Breaking NewsIndiaLead NewsNEWSNewsthen SpecialWorld

എല്ലാം ട്രംപിന്റെ തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍? അമേരിക്ക കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്നു മുന്നറിയിപ്പ് നല്‍കി സാമ്പത്തിക വിദഗ്ധര്‍; ഉത്പാദന മേഖലയില്‍ ലക്ഷണങ്ങള്‍; കരകയറുക എളുപ്പമാകില്ലെന്നും വിലയിരുത്തല്‍

സാമ്പത്തിക നയത്തിലെ പാളിച്ചകള്‍ക്ക് പുറമെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപാര്‍ട്‌മെന്റിനുള്ള ഫണ്ട് വെട്ടിക്കുറച്ചതും പ്രതികൂലമായി ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്. നിര്‍മാണ ഉത്പാദന മേഖലകളിലാണ് നിലവില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്

ന്യൂയോര്‍ക്ക്: ട്രംപിന്റെ അസാധാരണ ഭരണസാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പിന്നാലെ യുഎസ് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുന്നെന്നു മുന്നറിയിപ്പ്. മൂഡീസ് അനലറ്റിക്‌സിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ സാന്‍ഡിയുടേതാണ് മുന്നറിയിപ്പ്. ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ താരിഫും ഡോജും അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയ്ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സാന്‍ഡി വെളിപ്പെടുത്തിയത്. മാന്ദ്യത്തിലേക്ക് വീണാല്‍ അതെത്രത്തോളം ആഴത്തിലേക്ക് പോകുമെന്ന് പറയാന്‍ പോലും പറ്റില്ലെന്നും സാമ്പത്തിക നയങ്ങളാണ് വില്ലനെന്നും സാന്‍ഡി കൂട്ടിച്ചേര്‍ത്തു.

അമേരിക്കയുടെ മഹത്വം തിരികെപ്പിടിക്കാനെന്ന പേരില്‍ ട്രംപ് കൊണ്ടുവന്ന നയങ്ങള്‍ യുഎസിന് കടുത്ത ആഘാതമാണ് ഒരുക്കുന്നതെന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. താരിഫിന് പുറമെ കുടിയേറ്റത്തിലേര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണം, ഫെഡറല്‍ റിസര്‍വ് തീരുമാനങ്ങള്‍ എന്നിവയാണ് വിനയായതെന്ന് സാന്‍ഡി പറയുന്നു.

Signature-ad

നിലവിലെ സ്ഥിതിഗതികള്‍ എല്ലാ മേഖലയിലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നു. മാത്രവുമല്ല, ഈ സാഹചര്യങ്ങളെ തുടര്‍ന്ന് ആളുകളെ ജോലികള്‍ക്കായി നിയമിക്കുന്നതും ബിസിനസുകളിലേക്ക് നിക്ഷേപമെത്തുന്നതും അനിയന്ത്രിതമായി വൈകുകയും ചെയ്യുന്നു. ഇത് സാമ്പത്തിക വളര്‍ച്ചയെ മന്ദീഭവിപ്പിക്കുകയാണെന്നും വിലക്കയറ്റത്തെ ത്വരിതപ്പെടുത്തുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. ഈ അവസ്ഥയ്ക്ക് അടിസ്ഥാനം സാമ്പത്തിക നയമാണെന്നും സാന്‍ഡി വിമര്‍ശിക്കുന്നു.

സാമ്പത്തിക നയത്തിലെ പാളിച്ചകള്‍ക്ക് പുറമെ ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപാര്‍ട്‌മെന്റിനുള്ള ഫണ്ട് വെട്ടിക്കുറച്ചതും പ്രതികൂലമായി ബാധിച്ചുവെന്നും വിലയിരുത്തലുണ്ട്. നിര്‍മാണ ഉത്പാദന മേഖലകളിലാണ് നിലവില്‍ സാമ്പത്തിക മാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ട്രംപിന്റെ ഇറക്കുമതി തീരുവയുടെ ഭാരം അമേരിക്കയിലെ ഉപഭോക്താക്കളിലേക്ക് ഇതുവരെ പൂര്‍ണമായി എത്തിയിട്ടില്ല. എന്നാല്‍ അതിന് അധികം കാലതാമസമുണ്ടാകില്ലെന്നും സാധനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കി ഉപഭോക്താക്കള്‍ വലയുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും സാന്‍ഡി വ്യക്തമാക്കുന്നു.

മാസങ്ങള്‍ക്കുള്ളില്‍ വില വര്‍ധന സാധാരണ പൗരന്‍മാരെയും ബാധിക്കുമെന്നും ഗാര്‍ഹിക ചെലവുകള്‍ കുത്തനെ കൂടുമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സാമ്പത്തിക മാന്ദ്യം തൊഴിലവസരങ്ങള്‍ ഗണ്യമായി കുറയുന്നതിന് വഴിതെളിക്കും. മാന്ദ്യത്തിലേക്ക് പൂര്‍ണമായും സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീണാല്‍ ആരും സുരക്ഷിതരാവില്ലെന്ന മുന്നറിയിപ്പും സാന്‍ഡി നല്‍കുന്നു.

അതേസമയം, ഏറ്റവുമൊടുവിലെ പരിഷ്‌കാരമെന്ന നിലയില്‍ ഇന്ത്യക്കാരടക്കമുള്ളവരെ ബാധിക്കുന്ന എച്ച്1ബി പരിഷ്‌കാരവും ഉടന്‍ നിലവില്‍ വരും. ഫീസ് ഒരു ലക്ഷം ഡോളര്‍ ആയാണ് ഉയര്‍ത്തിയത്. നിലവില്‍ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ ഐടി പ്രൊഫഷനലുകള്‍ക്കും ചെറുകിട കമ്പനികള്‍ക്കും താങ്ങാനാകാത്ത ഫീസ് ആണിത്. എന്നാല്‍, ടെക്‌നോളജി രംഗത്ത് അമേരിക്കക്കാര്‍ക്ക് അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നടപടി ആണിതെന്ന് ട്രംപ് പ്രതികരിച്ചു.

വൈദഗ്ധ്യം ആവശ്യമുള്ള തൊഴില്‍ മേഖലകളില്‍ വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കുന്ന നോണ്‍-ഇമിഗ്രന്റ് വിസയാണ് എച്ച്1ബി വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാന്‍സ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴില്‍ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. തൊഴിലാളികള്‍ക്ക് ഇത് അപേക്ഷിക്കാന്‍ കഴിയില്ല. വിസ ലഭിക്കുന്നതിനായി യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസില്‍ ആണ് അപേക്ഷ നല്‍കേണ്ടത്.

മൂന്ന് വര്‍ഷത്തെ കാലാവധിയാണ് എച്ച്1ബി വിസയ്ക്കുള്ളത്. ഇത് നീട്ടാന്‍ സാധിക്കും. എച്ച്1ബി വിസകള്‍ ഏറ്റവും കൂടുതല്‍ കിട്ടുന്നത് ഇന്ത്യക്കാര്‍ക്ക് ആണ്. അതുകൊണ്ട് തന്നെ ഇതില്‍ കനത്ത തിരിച്ചടി ലഭിക്കുന്നതും ഇന്ത്യാക്കാര്‍ക്ക് തന്നെയാകും. 2020 മുതല്‍ 2023 കാലയളവില്‍ ആകെ അനുവദിച്ച എച്ച്1ബി വീസകളുടെ 73% ഇന്ത്യക്കാര്‍ ആയിരുന്നു.

ഇതിനിടെ, കഴിഞ്ഞ ദിവസം സിന്തറ്റിക് ഓപിയോയിഡ് വിഭാഗത്തില്‍ പെട്ട ഫെന്റാനൈല്‍ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഇന്ത്യന്‍ വ്യവസായികളുടെയും കോര്‍പ്പറേറ്റ് തലവന്‍മാരുടെയും കുടുംബാംഗങ്ങളുടെയും വിസ അമേരിക്ക റദ്ദാക്കി. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളില്‍ നിന്ന് അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണായക തീരുമാനമെന്നാണ് ദില്ലിയിലെ അമേരിക്കന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

മാരക കെമിക്കല്‍ മയക്കുമരുന്നുകളുടെ ഉപയോഗം കുറക്കുക എന്നത് ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമെന്നാണ് വിശദീകരണം. ഇത്തരക്കാര്‍ക്ക് ഭാവിയില്‍ യു.എസിലേക്ക് പ്രവേശനം നിഷേധിക്കും. എന്നാല്‍ ആരുടെയെല്ലാം വിസയാണ് റദ്ദാക്കിയതെന്ന പേര് വിവരങ്ങള്‍ പുറത്ത് അമേരിക്ക വിട്ടിട്ടില്ല. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. അനധികൃതമായി മയക്കുമരുന്ന് ഉല്‍പ്പാദിപ്പിക്കുകയും കടത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും യു.എസിലേക്ക് പ്രവേശനം നിഷേധിക്കുന്നതുള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ്. എംബസി വ്യക്തമാക്കി.

 

Back to top button
error: