ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; നവംബര്‍ 4 വരെ കേരള തീരത്ത് മത്സ്യബന്ധനം പാടില്ല
ഇന്നു (നവംബര്‍ 02) മുതല്‍ നവംബര്‍ നാല് വരെ കേരള തീരത്തും നവംബര്‍ മൂന്ന്, നാല് തീയതികളില്‍ ലക്ഷദ്വീപ് തീരത്തും നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ കര്‍ണാടകാ തീരത്തും മണിക്കൂറില്‍ 40 മുതല്‍ 50 കിലോ മീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യുനമര്‍ദ്ദം നിലവില്‍ കോമറിന് ഭാഗത്തും സമീപ പ്രദേശങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ പ്രവേശിക്കുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിച്ചേക്കാമെന്നും കാലാവസഥാ വകുപ്പ് മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നവംബര്‍ നാല് വരെ മത്സ്യബന്ധനം പാടില്ലെന്നും മത്സ്യ തൊഴിലാളികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം ഇ.മുഹമ്മദ് സഫീര്‍ അറിയിച്ചു.
ഇന്ന് കേരള -കന്യാകുമാരി തീരത്തും നാളെ മുതല്‍ നവംബര്‍ ആറ് വരെ തെക്ക് -കിഴക്കന്‍ അറബിക്കടലിലും നവംബര്‍ അഞ്ച്, ആറ് തീയതികളില്‍ മധ്യ-കിഴക്കന്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ ദിവസങ്ങളില്‍ മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് അറിയിപ്പില്‍ പറയുന്നു.