എന്റെ നെഞ്ചത്തോട്ട് കയറുന്നത് എന്തിന്? ആരോപണങ്ങള്‍ സിപിഎം അന്വേഷിക്കട്ടെയെന്ന് വി.ഡി. സതീശന്‍; പ്രതിപക്ഷ നേതാവിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എംഎല്‍എ ഉണ്ണിക്കൃഷ്ണന്‍; ഷാജഹാനെതിരേ നിയമ നടപടി

തിരുവനന്തപുരം: സിപിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിനാണ് ഏതൊരു പ്രശ്‌നം വന്നാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്നും ഈ പ്രശ്‌നത്തില്‍ ആദ്യം സിപിഎം അന്വേഷിക്കട്ടെയെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാപകമായ പ്രചരണം സിപിഎം ഹാന്‍ഡിലുകള്‍ നടത്തിയിരുന്നു.
അതുകൊണ്ടുതന്നെ ഈ സംഭവം കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഉണ്ടായേക്കും. സിപിഎം ഹാന്‍ഡിലുകള്‍ ഒരു മാന്യതയും കഴിഞ്ഞ ഒരു മാസക്കാലമായി കാണിച്ചിട്ടില്ലല്ലോ ഇപ്പോള്‍ നിലനില്‍ക്കുന്ന സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഇതുസംബന്ധിച്ച വാര്‍ത്തകള്‍ ഉണ്ടായേക്കാം. പക്ഷേ അതൊന്നും തന്റെ തലയില്‍ കൊണ്ടിടാന്‍ ശ്രമിക്കണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു.
സ്ത്രീ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വിഷയങ്ങള്‍ കോണ്‍ഗ്രസിന് മുന്നിലെത്തിയപ്പോള്‍ കൃത്യമായ നടപടിയെടുത്തത്. കെ ജെ ഷൈനുമായി ബന്ധപ്പെട്ട വാര്‍ത്ത എങ്ങനെയാണ് പുറത്ത് പോയതെന്ന ഉണ്ണികൃഷ്ണന്‍ എംഎല്‍എയുടെ പ്രസ്താവനയിലുണ്ട്. ഇക്കാര്യം സിപിഎം ആണ് അന്വേഷിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രതിപക്ഷ നേതാവാണെന്ന് കരുതുന്നില്ലെന്ന് വൈപ്പിന്‍ എം.എല്‍.എ. കെ.എന്‍. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിനോ പ്രധാന നേതാക്കള്‍ക്കോ ഇതില്‍ പങ്കുണ്ടെന്ന് കരുതുന്നില്ല. ആരോപണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്നും വിശ്വസിക്കുന്നില്ല. ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും എന്നാല്‍ യൂട്യൂബില്‍ ഈ പ്രചാരണം തുടങ്ങിയത് കെ.എം. ഷാജഹാനാണെന്നും ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഇത് നുണപ്രചാരണമാണെന്നും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
satheesan-cyber-attack-allegations






