Breaking NewsIndiaLead NewsNEWSNewsthen SpecialWorld

ഓപ്പറേഷന്‍ സിന്ദൂറില്‍ ലഷ്‌കറെ താവളം തച്ചുതകര്‍ത്തു; പാകിസ്താന്റെ വാദം തള്ളി ലഷ്‌കറെ കമാന്‍ഡറുടെ വീഡിയോ പുറത്ത്; പോരാളികള്‍ക്ക് ജന്‍മം കൊടുത്ത സ്ഥലം; പഴയതിനെക്കാള്‍ വലിയ മര്‍ക്കസ് തയിബ പണിയുമെന്നും പ്രഖ്യാപനം

ഇസ്ലാമാബാദ്: ഓപറേഷന്‍ സിന്ദൂറില്‍ സാരമായ നാശനഷ്ടം സംഭവിച്ചിട്ടില്ലെന്ന പാക് വാദം തള്ളി ലഷ്‌കര്‍ കമാന്‍ഡറുടെ വെളിപ്പെടുത്തല്‍. ലഷ്‌കറെ തയിബ കമാന്‍ഡര്‍ ഖ്വാസിമിന്റെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടിഞ്ഞു പൊളിഞ്ഞ് കല്‍ക്കൂമ്പാരമായി കിടക്കുന്ന കെട്ടിടത്തിന് മുകളില്‍ ക്വാസിം നില്‍ക്കുന്നതായാണ് വിഡിയോയില്‍ കാണുന്നത്. പഞ്ചാബ് പ്രവിശ്യയിലെ മര്‍കസ് തയിബ ഭീകരത്താവളം തകര്‍ത്തുവെന്ന ഇന്ത്യയുടെ വാദം ശരി വയ്ക്കുന്നതാണ് ദൃശ്യങ്ങള്‍. ‘മര്‍കസ് തയിബയ്ക്ക് മുന്നിലാണ് താന്‍ നില്‍ക്കുന്നതെന്നും ആക്രമണത്തില്‍ ഇത് തകര്‍ന്നു പോയി, പക്ഷേ ഇത് വീണ്ടും പണിയുമെന്നും പഴയതിനെക്കാള്‍ വലുതാക്കുമെന്നും വൈറല്‍ ക്ലിപ്പില്‍ ഖ്വാസിം പറയുന്നു.

ഭീകരന്‍മാരുടെ പരിശീലന കേന്ദ്രമായിരുന്നു ഇതെന്ന ഇന്ത്യയുടെ വെളിപ്പെടുത്തലിനെയും ഖ്വാസിം ശരിവയ്ക്കുന്നുണ്ട്. ‘മുജാഹിദ്ദീനുകളും, തലാബകളുമായി നിരവധി പോരാളികള്‍ക്ക് ജന്‍മം കൊടുത്ത കേന്ദ്രമാണിതെന്നും പൂര്‍വാധികം കരുത്തോടെ തിരിച്ചുവരു’ മെന്നും ഖ്വാസിം വിഡിയോയില്‍ വ്യക്തമാക്കുന്നു. മുജാഹിദ്ദീനിലെ വന്‍ പോരാളികള്‍ പരിശീലനം നേടിയതും വിജയം വരിച്ചതും ഇവിടെ നിന്നാണെന്നും ഖ്വാസിം വിശദീകരിക്കുന്നു.

Signature-ad

ദൗറ ഇ സഫ പരിപാടിയില്‍ പങ്കുചേരാന്‍ യുവാക്കള്‍ തയാറാകണമെന്നും മറ്റൊരു വിഡിയോയില്‍ ഖ്വാസിം ആവശ്യപ്പെടുന്നുണ്ട്. 2000 ലാണ് മര്‍കസ് തയിബയില്‍ ലഷ്‌കറിന്റെ ഭീകരത്താവളം പ്രവര്‍ത്തനം തുടങ്ങിയത്. ആയുധ പരിശീലനം, ശാരീരികക്ഷമത മെച്ചപ്പെടുത്താനുള്ള പരിശീലനം എന്നിവയ്ക്ക് പുറമെ പാക്കിസ്ഥാനുള്ളില്‍ നിന്നും പുറത്തുനിന്നും എത്തുന്ന യുവാക്കളിലേക്ക് തീവ്രവാദ ആശയങ്ങള്‍ കുത്തി നിറയ്ക്കുന്ന ക്ലാസുകളും ഇവിടെ നടത്തിയിരുന്നുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബഹവല്‍പുറിലെ മര്‍ക്കസ് സുബാനള്ള കേന്ദ്രവും ഇന്ത്യയുടെ ആക്രമണത്തില്‍ പൂര്‍ണമായി തകര്‍ന്നിരുന്നുവെന്ന ജെയ്‌ഷെ കമാന്‍ഡര്‍ ഇല്യാസ് കശ്മീരി കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ബഹവല്‍പുറിലെ ആക്രമണത്തില്‍ ജെയ്‌ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങളെ നഷ്ടമായെന്നും ഇല്യാസ് സ്ഥിരീകരിച്ചു. 2015 മുതലാണ് ബഹവല്‍പുറിലെ ഭീകരത്താവളം പ്രവര്‍ത്തനക്ഷമമായത്. ഇത് ജയ്‌ഷെയുടെ മുഖ്യ പരിശീലന കേന്ദ്രവുമായിരുന്നു.

പുല്‍വാമ ആക്രമണമടക്കം നടത്താനുള്ള ഗൂഢാലോചന ഇവിടെ വച്ചാണ് പാക് ഭീകരര്‍ നടത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പഹല്‍ഗാമിലെ പാക് സ്‌പോണ്‍സേര്‍ഡ് ഭീകരാക്രമണത്തിന് മറുപടിയായി പാക്കിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരത്താവളങ്ങളിലാണ് ഇന്ത്യ നിയന്ത്രിതവും കൃത്യവുമായ ആക്രമണം നടത്തിയത്. lashkar-commander-admits-operation-sindoor-destroyed-paks-muridke-camp

 

Back to top button
error: