ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ ; വെടി ഉതിര്‍ത്തത് വളരെ വിദൂരത്തുള്ള റൂഫ് ടോപ്പില്‍ നിന്ന് ; സംശയിക്കുന്നത് കോളേജ് വിദ്യാര്‍ത്ഥിയെ

ന്യൂയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കരുത്തനായ അനുകൂലി ചാര്‍ളി കിര്‍ക്കിനെ കൊല്ലാന്‍ ഉപയോഗിച്ചത് വളരെ ഉയര്‍ന്ന സാങ്കേതികതയുള്ള തോക്കെന്ന് റിപ്പോര്‍ട്ട്. എത്ര ദൂരത്ത് നിന്നുപോലും കൃത്യമായി വെടിവെച്ച് വീഴ്ത്താന്‍ കഴിയുന്ന തരത്തിലുള്ള ‘ഉന്നത ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ വനമേഖലയില്‍ നിന്ന് എഫ്ബിഐ കണ്ടെത്തി. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി വനമേഖലയിലേക്ക് ഓടിയിരിക്കാമെന്നാണ് എഫ്ബിഐ കരുതുന്നത്.
പ്രതി കോളേജ് വിദ്യാര്‍ത്ഥിയാണെന്നാണ് എഫ്ബിഐയുടെ നിഗമനം. പ്രതിയുടെ പാദമുദ്ര, കൈപ്പത്തിയുടെ അടയാളം, കൈത്തണ്ടയുടെ അടയാളം എന്നിവയും ശേഖരിച്ചിട്ടുണ്ടെന്നും എഫ്ബിഐ അറിയിച്ചു. കിര്‍ക്കിന്റെ കൊലയാളിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും, ഉടന്‍ തന്നെ അയാളെ തിരിച്ചറിയാന്‍ കഴിയുമെന്നും എഫ്ബിഐ അറിയിച്ചു. യുട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ തോക്ക് അക്രമത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്.
പ്രസംഗിക്കുന്നതിനിടെയാണ് വിദൂര റൂഫ് ടോപ്പില്‍ നിന്ന് കിര്‍ക്കിന് വെടിയേറ്റത്. കൃത്യം നടത്തിയ ശേഷം അക്രമി കെട്ടിടത്തില്‍ നിന്ന് ചാടി അടുത്തുള്ള താമസസ്ഥലത്തേക്ക് ഓടി രക്ഷപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംശയിക്കുന്ന വ്യക്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. രണ്ടുപേരെ ബുധനാഴ്ച കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും, ഇവര്‍ക്ക് വെടിവെപ്പുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് വിട്ടയച്ചതായി പൊതു സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
യുട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍, ‘ദി അമേരിക്കന്‍ കംബാക്ക്’, ‘പ്രൂവ് മി റോംഗ്’ എന്നീ മുദ്രാവാക്യങ്ങള്‍ പതിച്ച ഒരു വെളുത്ത കൂടാരത്തിന് കീഴില്‍ മൈക്ക് പിടിച്ച് സംസാരിക്കുന്ന കിര്‍ക്ക് ഒരു വെടിയൊച്ച കേട്ടതിനുശേഷം, വലതുകൈ ഉയര്‍ത്തുന്നതും കഴുത്തിന്റെ ഇടതുവശത്ത് നിന്ന് രക്തം ചീറ്റുന്നതും കാണാം.






