ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്ന് രാഹുല്‍ഗാന്ധി ; മലേഷ്യയില്‍ അവധിക്ക് പോകാന്‍ സമയമുണ്ട്, ഭരണഘടനാ പരിപാടിക്ക് സമയമില്ലെന്ന് വിമര്‍ശനം

ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടു നിന്ന് രാഹുല്‍ഗാന്ധി. ജഗദീപ് ധന്‍കറിന്റെ ഒഴിവിലേക്ക് വന്ന സി.പി. രാധാകൃഷ്ണന് ഇന്ന് രാവിലെയാണ് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ജൂലൈ 21-ന് മുന്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതിമാരായ ജഗ്ദീപ് ധന്‍കര്‍, എം. വെങ്കയ്യ നായിഡു, മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തെങ്കിലും രാഹുല്‍ വിട്ടു നിന്നിരുന്നു.
പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥിയായ ബി. സുദര്ശന് റെഡ്ഡിയെ 152 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രാധാകൃഷ്ണന് ചൊവ്വാഴ്ച ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം പങ്കെടുക്കാത്തതിന് കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്ക് വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഭരണഘടനാലംഘനം എന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. ഭരണഘടനാപരമായ ചടങ്ങിനെ രാഹുല്‍ അപമാനിച്ചുവെന്ന് ആരോപിച്ചു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ട് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഇത്തരം ഒരു ചരിത്രപരമായ ചടങ്ങില്‍ പങ്കെടുക്കേണ്ടത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം ആണെന്നും ഗാന്ധിയുടെ തീരുമാനം ജനാധിപത്യ മൂല്യങ്ങളോടുള്ള അവഗണനയാണെന്നും പറഞ്ഞു. ബി.ജെ.പി. വക്താവ് പ്രദീപ് ഭണ്ഡാരി സമൂഹ മാധ്യമങ്ങളില്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. ഗാന്ധിക്ക് ‘ഇന്ത്യന്‍ ജനാധിപത്യത്തോടും ഭരണഘടനയോടും വെറുപ്പാണെന്ന്’ അദ്ദേഹം ആരോപിച്ചു.
‘രാഹുല്‍ ഗാന്ധി ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുന്നു! കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ചെങ്കോട്ടയിലെ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം ബഹിഷ്കരിച്ചിരുന്നു എന്നും ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തെയും ഭരണഘടനാപരമായ പദവിയിലുള്ള ഒരാളുടെ സത്യപ്രതിജ്ഞയെയും അവഹേളിക്കുന്ന ഒരു വ്യക്തിക്ക് പൊതു ജീവിതത്തില്‍ തുടരാന്‍ യോഗ്യതയുണ്ടോ? എന്നായിരുന്നു ബി.ജെ.പി. നേതാവ് പ്രദീപ് ഭണ്ഡാരി എക്സില്‍ കുറിച്ചത്.
ഗാന്ധിയുടെ വിദേശ യാത്രകളെ കുറ്റപ്പെടുത്തി ഭണ്ഡാരി ഇങ്ങനെ എഴുതി: ‘രാഹുല്‍ ഗാന്ധിക്ക് മലേഷ്യയില്‍ അവധിക്ക് പോകാന്‍ സമയമുണ്ട്, പക്ഷേ ഔദ്യോഗിക ഭരണഘടനാപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ സമയമില്ല! രാഹുല്‍ ഗാന്ധി ഇന്ത്യന്‍ ജനാധിപത്യത്തിന് അപകടകാരിയാണ്! രാഹുല്‍ ഗാന്ധി ഇന്ത്യന്‍ രാഷ്ട്രത്തിനെതിരെയാണ്!’.






