Breaking NewsLead NewsNewsthen Special

റിട്ട. ഐഎഎസുകാരന്‍ മുതല്‍ ടിവി അവതാരകന്‍ വരെ; കനഗോലുവിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ പുതുമുഖങ്ങള്‍, മൂന്നു തവണ തോറ്റ ലിജുവിന് സീറ്റില്ല?

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം നില്‍ക്കെ പുതുമുഖങ്ങളേയും വിവിധ മേഖലകളില്‍ ശ്രദ്ധേയരായ വ്യക്തിത്വങ്ങളേയും അണിനിരത്താനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനഗോലുവിന്റെ നേതൃത്വത്തിലാണ് സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. കനഗോലുവും സ്വതന്ത്ര ഏജന്‍സിയും നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനര്‍ഥികളുടെ ഷോര്‍ട്ട് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്. മത സാമുദായിക സന്തുലിതാവസ്ഥയടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനങ്ങള്‍.

സര്‍വേകളുടേയും ചര്‍ച്ചകളുടേയും അടിസ്ഥാനത്തില്‍, വിരമിച്ച ഐഎഎസ് ഓഫീസര്‍ ബിജു പ്രഭാകര്‍ മുതല്‍ കെഎസ്‌യു നേതാക്കളായ ആന്‍ സെബാസ്റ്റ്യന്‍, അലോഷ്യസ് സേവ്യര്‍, ഐടി പ്രൊഫഷണലായ രഞ്ജിത്ത് ബാലന്‍ ഉള്‍പ്പെടെയുള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമുദായ സമവാക്യങ്ങളും പ്രാദേശിക കരുത്തും തൂക്കി നോക്കി പുതുമുഖങ്ങളെയാണ് പാര്‍ട്ടി അണിനിരത്താന്‍ ആലോചിക്കുന്നത് എന്നാണ് വിവരം.

Signature-ad

ആലപ്പുഴ ജില്ലയില്‍, മുന്‍ ധനമന്ത്രി തച്ചടി പ്രഭാകരന്റെ മകന്‍ ബിജു പ്രഭാകറാണ് ശ്രദ്ധാകേന്ദ്രം. കെഎസ്ആര്‍ടിസിയിലും കെഎസ്ഇബിയിലും ഭരണപരമായ റെക്കോര്‍ഡുള്ള ആളാണ് ബിജു പ്രഭാകര്‍. 2021ല്‍ കായംകുളത്ത് ആവേശകരമായ പോരാട്ടം നടത്തിയ അരിത ബാബുവിനെ ചേര്‍ത്തലയിലേക്കോ ആറ്റിങ്ങലിലേക്കോ മറ്റൊരു ഈഴവ ഭൂരിപക്ഷ സീറ്റിലേക്കോ മാറ്റിയേക്കും. ജവഹര്‍ ബാല്‍ മഞ്ചിന്റെ ദേശീയ ചെയര്‍മാനും കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി എന്നിവരുടെ അടുപ്പക്കാരനുമായി കണക്കാക്കുന്ന ജിവി ഹരിയാണ് മറ്റൊരു പുതുമുഖം.

മാത്യു കുഴല്‍നാടന്‍ മൂവാറ്റുപുഴയില്‍ നിന്ന് വീണ്ടും മത്സരിക്കും. അതേസമയം 2022ലെ അതിക്രമ കേസുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളെ തുടര്‍ന്നു പിന്തുണ നഷ്ടപ്പെട്ട എല്‍ദോസ് കുന്നപ്പിള്ളിലിന് പകരം യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റും ഓര്‍ത്തഡോക്സുകാരനുമായ അബിന്‍ വര്‍ക്കി മുന്‍നിരയില്‍ വരുന്നതോടെ പെരുമ്പാവൂരില്‍ മാറ്റം പ്രതീക്ഷിക്കുന്നു.

വിഡി സതീശന്റെ പിന്തുണയുള്ള എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസും ഈ സ്ഥാനത്തേക്ക് ശക്തമായ സ്ഥാനാര്‍ഥിയാണ്. അതേസമയം മറ്റൊരു യൂത്ത് കോണ്‍ഗ്രസ് നേതാവും റോമന്‍ കത്തോലിക്കാ വിശ്വാസിയുമായ ജിന്റോ ജോണിനെ മണ്ഡലത്തിലെ യാക്കോബായ-ഓര്‍ത്തഡോക്സ് ഭൂരിപക്ഷം കണക്കിലെടുത്ത് മത്സരിപ്പിച്ചേക്കില്ല.

തൃശൂരില്‍, കെഎസ്‌യു വൈസ് പ്രസിഡന്റ് ആന്‍ സെബാസ്റ്റ്യനെ പരിഗണിക്കുന്നുണ്ട്. ഒല്ലൂരില്‍ മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍ മുന്‍ മേയര്‍ രാജന്‍ പല്ലന്‍ ആന്‍ സെബാസ്റ്റ്യനു വെല്ലുവിളിയായി ഈ സ്ഥാനത്തേക്ക് ലക്ഷ്യമിട്ട് നില്‍ക്കുന്നുണ്ട്. സിറ്റിങ് എംഎല്‍എ സനീഷ്‌കുമാര്‍ ജോസഫ് ചാലക്കുടിയില്‍ തുടരും.

അതേസമയം, അടിമാലിയില്‍ നിന്നുള്ള കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പീരുമേട് സീറ്റിലേക്കാണ് നോട്ടമിടുന്നത്. എന്നാല്‍ ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് സ്വന്തം വിശ്വസ്തനു വേണ്ടി നിലകൊള്ളുന്നതിനാല്‍ ഈ മണ്ഡലത്തിലേക്കും വടംവലി നടക്കുന്നുണ്ട്. കാര്യങ്ങള്‍ ഡീനിന്റെ വഴിക്കു വന്നാല്‍ വലിയൊരു കുടിയേറ്റ അടിത്തറയുള്ള വടക്കന്‍ കേരളത്തിലെ ഒരു സീറ്റിലേക്ക് അലോഷ്യസിനെ മാറ്റിയേക്കാം.

ജ്യോതി വിജയകുമാറും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നു. അവര്‍ തിരുവനന്തപുരത്തിനടുത്തുള്ള ഒരു നഗര സീറ്റിലേക്ക് പരിഗണിക്കപ്പെട്ടേക്കാം. ടിവി ചര്‍ച്ചകളില്‍ പരിചിതനായ ബിആര്‍എം ഷഫീറിനെ കൊല്ലത്തെയും തലസ്ഥാനത്തെയും അതിര്‍ത്തി മണ്ഡലങ്ങളില്‍ പരിഗണിക്കുന്നുണ്ട്. ഈഴവ സമുദായത്തില്‍പ്പെട്ട എം ലിജു മൂന്ന് തവണ പരാജയപ്പെട്ടതിനാല്‍ അദ്ദേഹത്തെ പരിഗണിച്ചേക്കില്ലെന്നും വിവരങ്ങളുണ്ട്.

പ്രശസ്ത മലയാളം ടിവി അവതാരകന്‍, ഐടി സംരംഭകനായ രഞ്ജിത്ത് ബാലന്‍ എന്നിവരുമായും പാര്‍ട്ടി ചര്‍ച്ചകള്‍ നടത്തിവരികയാണ്. അടുത്തിടെ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായി രഞ്ജിത് ബാലന്‍ നിയമിതനായിരുന്നു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ പേര് ഉയര്‍ന്നിരിക്കുന്നത്.

പ്രാഥമിക പട്ടികയില്‍ പല പേരുകളും ഇടംപിടിച്ചിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. സാമുദായിക സന്തുലിതാവസ്ഥ, ഗ്രൂപ്പ് സമവാക്യങ്ങള്‍ അടക്കമുള്ളവ ഇക്കാര്യത്തില്‍ പരിഗണനാ വിഷയങ്ങളാണ്. മാത്രമല്ല വൈകിയ പുനഃസംഘടന, രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങളടക്കമുള്ളവ എത്രയും വേഗം പരിഹരിക്കേണ്ടതും പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമാണ്. പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിച്ചില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ വെല്ലുവിളിക്കാനുള്ള കരുത്ത് നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ വരുന്ന മുന്നറിയിപ്പ്.

 

Back to top button
error: