Breaking NewsIndiaLead NewsNEWS

അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയുടെ വീട്ടില്‍ പരിശോധന; കണ്ടെടുത്തത് ഒരു കോടിയുടെ സ്വര്‍ണവും ഒരു കോടി രൂപയും

ഗുവാഹാട്ടി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അസമില്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥയുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു കോടിയിലേറെ രൂപയും ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. കാംറപിലെ ഗോരോയ്മാരിയില്‍ നിയമിതയായ നൂപുര്‍ ബോറ എന്ന ഉദ്യോഗസ്ഥയാണ് അറസ്റ്റിലായത്. മുഖ്യമന്ത്രിയുടെ കീഴിലുള്ള സ്പെഷ്യല്‍ വിജിലന്‍സ് സെല്ലാണ് പരിശോധന നടത്തിയത്.

പരിശോധനയില്‍ ബോറയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് 92 ലക്ഷം രൂപയും ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തു. ബാര്‍പെട്ടയിലുള്ള വാടകവീട്ടില്‍നിന്ന് 10 ലക്ഷം രൂപ കൂടി കണ്ടെടുത്തു. നൂപുര്‍ ബോറയുടെ അടുത്ത സഹായിയായ ലത് മണ്ഡല്‍ സുരാജിത് ദേകയുടെ വസതിയിലും സ്പെഷ്യല്‍ വിജിലന്‍സ് സെല്‍ പരിശോധന നടത്തി. നൂപുര്‍ ബോറയുമായി ചേര്‍ന്ന് വിവിധയിടങ്ങളില്‍ ഇയാള്‍ ഭൂമി സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പരിശോധന.

Signature-ad

2019ലാണ് നൂപുര്‍ ബോറ അസം സിവില്‍ സര്‍വീസില്‍ ചേര്‍ന്നത്. ഒട്ടേറെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ഇവര്‍ നിരീക്ഷണത്തിലായിരുന്നുവെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പ്രതികരിച്ചു. പരാതികളിലേറെയും വിവാദഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ടവയാണ്. സംശയകരമായ സാഹചര്യത്തില്‍ ഭൂമി കൈമാറ്റം ചെയ്യുകയും അതിലൂടെ പണം കൈപ്പറ്റുകയും ചെയ്തതായി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉദ്യോഗസ്ഥയ്ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

 

Back to top button
error: