആചാരലംഘനത്തെ അനുകൂലിച്ചു. പിന്നീട് ഭക്തരുടെ വികാരം എതിരാണെന്ന് മനസ്സിലാക്കിയപ്പോള്‍ തന്ത്രപൂര്‍വ്വം നിലപാട് മാറ്റുകയായിരുന്നു.

ശബരിമലയില്‍ ആചാര സംരക്ഷണത്തിനുവേണ്ടി കൃത്യമായ നിലപാടെടുത്ത ഏക പാര്‍ട്ടിയും സര്‍ക്കാരും കോണ്‍ഗ്രസിന്റെതായിരുന്നു. ക്രൈസ്തവ വിശ്വാസിയായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശബരിമലയിലെ ആചാരം സംരക്ഷിക്കണമെന്ന് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആ സത്യവാങ്മൂലമാണ് പിണറായി സര്‍ക്കാര്‍ തിരുത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശബരിമലയില്‍ ആചാര സംരക്ഷണത്തിന് വേണ്ടി വാദിക്കുന്ന സമയത്ത് യുവതി പ്രവേശനം അനുവദിക്കണം എന്നതായിരുന്നു സംഘപരിവാര്‍ നിലപാട്.

സുപ്രീംകോടതിയില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ശ്രീ സുകുമാരന്‍ നായര്‍ സ്വീകരിച്ച ധീരമായ നിലപാട് ഈ അവസരത്തില്‍ വിസ്മരിക്കാന്‍ പാടുള്ളതല്ല. ആചാര സംരക്ഷണത്തിന് വേണ്ടി കെ പരാശരനെ കൊണ്ടുവന്ന് സുപ്രീംകോടതിയില്‍ കേസ് നടത്തിയ എന്‍എസ്എസ് നേതൃത്വത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.

ശബരിമല സിപിഎമ്മിനും ബിജെപിക്കും പൊളിറ്റിക്കല്‍ ടൂള്‍ മാത്രമാണ്. യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് വേണ്ടി നിലകൊണ്ടത് കോണ്‍ഗ്രസും യുഡിഎഫ് സര്‍ക്കാരുമാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയ സംഗമങ്ങള്‍ക്ക് അയ്യന്റെ പേര് ഉപയോഗിക്കുന്നത് യഥാര്‍ത്ഥ വിശ്വാസികള്‍ അംഗീകരിക്കുകയില്ല.

 

Back to top button
error: