ഒറ്റപ്പൈസ പോലും ഞാന്‍ എടുത്തില്ല, ഇപ്പോള്‍ എല്ലാ കുറ്റവും എന്റെമേല്‍; ബിജെപി നേതാവിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന് ബിജെപി നേതാക്കളോടു പറഞ്ഞിരുന്നെന്ന് പോലീസ്

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കൗണ്‍സിലറും ബിജെപി നേതാവുമായ തിരുമല അനിലിനെ സ്വന്തം ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ എട്ടരയോടെയാണ് അനില്‍ ഓഫീസിലെത്തിയത്. തിരുമല ജംഗ്ഷനിലുള്ള കോര്‍പ്പറേഷന്റെ ഷോപ്പിങ് കോംപ്ലക്സിനുള്ളിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. അനില്‍കുമാര്‍ പ്രസിഡന്റായ വലിയശാല ഫാം ടൂര്‍ സൊസൈറ്റി ആറു കോടിയോളം രൂപ വായ്പ നല്‍കിയിട്ടുണ്ട്.
സൊസൈറ്റിയില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുകയും നിക്ഷേപകര്‍ക്കു പണം തിരികെ കൊടുക്കാന്‍ കഴിയാതെ വരികയും ചെയ്തതോടെ തമ്പാനൂര്‍ പൊലീസില്‍ പരാതികള്‍ വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ സൊസൈറ്റിയിലെ മറ്റാരും സഹായിച്ചില്ലെന്ന് വ്യക്തമാക്കുന്ന ആത്മഹത്യക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
പ്രതിസന്ധി ഉണ്ടായതോടെ താന്‍ ഒറ്റപ്പെട്ടുവെന്നും താനോ കുടുംബമോ ഒരു പൈസ പോലും എടുത്തിട്ടില്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുറ്റവും തനിക്കായെന്നും അതുകൊണ്ടു ജീവനൊടുക്കുകയാണെന്നുമാണ് അനില്‍കുമാര്‍ ആത്മഹത്യക്കുറിപ്പില്‍ പറയുന്നത്.
ജീവനൊടുക്കാന്‍ ശ്രമിക്കുമെന്ന് മുന്‍പും പല കൗണ്‍സിലര്‍മാരോടും അടുത്ത ആളുകളോടും അനില്‍ പറഞ്ഞിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഫാം ടൂര്‍ എന്ന കോര്‍പ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വം അനിലിനായിരുന്നു. 15 വര്‍ഷത്തിലേറെയായി ഇതിന്റെ പ്രസിഡന്റ് സ്ഥാനത്താണ് അനില്‍. പതുക്കെ ഈ സഹകരണ സംഘം സാമ്പത്തികമായി തകര്‍ന്നുതുടങ്ങി. എടുത്ത ലോണ്‍ തിരിച്ചുകിട്ടാതെയായതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. പലരും നിക്ഷേപങ്ങള്‍ പിന്‍വലിച്ചു. നിക്ഷേപകര്‍ക്ക് പണം തിരികെ നല്കാന് കഴിയാതെയായി. റിക്കവറി നേരിടുന്ന സാഹചര്യവുമുണ്ടായി.
ബാങ്കിന്റെ തകര്‍ച്ച മറികടക്കാന്‍ കൂടെയുള്ളവര്‍ സഹായിച്ചില്ലെന്നാണ് അനില്‍ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ബിജെപി നേതാക്കളോട് ഇക്കാര്യം പലതവണ പറഞ്ഞെങ്കിലും പരിഹാരമുണ്ടായില്ല. വിഷയത്തില്‍ പാര്‍ട്ടിയും സംരക്ഷണം നല്‍കിയില്ല. ഇതിന്റെ പേരില്‍ തന്റെ ഭാര്യയെയും മക്കളെയും ആക്രമിക്കരുതെന്നും കുറിപ്പില്‍ പറയുന്നു. ബിജെപിയുടെ തിരുവനന്തപുരം സിറ്റി ജില്ലാ സെക്രട്ടറി കൂടിയായിരുന്നു തിരുമല അനില്‍. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും ഇയാള്‍ പങ്കെടുത്തിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






