‘ചെവിക്കു നുള്ളിക്കോ, ഇതെല്ലാം ഓര്‍ത്തു വയ്ക്കും, വൃത്തികേടു കാണിക്കുന്ന ഒരുത്തനും കാക്കിയിട്ടു നടക്കില്ല’

കൊച്ചി: ”ചെവിക്കു നുള്ളിക്കോ. ഞങ്ങള്‍ ഇതെല്ലാം ഓര്‍ത്തു വയ്ക്കും. വൃത്തികേടു കാണിക്കുന്ന ഒരുത്തനും കാക്കിയിട്ടു നടക്കില്ല. അത്രമാത്രം തോന്ന്യാസവും അസംബന്ധവുമാണ് കാണിക്കുന്നത്”, പൊലീസിനു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുന്നറിയിപ്പ്. എസ്എഫ്ഐകെഎസ്യു സംഘര്‍ഷത്തെ തുടര്‍ന്ന് അറസ്റ്റിലായ കെഎസ്യു പ്രവര്‍ത്തകരെ കൊടുംകുറ്റവാളികളെ പോലെ തലയില്‍ തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തിലാണ് പ്രതിപക്ഷ നേതാവ് രൂക്ഷമായി പ്രതികരിച്ചത്. പിണറായി വിജയന് ഭരണത്തില്‍ കേരളത്തിലെ പൊലീസ് ഏറ്റവും ജനവിരുദ്ധ പൊലീസായി മാറിക്കഴിഞ്ഞെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
”കെഎസ്യു നേതാക്കളെ കഴുത്തില്‍ തുണിയിട്ട് കയ്യാമം വച്ച് കോടതിയില്‍ ഹാജരാക്കി. അവര്‍ തീവ്രവാദികളാണോ? കൊടും കുറ്റവാളികളാണോ? എവിടേക്കാണ് കേരളത്തിലെ പൊലീസ് പോകുന്നത്? രാജാവിനേക്കാള്‍ വലിയ രാജഭക്തി കാണിക്കുന്നവര്‍ പൊലീസ് സേനയിലുണ്ട്. വൃത്തികേടുകള്‍ക്കും അഴിമതിക്കും അവര്‍ കൂട്ടുനില്‍ക്കും. ഞങ്ങളുടെ കുഞ്ഞുങ്ങളെ തലയില്‍ കറുത്ത തുണിയുമിട്ട് കയ്യാമവും വച്ച് തീവ്രവാദികളെപ്പോലെ കോടതിയില്‍ കൊണ്ടുവന്നതിന് മറുപടി പറയിക്കും” സതീശന് പറഞ്ഞു. വടക്കാഞ്ചേരിയില്‍ കെഎസ്യു പ്രവര്‍ത്തകരെ തലയില്‍ തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ പൊലീസ് നടപടിയെ കോടതിയും വിമര്‍ശിച്ചിരുന്നു.
രൂക്ഷപ്രതികരണമാണ് വിഷയത്തില്‍ രമേശ് ചെന്നിത്തലയും നടത്തിയത്. ”ആ വിദ്യാര്‍ഥികളെന്താ കൊള്ളക്കാരാണോ? അവര്‍ എന്തു തെറ്റു ചെയ്തു? അവരെ മുഖംമൂടി ധരിപ്പിച്ച് കോടതിയില്‍ കൊണ്ടു പോവുക. ഇതെന്താ വെള്ളരിക്കാ പട്ടണമാണോ? എന്താണ് ഇവിടെ നടക്കുന്നത്? പൊലീസിന് എന്തും ചെയ്യാമെന്ന നിലയിേേലക്ക് കാര്യങ്ങള്‍ പോവുകയാണ്”ചെന്നിത്തല പറഞ്ഞു.
ഡിവൈഎഫ്ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ ഫോണ്‍ സംഭാഷണം തെളിയിക്കുന്നത് കവര്‍ച്ചാ സംഘമാണ് പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിലുള്ളത് എന്നാണെന്നു വി.ഡി. സതീശന് പറഞ്ഞു. എല്ലാ വിധത്തിലും കളങ്കിതരായവരാണ് ജില്ലാ നേതൃത്വത്തിലുള്ളത്. ഭരണം ജില്ല, ഏരിയാ നേതൃത്വങ്ങള്‍ക്കായി പങ്കുവച്ചു കൊടുത്തിരിക്കുകയാണ്. കരുവന്നൂരില്‍ 400 കോടി രൂപയിലധികമാണ് സാധാരണക്കാര്‍ക്ക് നഷ്ടപ്പെട്ടത്. മകളുടെ കല്യാണത്തിനും ഓപ്പറേഷന് നടത്താനും വീടുവയ്ക്കാനുമൊക്കെ പണം നിക്ഷേപിച്ചവര്‍ക്ക് അതെല്ലാം നഷ്ടപ്പെട്ടത്. ഇതെല്ലാം പോയത് സിപിഎം നേതാക്കളുടെ പോക്കറ്റിലേക്കാണ്. ഇത് അന്വേഷിച്ച ഇഡി എവിടെപ്പോയെന്നും അന്വേഷണം നടത്തിയിട്ട് എല്ലാം ഒത്തുതീര്‍പ്പാക്കിയെന്നും വി.ഡി.സതീശന് പറഞ്ഞു.






