ബ്രിട്ടീഷുകാലത്തെ പോലീസ്കഥ പറയാന്‍ മുഖ്യമന്ത്രി എടുത്തത് മണിക്കൂറുകള്‍ ; കുന്നംകുളത്തെ പോലീസ് മര്‍ദ്ദനം പറയാന്‍ അഞ്ചുമിനിറ്റ് ; അനിശ്ചിതകാല സത്യാഗ്രഹവുമായി യുഡിഎഫ്

തിരുവനന്തപുരം: കുന്നംകുളം മര്‍ദ്ദനത്തില്‍ പോലീസുകാര്‍ക്കെതിരേ നടപടിയെടുക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ബ്രിട്ടീഷ്കാലത്തെ പോലീസിന്റെ കാര്യം പറഞ്ഞ് സമയം ചെലവഴിച്ച മുഖ്യമന്ത്രി കുന്നംകുളം മര്‍ദ്ദന കാര്യത്തില്‍ മറുപടി പറയാന്‍ എടുത്തത് അഞ്ചു മിനിറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തി വരാതിരുന്ന പ്രതിപക്ഷം നിയമസഭാ നടപടികള്‍ ബഹിഷ്ക്കരിച്ചു.
കസ്റ്റഡി മര്‍ദ്ദനത്തില്‍ അടിയന്തിര പ്രമേയത്തില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെയാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്്. ഏകദേശം രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ചര്‍ച്ചയ്ക്കും പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയ ചര്‍ച്ചയ്ക്കും മറുപടിക്കും ശേമായിരുന്നു പ്രതിപക്ഷത്തിന്റെ ബഹിഷ്ക്കരണം. രണ്ടു എംഎല്‍എ മാര്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്നും പറഞ്ഞു.
കുന്നംകുളത്തെ പോലീസ് മര്‍ദ്ദനത്തില്‍ ഏര്‍പ്പെട്ട നാലു പോലീസുകാരെ പിരിച്ചുവിടുന്നത് വരെ സമരം നടത്തുമെന്ന് നേരത്തേ പ്രതിപക്ഷ നേതാവ് നിയമസഭയില്‍ വ്യക്തമാക്കി യിരുന്നു. പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയത്തിന് കോണ്‍ഗ്രസ് കാലത്ത് കമ്യൂണിസ്റ്റുകള്‍ നേരിട്ട പോലീസ് മര്‍ദ്ദനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. ഒമ്പത് വര്‍ഷത്തെ ഭരണത്തിനിടയില്‍ 144 പോലീസുകാരെ പിരിച്ചുവിട്ടെന്ന കണക്കുകള്‍ നല്‍കിയെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല.
അതേസമയം കുന്നംകുളം മര്‍ദ്ദനത്തില്‍ ഏര്‍പ്പെട്ടെ പോലീസുകാരെ പിരിച്ചുവിടുമോ എന്ന കൃത്യമായി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയൂം സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ടെന്നും ബാക്കി നടപടികള്‍ വകുപ്പ് തല പുന പരിശോധനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചത്്. യുഡിഎഫ് എംഎല്‍എ മാരായ ടി.ജെ. സനീഷ്കുമാര്, എകെഎം അഷ്റഫുമാണ് നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ സത്യാഗ്രഹം നടത്തുന്നത്. കുന്നംകുളം കസ്റ്റഡിമര്‍ദ്ദനം നടത്തിയ പോലീസുകാരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് സമരം.






