പാശ്ചാത്യ ഉപരോധം: റഷ്യയും ചൈനയും ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്ക്; ഗോതമ്പിനു പകരം കാറുകള്‍; ചണവിത്തുകള്‍ക്കു പകരം വീട്ടുപകരണങ്ങള്‍; തൊണ്ണൂറുകള്‍ക്കു ശേഷം ആദ്യം; തെളിവുകള്‍ പുറത്തുവിട്ട് രാജ്യാന്തര ഏജന്‍സികള്‍
അമേരിക്കയും അവരുടെ യൂറോപ്യന്‍ പങ്കാളികളും 2014ല്‍ ക്രിമിയയിലും 2022ല്‍ യുക്രൈനെതിരേയും യുദ്ധം തുടങ്ങിയതിനുശേഷം 25,000 വ്യത്യസ്ത ഉപരോധങ്ങളാണു റഷ്യക്കെതിരേ ചുമത്തിയിട്ടുള്ളത്.

മോസ്‌കോ: പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം മറികടക്കാന്‍ റഷ്യ ചൈനയുമായി പഴയ ‘ബാര്‍ട്ടര്‍’ സമ്പ്രദായത്തിലേക്കു കടക്കുന്നെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്. ചൈനീസ് കാറുകള്‍ക്കു പകരം ഗോതമ്പും ചണ വിത്തു (ഫ്‌ളാക്‌സ് സീഡ്‌സ്) കളും നല്‍കാനൊരുങ്ങുന്നെന്നാണു റിപ്പോര്‍ട്ട്.
1991ല്‍ സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം ആദ്യമായി റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക വിനിമയങ്ങള്‍ വഷളായ സാഹചര്യമാണുള്ളതെന്നും റഷ്യയും ചൈനയും തമ്മില്‍ ശക്തമായ ബന്ധം തുടരുമ്പോഴും യുക്രൈനുമായുള്ള യുദ്ധത്തില്‍ ആ രാജ്യത്തിനുണ്ടായ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയും അവരുടെ യൂറോപ്യന്‍ പങ്കാളികളും 2014ല്‍ ക്രിമിയയിലും 2022ല്‍ യുക്രൈനെതിരേയും യുദ്ധം തുടങ്ങിയതിനുശേഷം 25,000 വ്യത്യസ്ത ഉപരോധങ്ങളാണു റഷ്യക്കെതിരേ ചുമത്തിയിട്ടുള്ളത്. റഷ്യയുടെ 2.2 ട്രില്യണ്‍ സമ്പദ് രംഗത്തെ കാര്യമായി ബാധിച്ചു. റഷ്യയുമായുള്ള വ്യാപാരത്തിന്റെ പേരില്‍ ഇന്ത്യക്കെതിരേയും അമേരിക്ക കടുത്ത താരിഫുകള്‍ പ്രഖ്യാപിച്ചു.
യുദ്ധം മുന്നില്‍കണ്ട് കടുത്ത മുന്നൊരുക്കങ്ങള്‍ നടത്തിയെങ്കിലും സമ്പദ് രംഗത്തെ കാര്യമായി ബാധിച്ചു തുടങ്ങി. ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്നു റഷ്യന്‍ സെന്‍ട്രല്‍ ബാങ്ക് മാന്ദ്യവും പ്രവചിക്കുന്നു. റഷ്യന്‍ ബാങ്കുകള്‍ക്കുമേല്‍ ചുമത്തിയ ചില നിയന്ത്രണങ്ങളാണ് തിരിച്ചടിയായത്. 2022ല്‍ ‘സ്വിഫ്റ്റ്’ പേമെന്റുകള്‍ പാശ്ചാത്യ രാജ്യങ്ങള്‍ വിലക്കി.
ഇതേ മുന്നറിയിപ്പ് ചൈനീസ് ബാങ്കുകള്‍ക്കും അമേരിക്ക നല്‍കിയതോടെ അവരും ഭയപ്പാടിലായി. സെക്കന്‍ഡറി സാങ്ഷനുകള്‍ ഉണ്ടായാല്‍ റഷ്യയില്‍നിന്നു പണം സ്വീകരിക്കാന്‍ ചൈനീസ് ബാങ്കുകള്‍ക്കു കഴിയില്ല. ഈ പേടിയാണിപ്പോള്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തിലേക്കു തിരിയാനുള്ള കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നത്.
2024ല്‍ റഷ്യന്‍ സാമ്പത്തിക മന്ത്രാലയം 14 പേജുള്ള ബാര്‍ട്ടര്‍ സമ്പ്രദായത്തെക്കുറിച്ചുളള ഗൈഡും പുറത്തിറക്കിയിരുന്നു. ഇതില്‍ ഉപരോധങ്ങള്‍ മറികടക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചാണു ചൂണ്ടിക്കാട്ടിയിരുന്നത്. അന്നുമുതല്‍ ഇപ്പോള്‍വരെ ഇടപാടുകളെക്കുറിച്ചുള്ള കുറഞ്ഞ വിവരങ്ങളാണു പുറത്തുവന്നിരുന്നത്. എന്നാല്‍, കഴിഞ്ഞ മാസം ചൈനയുടെ ഹൈനാന്‍ ലോങ്പാന്‍ ഓയില്‍ഫീല്‍ഡ് ടെക്‌നോളജി കമ്പനി മറൈന്‍ എന്‍ജിനുകള്‍ക്കു പകരമായി സ്റ്റീലിന്റെയും അലൂമിനിയം അലോയികളുടെയും കൈമാറ്റത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു.
ഇത്തരത്തില്‍ എട്ടു വിനിമയങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചെന്നാണു റോയിട്ടേഴ്‌സ് അവകാശപ്പെടുന്നത്. കമ്പനി സ്‌റ്റേറ്റ്‌മെന്റുകള്‍ മുതല്‍ ഉദ്യോഗസ്ഥരില്‍നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാണിതെന്നും എത്ര കോടികളുടെ ഇടപാടുകള്‍ നടന്നെന്ന വിവരങ്ങള്‍ ഇനിയും പുറത്തുവരാനുണ്ടെന്നും ഏജന്‍സി പറയുന്നു.
ഇത്തരത്തിലൊന്ന് റഷ്യന്‍ ഗോതമ്പിനു പകരം ചൈനീസ് കാറുകള്‍ നല്‍കിയെന്നാണ്. റഷ്യയുടെ ചൈനീസ് പങ്കാളി യുവാന്‍ നല്‍കി കാറുകള്‍ വാങ്ങുകയും റഷ്യന്‍ പങ്കാളി ഗോതമ്പ് റൂബിള്‍ നല്‍കി വാങ്ങുകയും പിന്നീട് ഗോതമ്പിനു പകരം കാറുകള്‍ നല്‍കുകയും ചെയ്യുന്നതാണു രീതി. ഗോതമ്പും കാറും തമ്മിലുള്ള മൂല്യം എങ്ങനെ കണക്കാക്കിയെന്നുള്ള വിവരങ്ങളും പുറത്തുവരാനുണ്ടെന്നും റോയിട്ടേഴ്‌സ് പറയുന്നു.
ഫ്‌ളാക്‌സ് സീഡുകള്‍ വീട്ടുപകരണങ്ങളും ബില്‍ഡിംഗ് വസ്തുക്കളും കൈമാറിയതിനു പകരമാണു നല്‍കിയത്. റഷ്യയിലെ ഉരല്‍സ് റീജണില്‍നിന്ന് 2024ല്‍ ഒരു ലക്ഷം ഡോളറിനു സമാനമായ വ്യാപാരം ഇത്തരത്തില്‍ നടന്നു. ചൈനയാണ് റഷ്യയില്‍നിന്ന് ഏറ്റവും കൂടുതല്‍ ഫ്‌ളാക്‌സ് സീഡുകള്‍ ഇറക്കുമതി ചെയ്യുന്നത്. പോഷകസമ്പുഷ്ടമായ ഉത്പന്നങ്ങള്‍ നിര്‍മിക്കാനാണ് ഇതുപയോഗിക്കുന്നത്.
1990കളില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയുടെ കാലത്തും സമാനമായ രീതിയില്‍ ബാര്‍ട്ടര്‍ സമ്പ്രദായം ചൈനയുമായി നടപ്പാക്കിയിരുന്നു. എണ്ണമുതല്‍ ധാന്യങ്ങളും ഇത്തരത്തില്‍ നല്‍കിയെങ്കിലും വിലയില്‍ തട്ടിപ്പു നടത്തി നിരവധിപ്പേര്‍ റഷ്യയില്‍ ധനവാന്‍മാരായി. അക്കാലത്ത് കൈയില്‍ പണമില്ലാതിരിക്കുമ്പോള്‍ ബാര്‍ട്ടര്‍സമ്പ്രദായം ഗുണം ചെയ്തിരുന്നു. ഇപ്പോള്‍ ഇരു രാജ്യത്തും ആവശ്യത്തിനു പണമുണ്ടായിട്ടും കച്ചവടങ്ങള്‍ നടത്തുന്നതിലെ സമ്മര്‍ദം മറികടക്കാന്‍ ബാര്‍ട്ടര്‍ സമ്പ്രദായത്തെ തന്നെ ആശ്രയിക്കേണ്ടി വരുന്നു. ബാര്‍ട്ടറിനു പുറമേ, പേമെന്റ് ഏജന്റ്‌സ് മുഖാന്തിരം സാമഗ്രികള്‍ക്കു പകരം പണമെത്തിക്കാന്‍ സംവിധാനങ്ങളുണ്ടെങ്കിലും അപകടകരമാണ്.






