ആഗോള അയ്യപ്പ സംഗമത്തിന് തുടക്കം; പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നു മുഖ്യമന്ത്രി; ഭഗവദ് ഗീതയിലെ ശ്ളോകം ചൊല്ലി തുടക്കം; ശബരിമല വികസനത്തില്‍ അയ്യപ്പ ഭക്തരുടെ അഭിപ്രായം തേടുമെന്നും പിണറായി വിജയന്

പത്തനംതിട്ട: ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പമ്പാതീരത്ത് ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒൻപതരയോടെയാണ് മുഖ്യമന്ത്രി സംഗമവേദിയിൽ എത്തിയത്. തന്ത്രി സംഗമത്തിന് തിരി തെളിയിച്ച് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. ദേവസ്വംമന്ത്രി വിഎൻ വാസവനാണ് മുഖ്യമന്ത്രിയെ സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ കാറിലാണ് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സംഗമവേദിയിലേക്കെത്തിയത്.
ശബരിമലയ്ക്ക് വേറിട്ട തനതായ ചരിത്രവും ഐതിഹ്യവും ഉണ്ടെന്നും അത് സമൂഹത്തിലെ അധസ്ഥിതരുമായി ബന്ധപ്പെട്ടതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. ശബരി ഗോത്ര സമൂഹത്തിൽ നിന്നുള്ള ഒരു തപസ്വിനിയായിരുന്നു. ആ ശബരിയുടെ പേരിലാണ് പിന്നീട് ആ സ്ഥലം അറിയപ്പെട്ടത്. അതാണ് ശബരിമല. ഭേദചിന്തകൾക്കും വേർതിരിവുകൾക്കും അതീതമായ മതാതീത ആത്മീയത ഉദ്ഘോഷിക്കുന്ന ആരാധനാലയമാണിത്. ഈ ആരാധനാലയത്തെ ശക്തിപ്പെടുത്തണം. അയ്യപ്പ ഭക്തർ ലോകത്തെല്ലാമുണ്ട്. അതുകൊണ്ടാണ് ഇതിന് ആഗോള സ്വഭാവം കൈവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീർഥാടകർക്ക് എന്താണ് വേണ്ടത് എന്ന് സർക്കാരും ദേവസ്വം ബോർഡും ഏകപക്ഷീയമായി തീരുമാനിക്കുകയല്ല വേണ്ടത്. അയ്യപ്പ ഭക്തരോട് കൂടി ആലോചിച്ചാണ് ചെയ്യേണ്ടത്. ഭക്തി കേവലം ഒരു പരിവേഷമായി അണിയുന്നവർക്ക് പ്രത്യേക അജണ്ടയുണ്ടാകും. അത് മുൻനിർത്തി ഭക്തജന സംഗമം തടയാൻ അവർ ശ്രമിച്ചു. അത് നമുക്ക് ബാധകമല്ല. സുപ്രീം കോടതി തന്നെ ആ നീക്കങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗീതാ നിർവചനത്തിന് നിരക്കുന്ന വിധം ഭക്തിയുള്ളവരുടെ സംഗമമാണിതെന്ന് ഭഗവത് ഗീതയിലെ ശ്ലോകം ഉദ്ധരിച്ചാണ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. എല്ലാ ജാതിമത ചിന്തകൾക്കും വിശ്വാസങ്ങൾക്കുമപ്പുറം എല്ലാവരും ഒന്നിച്ചെത്തുന്ന സ്ഥലമാണ് ശബരിമല. ചാന്ദോക്യ ഉപനിഷത്തും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു.
ശബരിമലയുടെ സ്വീകാര്യത സാർവത്രികമാക്കും. എന്തുകൊണ്ടാണ് ഇത്ര കാലം നടത്താത്ത സംഗമം ഇപ്പോൾ നടത്തുന്നത് എന്നാണ് ചിലരുടെ ചോദ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാറുന്ന കാലത്തിന് അനുസരിച്ച് ഉയർന്നു ചിന്തിക്കുന്നതു കൊണ്ടാണ് ഇപ്പോൾ ഇത് നടത്തുന്നത് എന്നാണ് ഉത്തരം. ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ല. എന്നാൽ ദേവസ്വം ബോർഡിന് സർക്കാർ പണം നൽകുന്നുമുണ്ട്. അതുകൊണ്ടാണ് തുച്ഛമായ വരുമാനമുള്ള ക്ഷേത്രങ്ങളിൽ അന്തിത്തിരി തെളിയുന്നത്. മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ 148 കോടിയോളം രൂപ സർക്കാർ ചെലവാക്കി കഴിഞ്ഞുവെന്നും പിണറായി വിജയൻ പറഞ്ഞു.
സർക്കാർ അങ്ങോട്ട് കൊടുക്കുന്നത് കാണാതെയാണ് സർക്കാർ പണം കൊണ്ടു പോകുന്നു എന്ന കള്ളപ്രചരണം നടക്കുന്നത്. മറ്റൊരു കള്ളപ്രചരണം നടക്കുന്നുണ്ട്. സർക്കാർ ന്യൂനപക്ഷസംഗമം നടത്തുന്നു എന്നാണത്. സർക്കാരിനെതിരെ ഒരു നനഞ്ഞ പടക്കമെങ്കിലും എറിയാനാണ് ശ്രമം. സർക്കാരിനെ മോശമാക്കാൻ ചില മാധ്യമങ്ങൾ ദുരുദ്ദേശ്യത്തോടെ പ്രചരണം നടത്തുന്നത് ശരിയാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചില കേന്ദ്രങ്ങൾ ബോധപൂർവം നുണ പ്രചരിപ്പിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷ സംഗമത്തിൻ്റെ പൊരുൾ എന്താണ്?
2031 ൽ കേരളം എങ്ങനെയൊക്കെ വികസിക്കണം എന്ന് സർക്കാർ ആലോചിക്കുന്നു. ഇതിന് അനുബന്ധിച്ച് കേരളത്തിൻ്റെ ഇതുവരെയുള്ള വികസനം വിലയിരുത്തുക. ഭാവി പ്രവർത്തനം എങ്ങനെ സംഘടിപ്പിക്കണമെന്ന് ആലോചിക്കാൻ വിവിധ വകുപ്പുകൾ 33 സെമിനാറുകൾ നടത്തുന്നുണ്ട്. ഈ 33 നും തുല്യ പ്രാധാന്യമാണുള്ളത്. ഇതിൽ ഒന്നു മാത്രമാണ് ന്യൂനപക്ഷ വകുപ്പിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. അതും ഒരു വകുപ്പാണ്. ഈ 33 ൽ അതു മാത്രം അടർത്തിയെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
അയ്യപ്പ സംഗമം പെട്ടെന്ന് എടുത്ത തീരുമാനമല്ല. മലേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും പലരും വിളിച്ച് ശബരിമല വികസനത്തെ കുറിച്ച് പറയാറുണ്ട്. അവിടെയാണ് ആഗോള അയ്യപ്പ സംഗമത്തെ കുറിച്ചുള്ള ചിന്തകൾക്ക് തുടക്കമായത്. ശബരി റെയിൽപാതയുടെ കാര്യത്തിൽ പച്ചനുണ പ്രചരിപ്പിക്കാൻ ശ്രമം നടന്നു. ഒരടിസ്ഥാനവും ഇല്ലാത്ത വാർത്ത പച്ചനുണയായി പ്രചരിപ്പിക്കുന്നു.
ശബരി റെയിലിൻ്റെ പകുതി പണം സംസ്ഥാന സർക്കാർ നൽകും എന്ന നിലയിൽ തന്നെയാണ് നിൽക്കുന്നത്. വിമാനത്താവളത്തിനുള്ള എല്ലാ അനുമതികളും ഡിസംബറിൽ കിട്ടുമെന്നാണ് കരുതുന്നത്. അടുത്ത വർഷത്തോടെ സ്ഥലമേറ്റെടുപ്പ് പൂർത്തിയാകും. 2026 ൽ സ്ഥലമേറ്റെടുപ്പിന് ശേഷം വിമാനത്താവളം നിർമ്മാണത്തിലേക്ക് കടക്കും. എല്ലാവരേയും ചേർത്ത് പിടിച്ചാണ് ശബരിമല വികസനം ലക്ഷ്യമിടുന്നത്. അതിനായാണ് അയ്യപ്പ സംഗമം നടത്തുന്നതെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ആഗോള അയ്യപ്പ സംഗമവേദിയിലെ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്. ദേവസ്വം മന്ത്രി മുഖ്യമന്ത്രിക്ക് അയ്യപ്പവിഗ്രഹം ഉപഹാരമായി നൽകുകയും ചെയ്തു.






