രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭഛിദ്ര ആരോപണം; ഇരയോട് നേരില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ഗര്‍ഭഛിദ്ര ആരോപണത്തില്‍, ക്രൈംബ്രാഞ്ച് ഇരയായ യുവതിയോട് നേരില്‍ സംസാരിച്ച മാധ്യമപ്രവര്‍ത്തകയുടെ മൊഴിയെടുത്തു. രാഹുലിനെതിരെ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വെളിപ്പെടുത്തലുകളില്‍ ഉറച്ചു നില്ക്കുന്നതായി ഇവര്‍ മൊഴി നല്കി. ഇരയായ യുവതിയുടെ പക്കല്‍ നിന്ന് ലഭിച്ച ചില നിര്‍ണായക തെളിവുകളും മാധ്യമപ്രവര്‍ത്തക അന്വേഷണസംഘത്തിന് കൈമാറിയതായാണ് സൂചന.
ഇരയായ തിരുവനന്തപുരം സ്വദേശിനിയോട് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേശിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ വനിതാ ഡിഐജി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ഗര്‍ഭഛിദ്ര ആരോപണങ്ങളില്‍ പ്രത്യേക അന്വേഷണസംഘം നടപടികള്‍ തിടുക്കത്തിലാക്കിയത്. ഇരയായ 26കാരിയുമായി ആഴ്ചകള്‍ക്ക് മുമ്പ് നേരില്‍ സംസാരിക്കുകയും തുടര്‍ന്ന് അവരുടെ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്ത മാധ്യമപ്രവര്‍ത്തകയെ കൊച്ചിയിലെത്തി കണ്ടാണ് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തിയത്.
എംഎല്‍എയ്ക്ക് എതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മൊഴി നല്കിയ മാധ്യമപ്രവര്‍ത്തക നിര്‍ണായക തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായാണ് വിവരം. ഇതുവരെ പുറത്തുവന്ന വിവാദ ശബ്ദരേഖകളുടെ പൂര്‍ണരൂപം ഉള്‍പ്പെടെയുള്ള തെളിവുകള്‍ അന്വേഷണസംഘത്തിന് ഇവര്‍ നല്‍കിയിട്ടുണ്ട്. ഗര്‍ഭഛിദ്രം നടത്തിയ യുവതിയുടെ വെളിപ്പെടുത്തലുകളും ശബ്ദരേഖയില്‍ ഉള്ളതായാണ് സൂചന.
സംഭവം പുറംലോകം അറിഞ്ഞാല്‍ താന്‍ ജീവനൊടുക്കുമെന്ന് രാഹുല്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദരേഖയില്‍ ഇരയായ യുവതി വെളിപ്പെടുത്തുന്നുണ്ട്. മാനസികാരോഗ്യം വീണ്ടെടുത്ത ശേഷം ക്രൈംബ്രാഞ്ച് അന്വേഷണത്തോട് യുവതി സഹകരിച്ചാല്‍ കൈവശമുള്ള കൂടുതല്‍ തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാമെന്നും മാധ്യമപ്രവര്‍ത്തക വ്യക്തമാക്കിയതായാണ് വിവരം.






