എംപിയുടെ സഹോദരിക്കും യുപിയില്‍ രക്ഷയില്ല; ബിജെപി എംപിയുടെ സഹോദരിയുടെ ശുചിമുറി ദൃശ്യം പകര്‍ത്തി ഭര്‍തൃപിതാവും സഹോദരനും; തെരുവിലിട്ടു തല്ലിച്ചതയ്ക്കുന്ന ദൃശ്യം പുറത്തു വന്നതിനു പിന്നാലെ പരാതിയുമായി യുവതി

ലക്നൗ: ഭര്‍ത്താവിന്റെ കുടുംബം ക്രൂരമായി മര്‍ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ഉത്തര്‍പ്രദേശിലെ ഫറൂഖാബാദ് ബിജെപി എംപി മുകേഷ് രജ്പുത്തിന്റെ സഹോദരി റീന രജ്പുത്. യുവതിയെ അടുത്തിടെ തെരുവില്‍ ആളുകളുടെ മുന്നിലിട്ട് ഭര്‍തൃപിതാവ് തല്ലിച്ചതയ്ക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ പരാതി. വിവാഹം കഴിഞ്ഞിട്ട് 17 വര്‍ഷമായെന്നും രണ്ട് പെൺമക്കളുണ്ടായി എന്ന കാരണത്താല്‍ ഭർതൃവീട്ടുകാർ നിരന്തരമായി പീഡിപ്പിക്കുന്നുവെന്നുമാണ് പരാതി.
റാണി അവന്തിഭായ് നഗറിലാണ് സംഭവം. സമൂഹമാധ്യമങ്ങളില്‍ വൈറലായ വിഡിയോയിൽ ഭര്‍തൃപിതാവ് നടുറോഡില്‍ യുവതിയെ പലതവണയായി അടിക്കുന്നതും മര്‍ദിക്കുന്നതും കാണാം. താന്‍ കുളിക്കുന്നതിനിടെ ഭര്‍തൃപിതാവും ഭര്‍ത്താവിന്റെ സഹോദരനും രഹസ്യമായി തന്റെ ദൃശ്യങ്ങൾ പകർത്തിയതായും എതിർത്തപ്പോൾ ഭര്‍തൃപിതാവ് മര്‍ദിച്ചതായുമാണ് യുവതി പറയുന്നത്. തോക്കിന്റെ പിൻഭാഗം കൊണ്ട് ആക്രമിച്ചുവെന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവിന്റെ സഹോദരന് ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമിച്ചുവെന്നും യുവതി ആരോപിക്കുന്നു.
തന്നെ ഒഴിവാക്കാനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നതെന്നാണ് യുവതി പറയുന്നത്. പെണ്‍കുട്ടികള്‍ ജനിച്ചതില്‍ പിന്നെ വര്‍ഷങ്ങളായി പീഡനം തുടരുകയാണെന്നും യുവതിയുടെ പരാതിയില്‍ പറയുന്നുണ്ട്. എന്നാല്‍ അവരുടെ ലക്ഷ്യം വിജയിക്കാതെ വന്നപ്പോളാണ് കുളിക്കുമ്പോൾ തന്റെ വിഡിയോ പകർത്തിയതെന്നും യുവതി പറയുന്നു. തന്റെ മകളെയും തല്ലാറുണ്ടെന്നും, തന്നെ മര്‍ദിച്ചപ്പോള്‍ നാട്ടുകാര്‍ കണ്ടുന്നിന്നു, ആരും സഹായിക്കാന്‍ പോലും മുന്നോട്ട് വന്നില്ലെന്നും പരാതിയിലുണ്ട്.
സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനവും പ്രതിഷേധവുമാണ് സോഷ്യല്‍മീഡിയില്‍. ഇതാണ് പൊലീസിൽ നടപടിയെടുക്കാനുള്ള സമ്മർദ്ദം വർദ്ധിപ്പിച്ചത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു. bjp-mp-mukesh-rajput-sister-alleges-abuse-father-in-law-and-brother-in-law-secretly-filmed-her-in-bathroom






