‘ആരും തന്നെ അച്ചടക്കം പഠിപ്പിക്കേണ്ട’; നടപടി നേരിടുമ്പോഴും സിപിഐ സമ്മേളനത്തിന്റെ സമാപന വേദിയില്‍ പുതിയ പോര്‍മുഖം തുറന്ന് കെ.ഇ. ഇസ്മയില്‍; വെട്ടിനിരത്തലിന് എതിരേ ബിനോയ് വിശ്വത്തിന് അംഗങ്ങളുടെ രൂക്ഷ വിമര്‍ശനം; ആക്ഷേപിച്ചവര്‍ ഒടുവില്‍ അകത്ത്

ആലപ്പുഴ: അച്ചടക്ക നടപടി നേരിടുമ്പോഴും, സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയില്‍ പുതിയ പോര്‍മുഖം തുറന്ന് മുതിര്‍ന്ന നേതാവ് കെ.ഇ. ഇസ്മയില്‍. കെ. ഇ. ഇസ്മയിലിന് അച്ചടക്കമില്ലെന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ആക്ഷേപത്തിന്, തന്നെ ആരും അച്ചടക്കം പഠിപ്പിക്കേണ്ടന്ന് താക്കീതുകലര്‍ന്ന മറുപടിയും നല്‍കി. കെ.കെ. ശിവരാമന്‍, ഇ.എസ്. ബിജിമോള്‍ എന്നിവരെയടക്കം വെട്ടിനിരത്തിയ സമ്മേളനത്തില്‍, ബിനോയ് വിശ്വത്തെ പരിഹസിച്ച കമലാ സദാനന്ദനും, കെ.എം. ദിനകരനും സ്ഥാനം നിലനിര്‍ത്തി.
സമവായ പാതയില്‍ സംസ്ഥാന സമ്മേളനത്തിന് തയാറെടുത്തത് കൊണ്ട് മത്സരം ഒഴിവാക്കാന്‍ നേതൃത്വത്തിനായി. പക്ഷേ സംസ്ഥാന സെക്രട്ടറിയുടെ നേര്‍ക്കടക്കം ഉയര്‍ന്ന അതിരുവിട്ട വിമര്‍ശനങ്ങള്‍ക്ക് തടയിടാന്‍ ആയില്ല. സമ്മേളനത്തിന് തന്നെ ക്ഷണിക്കാത്തതിലും, ഉയര്‍ന്ന വിമര്‍ശനങ്ങളിലുമുള്ള അതൃപ്തി സമാപന സമ്മേളന വേദിയില്‍ വാക്കുകളിലൂടെ പ്രകടമാക്കി.
ഇടുക്കിയിലെ സംഘടന പ്രശ്‌നങ്ങളാണ് ശിവരാമന്റെയും, ബിജിമോളുടെയും സ്ഥാനനഷ്ടത്തിന് കാരണം. ലഘുലേഖ വിവാദത്തിലുള്‍പ്പെട്ടതിലൂടെ തിരുവനന്തപുരത്തുനിന്നുള്ള മീനാങ്കല്‍ കുമാറിനും സംസ്ഥാന കൗണ്‍സില്‍ അംഗത്വം ഇല്ലാതായി. കൃത്യമായ മുന്‍ധാരണയിലാണ്, കഴിഞ്ഞ സമ്മേളനത്തില്‍ മത്സരിച്ച കെ.എന്‍. സുഗതന് ഇത്തവണ സംസ്ഥാന കൗണ്‍സിലില്‍ സ്ഥാനം കിട്ടിയത്. സംസ്ഥാന സെക്രട്ടറിയെ ആക്ഷേപിച്ചിട്ടും എറണാകുളത്തു നിന്നുള്ള കെ.എം. ദിനകരനും, കമലാസദാനന്ദനും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയായിരുന്ന കെ.പി. സന്ദിപ്, കാനം രാജേന്ദ്രന്റെ വിശ്വസ്തനായിരുന്ന ശുഭേഷ് സുധാകരന്‍ എന്നിവര്‍ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കപ്പെട്ട പ്രമുഖരാണ്. കണ്‍ട്രോള്‍ കമ്മീഷന്‍ അംഗമായി തിരഞ്ഞെടുക്കപ്പെട്ട പി.കെ. രജേഷ് ഈ സ്ഥാനത്തെത്തുന്ന പ്രായം കുറഞ്ഞ അംഗം കൂടിയായി. വിഭാഗീയത തല്‍ക്കാലത്തേയ്ക്കടക്കി ചിട്ടയോടെ സമ്മേളനം പൂര്‍ത്തിയാക്കിയ ബിനോയ് വിശ്വത്തിന് ഈ ഒന്നിപ്പ് നിലനിര്‍ത്തുക എന്നതാണ് ആദ്യ വെല്ലുവിളി. തദ്ദേശ തിരഞ്ഞെടുപ്പും, നിയമസഭ തിരഞ്ഞെടുപ്പും പിന്നാലെ വരുന്നുമുണ്ട്.
തെറ്റ് തിരുത്തിയില്ലെങ്കില്‍ കെ.ഇ. ഇസ്മയില്‍ പാര്‍ട്ടിക്ക് പുറത്താകുമെന്നാണു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇസ്മയിലിന് മുന്നില്‍ വാതില്‍ അടയ്ക്കില്ലെന്നും പക്ഷെ അത് അകത്ത് കയറ്റലല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘വേദിയിലിരിക്കാന്‍ കെ.ഇ ഇസ്മയിലിന് യോഗ്യതയില്ല. ഇസ്മയിലിന് ഒപ്പം പന്ന്യന്‍ രവീന്ദ്രനും സി. ദിവാകരനും ഒഴിവായി. പക്ഷെ അവര്‍ ഇവിടെയുണ്ട്. കെ.ഇ. ഇസ്മയില്‍ അങ്ങനെയല്ല. അദ്ദേഹം തുടര്‍ച്ചയായി പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയാണ്. ഞാന്‍ നേരിട്ട് പോയി അദ്ദേഹത്തെ കണ്ടിരുന്നു. പക്ഷെ ഫലമുണ്ടായില്ല. കെ ഇ ഇസ്മയില്‍ മാത്രമല്ല പാര്‍ട്ടി ഉണ്ടാക്കിയത്. എകെജി അടക്കം ഒരുപാട് പേര്‍ ചോര നല്‍കിയതാണ് ഈ പാര്‍ട്ടി’: ബിനോയ് വിശ്വം പറഞ്ഞു. സിപിഐ സംസ്ഥാന സമ്മേളനത്തില്‍ മറുപടി പ്രസംഗത്തിലാണ് ബിനോയ് വിശ്വം നിലപാട് വ്യക്തമാക്കിയത്. കെ ഇ ഇസ്മയിലിന്റെ പാര്‍ട്ടി വിരുദ്ധ പോസ്റ്റ് ഷെയര്‍ ചെയ്തവര്‍ ഇനി ആവര്‍ത്തിക്കരുതെന്നും നേതൃത്വം നിര്‍ദേശം നല്‍കി.
സംസ്ഥാന സമ്മേളനത്തില്‍ തന്നെ വിലക്കിയതിനെതിരെ കെ ഇ ഇസ്മയില്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ജീവിതകാലം മുഴുവന്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടും തന്നെ വിലക്കിയതില്‍ ദുഃഖമുണ്ടെന്നും താന്‍ ജീവിതാവസാനം വരെ കമ്മ്യൂണിസ്റ്റായിരിക്കുമെന്നും കെ.ഇ. ഇസ്മയില്‍ പറഞ്ഞു. ‘പാര്‍ട്ടിയുടെ പ്രാഥമിക മെമ്പറായ എന്നില്‍ എന്ത് കുറ്റമാണ് നേതൃത്വം കണ്ടുപിടിച്ചത്. ഈ സമ്മേളനത്തില്‍ ഞാന്‍ പങ്കെടുക്കാന്‍ പാടില്ലത്രേ. അച്യുതമേനോനും എം എനും എസ് കുമാരനും എന്‍.ഇ. ബലറാമും പികെവിയും വെളിയവും നേതൃത്വമായി പ്രവര്‍ത്തിച്ച കാലത്ത് അവരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച ഒരെളിയ പ്രവര്‍ത്തകനാണ് ഞാന്‍. അവരുടെ കാലത്ത് ഏല്‍പ്പിച്ച ചുമതലകള്‍ സ്തുത്യര്‍ഹമായി നിര്‍വഹിച്ച അനുഭവം ഓര്‍മയില്‍ നിറഞ്ഞുനില്‍ക്കുന്നു. പറയാനുളളത് പിന്നീട് ഞാന്‍ പറയും’: എന്നാണ് കെ.ഇ. ഇസ്മയില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
സിപിഐ നേതാവ് പി. രാജുവിന്റെ മരണത്തിന് പിന്നാലെ നടത്തിയ പ്രതികരണത്തെ തുടര്‍ന്നാണ് ഇസ്മയിലിനെ സസ്പെന്‍ഡ് ചെയ്തത്. സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തില്‍ പി രാജു സംഘടനാ നടപടിക്ക് വിധേയനായിരുന്നു. ഈ നടപടിയില്‍ രാജുവിന് വിഷമം ഉണ്ടായിരുന്നുവെന്നായിരുന്നു ഇസ്മയിലിന്റെ പ്രതികരണം. സംഭവത്തില്‍ ഇസ്മയിലില്‍ നിന്ന് നേരത്തെ തന്നെ പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. പിന്നാലെ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. സംസ്ഥാന കൗണ്‍സില്‍ ശുപാര്‍ശ അംഗീകരിച്ചതോടെ നടപടി പ്രാബല്യത്തില്‍ വരികയും ചെയ്തു.
cpi-state-conference-internal-disputes






