മണ്ഡലം പ്രസിഡന്റുമാര്‍ മെഷീനുകളല്ല ; രാജീവ് ചന്ദ്രശേഖര്‍ നടത്തുന്നത് ബിജെപി കമ്പനി ; കോര്‍പ്പറേറ്റ് ഓഫീസ് പോലെ ടാര്‍ഗറ്റ് വെച്ച് പണിയെടുപ്പിക്കുന്നു ; സംസ്ഥാന പ്രസിഡന്റിന് രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : ബിജെപിയെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കാണുന്നത് ഒരു കമ്പനി പോലെയാണെന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് വിശ്രമം നല്‍കാതെ പണിയെടുപ്പിക്കുന്നെന്നും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം. പ്രവര്‍ത്തകര്‍ക്ക് ടാര്‍ഗറ്റ് കൊടുക്കുന്ന രാജീവ് ചന്ദ്രശേഖരന് ശൈലിക്കെതിരെ ഓണ്‍ലൈനില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
രാജീവ് ചന്ദ്രശേഖറിന്റെ കോര്‍പ്പറേറ്റ് ശൈലി അമിത ജോലിഭാരം ഉണ്ടാക്കുന്നെന്നും കമ്പനിപോലെ പാര്‍ട്ടിയെ പ്രവര്‍ത്തിപ്പിക്കുന്നതില്‍ മണ്ഡലം പ്രസിഡന്റുമാര്‍ മടുത്തു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത മണ്ഡലം പ്രസിഡന്റു മാര്‍ക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞ എംടി രമേശ്, എസ് സുരേഷ് എന്നിവര്‍ ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
പാര്‍ട്ടിയുടെ നേതാക്കളുടെ ഓണ്‍ലൈന്‍ യോഗത്തിലായിരുന്നു വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകര്‍ മെഷീനല്ലെന്നും മനുഷ്യരാണെന്നും പ്രതിഫലം കൊടുക്കാതെയാണ് അവരെ കൊണ്ടു ജോലി ചെയ്യിക്കുന്നത്. അവര്‍ക്കും കുടുംബമുണ്ടെന്നു പാര്‍ട്ടി മറക്കരുത്. പല മണ്ഡലം പ്രസിഡന്റ്റുമാരും രാജി സന്നദ്ധത അറിയിച്ചതായും സംസ്ഥാന സെക്രട്ടറി എംവി ഗോപകുമാര്‍ പറഞ്ഞു. മണ്ഡലം പ്രസിഡന്റുമാര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം പണിയാണ് നല്‍കുന്നതെന്നും വിമര്‍ശിച്ചു.
ശില്പശാല, വാര്‍ഡ് സമ്മേളനം തുടങ്ങിയ കാര്യങ്ങള്‍ നടത്താത്ത മണ്ഡലം പ്രസിഡന്റുമാരെ മാറ്റേണ്ടി വരുമെന്ന് എംടി രമേശ് യോഗത്തെ അറിയിച്ചു. എന്നാല്‍ മണ്ഡലം പ്രസിഡന്റു മാരും മനുഷ്യരാണെന്നും ഓണവും ശ്രീകൃഷ്ണ ജയന്തിയും മണ്ഡലം പ്രസിഡന്റുമാര്‍ക്കും ഉണ്ടെന്നു എല്ലാവരും ഓര്‍ക്കണമെന്നും പദ്മകുമാര്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വം ഓള് ഇന്ത്യ റേഡിയോ പോലെ പെരുമാറരുത്. പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളതും കേള്‍ക്കണം. ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കേ മണ്ഡലം പ്രസിഡന്റുമാരുടെ കഷ്ടപ്പാടുകള്‍ അറിയുള്ളു എന്നായിരുന്നു എംവി ഗോപകുമാറിന്റെ മറുപടി.
കമ്പനി നടത്തും പോലെ പാര്‍ട്ടിയെ കൊണ്ടുപോകാന്‍ ആവുകയില്ല. താഴെ തട്ടില്‍ പ്രവര്‍ത്തകര്‍ക്കു അമിത വര്‍ക്ക് ലോഡാണുള്ളത്ത്. നരേന്ദ്രമോദിയുടെ പിറന്നാള്‍ മുതല്‍ ഗാന്ധിജയന്തി വരെ സേവ പക്വവാഡ. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 2 വരെ കേന്ദ്ര നിര്‍ദേശപ്രകാരം സേവന പ്രവര്‍ത്തനങ്ങള്‍. ഇതിനൊപ്പം നേതൃത്യം പറയുന്ന ശില്പശാലകള്, വാര്‍ഡ് സമ്മേളനങ്ങള്‍ സാമാന്തര വോട്ടര്‍ പട്ടിക ഉണ്ടാക്കല്‍ തുടങ്ങിയവയും നടത്തണം. ഇതൊന്നും മണ്ഡലം പ്രസിഡന്റുമാര്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമാണ്.






