കുന്നംകുളം കസ്റ്റഡി മര്‍ദനം: പൊലീസുകാര്‍ക്കെതിരെ ‘കര്‍ശന’നടപടി; രണ്ട് വര്‍ഷത്തെ ഇന്‍ക്രിമെന്റ് തടഞ്ഞു!

തൃശൂര്‍: കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ് സുജിത്തിനെ ക്രൂരമായി മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ചത് ലളിതമായ നടപടി മാത്രമാണ്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം തൃശൂര്‍ ഡിഐജി ഹരിശങ്കര്‍ പറഞ്ഞിരുന്നു. എന്നാല്‍ എന്താണ് നടപടിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചെങ്കിലും അത് പരിശോധിക്കണം എന്ന് പറഞ്ഞു അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.
പൊലീസില്‍ സ്റ്റേഷനില്‍വെച്ച് നടന്ന അതിക്രൂരമായ മര്‍ദനത്തെ ലളിതവത്കരിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഐജി ഡിജിപിക്ക് നല്‍കിയത്. കൈകൊണ്ട് ഇടിച്ചു എന്ന കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുറ്റാരോപിതരെ സ്ഥലംമാറ്റിയെന്നും ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ സമീപ സ്റ്റേഷനിലേക്കുള്ള സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കാനാവില്ലെന്ന വിമര്‍ശനമുണ്ട്.
കോടതി പ്രതിചേര്‍ത്ത സിപിഒ ശശിധരനെതിരെ പൊലീസ് അച്ചടക്ക നടപടി സ്വീകരിച്ചിട്ടുമില്ല. പ്രതിചേര്‍ത്തതില്‍ മൂന്നുപേര്‍ക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. സുജിത്തിനെ മര്‍ദിക്കുന്ന ദൃശ്യങ്ങളില്‍ ശശിധരന്‍ ഇല്ലെന്ന പേരിലാണ് അദ്ദേഹത്തെ ഒഴിവാക്കിയത്. എന്നാല്‍ ഈ വാദം തള്ളുന്നതാണ് പുറത്തുവന്ന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ അന്വേഷണ റിപ്പോര്‍ട്ട്. സുജിത്തിനെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുമ്പോള്‍ ശശിധരന്‍ പുറത്തുനിന്ന് കയറിവരുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ജിഡി ചാര്‍ജില്‍ ഉണ്ടായിരുന്ന ശശിധരന്‍ പുറത്തുനിന്ന് വന്നതിനാല്‍ സുജിത്തിനെ ദേഹോപദ്രവം ഏല്‍പ്പിച്ചു എന്ന കാര്യം സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ നിഗമനം. അന്വേഷണ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് ശശിധരനെതിരായ നടപടി ഒഴിവാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി.എസ് സുജത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. 2023 ഏപ്രില്‍ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മര്‍ദിച്ചത്. എസ്ഐ നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരയാരിന്നു സുജിത്തിനെ മര്‍ദിച്ചത്.






