കോൺഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ ജോജു പ്രതികരിച്ചതിനു പിന്നാലെതന്നെ ഇദ്ദേഹത്തിന്റെ പേജിൽ സമര അനുകൂലികളും വിരുദ്ധരും തമ്മിൽ വാക്പോരുകൾ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചെയ്ത് പ്രതിഷേധം അറിയിച്ചിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്.
ഇതിനിടെ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി വാർത്തകൾ പ്രചരിച്ചിരുന്നു. അക്കൗണ്ടുകൾ സ്വന്തം ഇഷ്ടപ്രകാരം നീക്കം ചെയ്തതാണെന്ന് ജോജുവിനോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകൾ തൽക്കാലം ഇനി വേണ്ടെന്നാണ് താരത്തിന്റെ നിലപാട്. ഏറെ സജീവമായിരുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് നടൻ ഡീലിറ്റ് ചെയ്തത്. തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷക മനസിൽ തനിക്ക് സ്ഥാനമുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ അത് പങ്കുവയ്‌ക്കേണ്ട ആവശ്യമില്ലെന്നുമാണ് ജോജു അറിയിച്ചത്.
അതേസമയം, കോൺഗ്രസ് സമരത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് ജോജു ജോർജിന്റെ വാഹനം ആക്രമിച്ച കേസിൽ 15 കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആണ് ഒന്നാംപ്രതി. വി.ജെ.പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി. വി.പി.സജീന്ദ്രൻ, ദീപ്തി മേരി വർഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെയും പ്രതിചേർത്തിട്ടുണ്ട്.
ദേശീയപാത ഉപരോധിച്ചതിനും നടൻ ജോജു ജോർജിന്റെ വാഹനം തകര്‍ത്തതിനും ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയായിരിക്കും അറസ്റ്റ്. വാഹനത്തിന്റെ ചില്ലു തകര്‍ത്തതടക്കം ജോജുവിന്റെ പരാതിയില്‍ ഇന്നുതന്നെ അറസ്റ്റുണ്ടാകുമെന്ന് കമ്മിഷണര്‍ സി.എച്ച്. നാഗരാജു അറിയിച്ചു. ജോജുവിനെതിരായ പരാതിയിൽ തെളിവില്ലെന്ന് കമ്മിഷണര്‍ വ്യക്തമാക്കിയതോടെ കടുത്ത പ്രതിഷേധത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം.