കുട്ടികള്‍ ഉയരത്തില്‍നിന്നു തലയിടിച്ചു വീണാല്‍ എന്തുചെയ്യണം?

രോഗം ഏതുതന്നെ ആയാലും പ്രഥമശുശ്രൂഷ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വീഴ്ചയിലുണ്ടാകുന്ന ചെറിയ മുറിവ്, ചെറിയ പൊള്ളല്‍ തുടങ്ങിയവയൊക്കെ ഡോക്ടറെ കാണാതെ വീട്ടിലുള്ള ഫസ്റ്റ്എയ്ഡ് ഉപയോഗിച്ചുതന്നെ മാറ്റാന്‍ സാധിക്കും. എന്നാല്‍ വെറുമൊരു പ്രാഥമിക പരിചരണം മാത്രമല്ല പ്രഥമ ശുശ്രൂഷകള്‍.
ചില നേരങ്ങളില്‍ ജീവന് രക്ഷിക്കാന്‍ സാധിച്ചെന്നു വരാം. നിത്യജീവിതത്തില്‍ പലപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്നതാണ് കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. കുട്ടികള്‍ ഉയരത്തില്‍ നിന്നു തലയിടിച്ചു വീണാല്‍ എന്തു ചെയ്യുമെന്ന് പരിശോധിക്കാം. മിക്കവാറും കുട്ടികള്‍ വീഴ്ചയ്ക്കു ശേഷം ഒന്നു മയങ്ങുകയോ ഛര്‍ദിക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ രണ്ടിലധികം തവണ തുടരെയുള്ള ഛര്‍ദി, ദീര്‍ഘനേരത്തെ മയക്കം, ഉദാസീനത, പിടിവാശി, കഠിനമായ തലവേദന അല്‍പസമയത്തേക്കെങ്കിലുമുള്ള അബോധാവസ്ഥ, അപസ്മാരം, മൂക്കിലോ ചെവിയിലോ നിന്നു രക്തസ്രാവം, കാഴ്ചയ്ക്കുള്ള തകരാറ്, ഓര്‍മക്കുറവ്, കൈകാലുകളുടെ ബലക്കുറവ് എന്നിവയൊക്കെ മസ്തിഷ്കത്തിനു ഗുരുതര ക്ഷതമേറ്റതിന്റെ ലക്ഷണങ്ങളാണ്.
ഈ ലക്ഷണമേതെങ്കിലുമുണ്ടെങ്കില്‍ കുട്ടിക്കു തീര്‍ച്ചയായും സിടി സ്കാന്‍ ചെയ്യണം. ഛര്‍ദിയുണ്ടെങ്കില്‍ ഒരു വശം ചരിച്ചു കിടത്തേണ്ടതാണ്. നാക്കു പിന്നിലേക്ക് വീണുപോകാതിരിക്കാനാണിത്. തലയില്‍ മുറിവുണ്ടായാല്‍ നന്നായി മുറുകെ കെട്ടിവയ്ക്കണം. മുഴച്ചു വന്നിട്ടുണ്ടെങ്കില്‍ ഐസ് വയ്ക്കുന്നതു നല്ലതാണ്. മുഴ ശക്തിയായി തിരുമ്മുന്നതു നല്ലതല്ല.






