‘ഭാര്യയിപ്പോള്‍ എന്ത് ചെയ്യുന്നു എന്നറിയില്ല; അവര്‍ അവരുടെ ശരികളിലാണിപ്പോള്‍, ഞാന്‍ എന്റെയും’

ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ ആദ്യ ആഴ്ചയില്‍ തന്നെ പുറത്തായ മത്സരാര്‍ത്ഥിയാണ് നടന്‍ മുന്‍ഷി രഞ്ജിത്ത്. ശാന്തപ്രകൃതനായ മുന്‍ഷി രഞ്ജിത്തിന് ബിഗ് ബോസില്‍ സ്‌ക്രീന്‍ സ്‌പേസ് കിട്ടിയിരുന്നില്ല. പലപ്പോഴും കിച്ചണ്‍ ഡ്യൂട്ടിയിലേക്ക് മാത്രം രഞ്ജിത്ത് ഒതുങ്ങി. ഷോയില്‍ ഇടയ്ക്കിടെ വഴക്കുകള്‍ നടന്നു. എന്നാല്‍ മുന്‍ഷി രഞ്ജിത്ത് ഭാഗമായില്ല. പ്രേക്ഷകര്‍ അടുത്തറിയുന്നതിന് മുമ്പ് മുന്‍ഷി രഞ്ജിത്ത് ഷോയില്‍ നിന്ന് പുറത്തായി. തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോള്‍ മുന്‍ഷി രഞ്ജിത്ത്.
വിവാഹ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളെക്കുറിച്ച് നടന്‍ പുതിയ അഭിമുഖത്തില്‍ തുറന്ന് സംസാരിക്കുന്നുണ്ട്. താനും ഭാര്യയും അകന്ന് കഴിയുകയാണെന്ന് മുന്‍ഷി രഞ്ജിത്ത് പറയുന്നു. സിനിമതെക്കിന് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ മനസ് തുറന്നത്. പ്രണയമുണ്ടായിരുന്നോ എന്നെനിക്ക് അറിയില്ല. പക്ഷെ വിവാഹ ശേഷം കുറേ പണയമുണ്ടായിരുന്നു. വിവാഹം കഴിച്ച് രണ്ട് കുട്ടികളുണ്ടായി. ഭാര്യ ഇപ്പോള്‍ എന്ത് ചെയ്യുന്നു എന്നെനിക്ക് അറിയില്ല. അവര്‍ തല്‍ക്കാലം എന്റെ കൂടെയില്ല. മകള്‍ 9ാം ക്ലാസില്‍ പഠിക്കുന്നു. വിവാഹം കഴിച്ച് കുറച്ച് വര്‍ഷങ്ങള്‍ ഞാനും ഭാര്യയും ഒരുമിച്ച് ഉണ്ടായിരുന്നു. അവര്‍ അവരുടെ ശരികളിലാണിപ്പോള്‍. ഞാന്‍ എന്റെ ശരികളിലും ആണെന്ന് മുന്‍ഷി രഞ്ജിത്ത് പറഞ്ഞു.
തന്റെ കുട്ടിക്കാലത്തെക്കുറിച്ചും മുന്‍ഷി രഞ്ജിത്ത് സംസാരിച്ചിട്ടുണ്ട്. അച്ഛന്‍ കര്‍ക്കശക്കാരനായിരുന്നു. പട്ടാളക്കാരനായിരുന്നു. ബാല്യ കൗമാര്യങ്ങള്‍ മറ്റുള്ളവരെപോലെ സന്തോഷങ്ങള്‍ നിറഞ്ഞതായിരുന്നില്ല. ബാല്യം നഷ്ടപ്പെട്ട മനുഷ്യനാണ് ഞാന്‍. 19 വയസൊക്കെയായപ്പോള്‍ ഞാന്‍ വീട്ടില്‍ കയറാതായി. അന്ന് മുതല്‍ ഞാന്‍ പല ജോലികള്‍ ചെയ്തു.
വീട്ടില്‍ വല്ലപ്പോഴുമേ പോകൂ. അച്ഛന്‍ വീട്ടില്‍ കയറിപ്പോകരുതെന്നാണ് പറഞ്ഞിരുന്നത്. പട്ടാളചിട്ടയായിരുന്നു. പക്ഷെ എന്റെ ജീവിതത്തില്‍ അച്ചടക്കം ലഭിച്ചത് അച്ഛനില്‍ നിന്നാണ്. എല്ലാം തന്നു. പക്ഷെ ഒരു അച്ഛനെ എനിക്ക് കിട്ടിയില്ലായിരുന്നു. ഇപ്പോള്‍ അത് ഞാന്‍ തിരിച്ചെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. ഞാനിപ്പോള്‍ അവരോടൊപ്പം സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്നു. അവര്‍ക്ക് പ്രായമായി. ഇപ്പോഴും എനിക്ക് അച്ഛന്റെ മുന്നില്‍ നിന്ന് സംസാരിക്കാന്‍ പേടിയാണ്. ബിഗ് ബോസില്‍ എനിക്ക് കുറേ കാര്യങ്ങള്‍ പറയാന്‍ പറ്റുമായിരുന്നു. അച്ഛനോട് തെറ്റ് ഏറ്റ് പറയാന്‍ പറ്റുമായിരുന്നെന്നും മുന്‍ഷി രഞ്ജിത്ത് കരഞ്ഞ് കൊണ്ട് പറഞ്ഞു.






