വായ്പൂര് മുസ്ലിം പഴയ പള്ളി, 836 വർഷം പഴക്കമുള്ള മസ്ജിദ്
പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങാൽ പഞ്ചായത്തിലാണ് പുരാതനമായ വായ്പൂര് മുസ്ലിം പഴയ പള്ളി. ഈ പള്ളിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും മകരം 15 നു നടത്തുന്ന ചന്ദനകുടവും പെരുംബാറ ഉറൂസും പ്രസിദ്ധമാണ്
ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി സ്ഥാപിതമായത് കേരളത്തിലാണല്ലോ. ചേരമാൻ ജുമാ മസ്ജിദ് എന്ന ഈ പള്ളി 629 -ൽ കൊടുങ്ങല്ലൂരിലാണ് സ്ഥാപിക്കപ്പെട്ടത്. എന്നാൽ 836 വർഷം പഴക്കമുള്ള ഒരു മുസ്ലിം പള്ളി പത്തനംതിട്ടയിലുണ്ട്. അതാണ് വായ്പൂര് മുസ്ലിം പഴയ പള്ളി. പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങാൽ പഞ്ചായത്തിലാണ് ഈ മസ്ജിദ് സ്ഥിതിചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ മുസ്ലിം പള്ളിയായ ദില്ലിയിലെ ജൂമാ മസ്ജിദ് പോലും പണിതിരിക്കുന്നത് 1644-’56 കാലഘട്ടത്തിലാണെന്നോർക്കണം.
വായ്പ്പൂര് പ്രദേശത്തെ പ്രസിദ്ധമായ രണ്ടു മുസ്ലിം പള്ളികളാണ് പഴയ പള്ളിയും (Estd: AD1185) പുത്തൻ പള്ളിയും (Estd: AD 1895).
എരുമേലി, കഞ്ഞിരപ്പള്ളി തുടങ്ങിയ 18 കരകളിലെ ആദ്യ മുസ്ലിം പള്ളിയാണ് വായ്പ്പൂര് പഴയ പള്ളി.
റാവുത്തർ, ലബ്ബ വിഭാഗത്തിൽപ്പെട്ട മുസ്ലിം വിഭാഗക്കാരാണ് ഈ പ്രദേശങ്ങളിൽ ഉള്ളത്. മേത്തർ ( രാജാവിന്റെ ആന, കുതിര എന്നീ പടയുടെ മേൽനോട്ടക്കാർ ) എന്ന വാക്കിൽ നിന്നാണ് റാവുത്തർ എന്നവാക്ക് ഉണ്ടായത്. ഇവരുടെ പിന്മുറക്കാർ തമിഴ്നാട്ടിലെ പാണ്ട്യ ദേശക്കാരാണ്. പന്തളം രാജകുടുംബം പാണ്ട്യ ദേശത്തുനിന്നു വന്ന കാലം മുതൽ ഈ ജനവിഭാഗത്തിനും ഈ പ്രദേശവുമായി ബന്ധം ഉണ്ടായിരുന്നു എന്നതിന് തെളിവാണ് എരുമേലി വാവര് പള്ളി. വാവർ സാമിയുടെ 14 മത്തെയോ 15 മത്തെയോ പിന്മുറക്കാരാണ് വായ്പൂര് ഉള്ള ലബ്ബ കുടുംബം.
ഇവരുടെ പിന്മുറക്കാർ യുനാനി ചികിത്സയിൽ അഗ്രഗണ്യർ ആയിരുന്നു. ഈ കുടുംബക്കാരാണ് ശബരിമല വാവരുനടയിൽ വാവർ സാമിയുടെ പിന്മുറക്കാർ.
വായ്പൂര് പഴയ പള്ളിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും മകരം 15 നു നടത്തുന്ന ചന്ദനകുടം പ്രസിദ്ധമാണ്.
ഇതോടൊപ്പം നടത്തുന്ന പെരുംബാറ ഉറൂസും പ്രസിദ്ധം. അതോടൊപ്പം ശരീരത്തിൽ ഉണ്ടാവുന്ന അരിമ്പാറ ഭേദമാകാൻ ആലങ്ങാ ( അരിപൊടിയും ശർക്കരയും മറ്റും ചേർത്ത് ഉണ്ടാക്കുന്നത് ) എറിയുന്ന ഒരു സമ്പ്രദായം പെരുംബാറ ഉറൂസിനോട് അനുബന്ധിച്ചു നടത്തിവരുന്നു.