
ദുബായ്: ഏഷ്യകപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയ്ക്കെതിരെ അര്‍ധ സെഞ്ചറി നേടിയതിന് പിന്നാലെ പാക് ഓപ്പണര്‍ സാഹിബ്സാദാ ഫര്‍ഹാന്‍റെ വിവാദ ആഘോഷം. ഇന്ത്യന്‍ ബോളര്‍മാരെ കൂസലില്ലാതെ നേരിട്ട ഫര്‍ഹാന്‍ പത്താം ഓവറിലെ മൂന്നാമത്തെ പന്തിലാണ് അര്‍ധസെഞ്ചറി തികച്ചത്. സിക്സടിച്ച് 50 തികച്ചതിന് പിന്നാലെ ബാറ്റെടുത്ത് തോക്ക് പോലെയാക്കി ‘വെടിയുതിര്‍ത്താ’യിരുന്നു ഫര്‍ഹാന്‍റെ ആഘോഷം. പതിവില്ലാത്ത തരം ആഘോഷം കണ്ട് നോണ്‍ സ്ട്രൈക്കറായ സയിം അയുബ് അമ്പരപ്പോടെ നോക്കുന്നതും വിഡിയോയില്‍ കാണാം.
ട്വന്‍റി20യില്‍ ഫര്‍ഹാന്‍റെ നാലാം അര്‍ധ സെഞ്ചറിയാണിത്. 50 തികച്ചതിന് പിന്നാലെ ഫര്‍ഹാന് താളം നഷ്ടപ്പെട്ടു. ഒടുവില്‍ 15–ാം ഓവറില്‍ ശിവം ദുബെയ്ക്ക് വിക്കറ്റ് നല്‍കി ഫര്‍ഹാന്‍ മടങ്ങി. ഇന്നിങ്സിന്‍റെ തുടക്കത്തിലേ ഫര്‍ഹാന്‍റെ വിക്കറ്റ് വീഴേണ്ടതായിരുന്നു. പാണ്ഡ്യ എറിഞ്ഞ പന്ത് ഫര്‍ഹാന്‍റെ ഔട്ട്സൈഡ് എഡ്ജില്‍ നിന്ന് ഉയര്‍ന്ന് പൊങ്ങി തേഡ്മാനിലേക്ക് എത്തിയെങ്കിലും അഭിഷേകിന്‍റെ കൈപ്പിടിയില്‍ നിന്ന് വഴുതി. വീണുകിട്ടിയ ജീവനുമായാണ് ഫര്‍ഹാന്‍ പിന്നീട് അര്‍ധ സെഞ്ചറി തികച്ചത്.
ഏഷ്യക്കപ്പില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടിയത്. ഗ്രൂപ്പ് മല്‍സരത്തിലും ഇന്ത്യ പാകിസ്ഥാനെ നിലംപരിശാക്കിയിരുന്നു. മുന്‍മല്‍സരത്തിലേത് പോലെ ഇരു ക്യാപ്റ്റന്‍മാരും ടോസിന് ശേഷം ഹസ്തദാനം നടത്തിയില്ല. ടോസിന്‍റെ സമയത്ത് ടീം ലിസ്റ്റ് കൈമാറുന്ന പതിവും ക്യാപ്റ്റന്‍മാര്‍ ഇന്നലെ തെറ്റിച്ചു. മാച്ച് റഫറിക്കാണ് ഇരുവരും ടീം ലിസ്റ്റ് കൈമാറിയത്.






