Breaking NewsKeralaLead NewsNEWSNewsthen Special

തിരുവനന്തപുരത്ത് മരുതംകുഴിയില്‍ വാടക വീടെടുത്തു, കൊച്ചിക്കായി അങ്കമാലിയിലും; ഇനി മലബാറിലും വേണം; ദീപ് ദാസ് മുന്‍ഷി കേരളത്തില്‍ നിറയും; സംസ്ഥാന യാത്രയുമായി രാഹുലും പ്രിയങ്കയും എത്തും; കേരളം പിടിക്കാനുറച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച ഉറപ്പാക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാണ്ട് നേരിട്ട് ഇടപെടും. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിഹാര്‍ മോഡലില്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര സംസ്ഥാനത്ത് നടത്തിയേക്കും. 14 ജില്ലകളിലൂടെയും സഞ്ചരിക്കുന്ന യാത്രയില്‍ രാഹുലിനൊപ്പം വയനാട് എംപി കൂടിയായ പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. കോണ്‍ഗ്രസിനെ താഴെ തട്ടില്‍ ശക്തമാക്കാനാണ് ഇത്. ഗ്രൂപ്പ് പോരുകളില്‍ ഉഴലുന്ന കോണ്‍ഗ്രസിന് പുതിയ ഊര്‍ജ്ജം അനിവാര്യതയാണെന്ന് കോണ്‍ഗ്രസ് ഹൈക്കമാണ്ടിനെ മുസ്ലീം ലീഗ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് രാഹുല്‍ തന്നെ പട നയിക്കാന്‍ നേരിട്ട് എത്തുന്നത്. പ്രിയങ്കയും സജീവ പ്രചരണ മുഖമായി മാറും. ‘ഡൂ ഓര്‍ ഡൈ’ എന്നാണ് ഹൈക്കമാന്‍ഡ് പ്രതിനിധിയ്ക്ക് മുസ്ലീം ലീഗ് നല്‍കിയ നിര്‍ദ്ദേശം.

ഇനി തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. കേരളത്തില്‍ ഭരണം വീണ്ടും നഷ്ടപ്പെടുത്തുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് കോണ്‍ഗ്രസിനും അറിയാം. ദേശീയ തലത്തില്‍ പോലും ഇത് പാര്‍ട്ടിക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് രാഹുല്‍ യാത്രയുമായി കേരളത്തില്‍ എത്തുന്നത്. ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെങ്കിലും യാത്ര നടത്താന്‍ ധാരണ ആയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും പാര്‍ട്ടിയുടെ ദേശീയനേതാക്കളും താരപ്രചാരകരായി എത്തും. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി തിരുവനന്തപുരത്തും കൊച്ചിയിലും വീട് വാടകയ്ക്കെടുത്തു.

Signature-ad

വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് ക്യാംപ് ചെയ്ത് പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. തിരുവനന്തപുരത്ത് ഇന്ദിരാഭവനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ അകലെ മരുതംകുഴിയിലാണ് വീട് വാടകയ്ക്കെടുത്തത്. കൊച്ചിയില്‍ വിമാനത്താവളത്തില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ അപ്പുറം അങ്കമാലിയിലാണ് വീട്. മലബാറിലും വീട് നോക്കുന്നുണ്ട്. അതായത് മിക്കവാറും എല്ലാ ദിവസവും കേരളത്തില്‍ ദീപ് ദാസ് മുന്‍ഷിയുണ്ടാകും. ഹോട്ടലില്‍ താമസിച്ച് പ്രവര്‍ത്തകരുമായുള്ള ചര്‍ച്ച നടത്തുക എന്നത് ഏറെ പ്രശ്നങ്ങളുണ്ടാക്കുന്നു. ഈ സാഹചര്യത്തിലാണ് വീട് എടുക്കുന്നത്. ഇതിലൂടെ ചെലവും കുറയും. അത്യാഡംബരം കോണ്‍ഗ്രസിന് വേണ്ടെന്ന സന്ദേശം കൂടിയാണ് ഇത്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള മൂന്ന് എഐസിസി സെക്രട്ടറിമാരും ഈ വീടുകളിലായിരിക്കും താമസിക്കുക എന്നാണ് വിവരം. വീടുകളുടെ പരിപാലന ചുമതല കെപിസിസിക്ക് ആയിരിക്കും. സംസ്ഥാനത്ത് എത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരെല്ലാം ഹോട്ടലുകളിലാണ് തങ്ങിയിരുന്നത്. വീരപ്പ മൊയ്‌ലി, ഗുലാം നബി ആസാദ്, മധുസൂദനന്‍ മിസ്ത്രി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം സംസ്ഥാനത്ത് എത്തിയാല്‍ നിശ്ചയിച്ചിരുന്ന പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു പതിവ്. ഇതിനാണ് മറ്റം വരുത്തുന്നത്.

സംസ്ഥാനത്ത് കൂടുതല്‍ ദിവസം നില്‍ക്കുകയും രണ്ടാംനിര നേതാക്കളോട് അടക്കം ആശയവിനിമയം നടത്തുകയുമാണ് ദീപദാസ് മുന്‍ഷി. വിവിധ ജില്ലകളിലെ ഡിസിസി നേതൃയോഗങ്ങളിലും മറ്റും പങ്കെടുക്കുന്നുമുണ്ട്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയ തെലങ്കാനയിലും ദീപാദാസ് മുന്‍ഷി വീട് എടുത്താണ് താമസിച്ചിരുന്നത്.

 

 

 

 

Back to top button
error: