Breaking NewsKeralaLead NewsNEWS

സര്‍ക്കാരിന് വീണ്ടും തിരിച്ചടി, ബി അശോകിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ, കൃഷി വകുപ്പില്‍ നിലനിര്‍ത്താന്‍ ഉത്തരവ്

കൊച്ചി: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന്റെ സ്ഥലംമാറ്റത്തില്‍ സര്‍ക്കാരിന് വീണ്ടും തിരിച്ചടി. ബി അശോകിനെ സ്ഥലംമാറ്റിയത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തു. അശോകിനെ കൃഷി വകുപ്പില്‍ തന്നെ നിലനിര്‍ത്താന്‍ ട്രൈബ്യൂണല്‍ ഉത്തരവിട്ടിട്ടുണ്ട്. ബി അശോകിന്റെ ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി.

ബി അശോകിനെ ഇന്നലെ രാത്രിയാണ് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയില്‍ നിന്നും മുഖ്യമന്ത്രിക്ക് കീഴിലുള്ള പഴ്സനല്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ( P & ARD ) പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവിയിലേക്ക് സ്ഥലം മാറ്റിയത്. സെപ്റ്റംബര്‍ 17 മുതല്‍ സ്ഥലം മാറ്റം പ്രാബല്യത്തിലാകുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

Signature-ad

ബി അശോകിനെ കേരള ട്രാന്‍സ്‌പോര്‍ട്ട് ഡവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി സ്ഥലം മാറ്റിയ സര്‍ക്കാര്‍ നടപടി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ അടുത്തിടെ സ്റ്റേ ചെയ്തതിരുന്നു. തുടര്‍ന്ന് അശോക് കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.ഈ കേസ് ട്രൈബ്യൂണല്‍ പരിഗണിക്കാനിരിക്കെയാണ് അശോകിനെ അടിയന്തരമായി P & ARD യിലേക്ക് സ്ഥലംമാറ്റിയത്.

കേര പദ്ധതിക്കായി കൃഷി വകുപ്പിനു ലോക ബാങ്ക് അനുവദിച്ച ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട രേഖ മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ വിവാദം നിലനില്‍ക്കെ അശോകിനെ പദവിയില്‍നിന്നു മാറ്റിയത് വിവാദമായിരുന്നു. വിവരം ചോര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കാന്‍ അശോകിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ കൃഷി വകുപ്പിലെ രേഖ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ശേഖരിച്ചതെങ്ങനെയെന്ന് അശോക് റിപ്പോര്‍ട്ടില്‍ ചോദിച്ചിരുന്നു. പിന്നാലെയാണ് അശോകിനു സ്ഥാനചലനമുണ്ടായത്.

സര്‍ക്കാരുമായി ഇടഞ്ഞ ബി അശോക് ഐഎഎസിനെ കഴിഞ്ഞ ജനുവരിയില്‍ തദ്ദേശ വകുപ്പ് പരിഷ്‌കാര കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് നിയമിച്ചിരുന്നു. എന്നാല്‍ പുതിയ പദവിയേറ്റെടുക്കാന്‍ വിസമ്മതിച്ച അശോക് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണിലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് സ്ഥലംമാറ്റം റദ്ദാക്കുകയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിലനിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. പിന്നീട് കെടിഡിഎഫ്‌സിയിലേക്കും, പി ആന്റ് എആര്‍ഡിയിലേക്കും മാറ്റാനുള്ള നീക്കവും അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടപെട്ട് തടയുകയായിരുന്നു.

Back to top button
error: