വയോജനങ്ങൾക്കായി ഹെൽപ് ലൈൻ -14567; പ്രവർത്തനം ആരംഭിച്ചു
മുതിർന്ന പൗരൻമാരുടെ പരാതികൾ പരിഹരിക്കാനും അവരുടെ ക്ഷേമവും സുംരക്ഷണവും ഉറപ്പ് വരുത്തുന്നതിനുമായി സംസ്ഥാനതലത്തിൽ 14567 എന്ന ടോൾ ഫ്രീ ഹൽപ്പ് ലൈൻ പ്രവർത്തനും ആരംഭിച്ചു. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈൻ മുഖേന ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി പൊഫ. ആർ ബിന്ദു നിർവഹിച്ചു. ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് പദ്ധതിയുടെ ബ്രോഷറിന്റെയും പോസ്റ്ററിന്റെയും പ്രകാശനം നിർവഹിച്ചു. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ആസ്ഥാനമാക്കിയാണ് ഹെൽപ് ലൈൻ സജ്ജീകരിച്ചിരിക്കുന്നത്. മുതിർന്ന പൗരൻമാർക്ക് ഏതു ആവശ്യങ്ങൾക്കും 14567 എന്ന ടോൾഫ്രീ നമ്പറിൽ രാവിലെ 8 മുതൽ രാത്രി 8 വരെ ബന്ധപ്പെടാം.
ഹെൽപ് ലൈൻ ആഴ്ചയിൽ എല്ലാദിവസവും പ്രവർത്തിക്കും. 60 വയസ് മുതലുള്ളവർക്കു സേവനം ലഭിക്കും. ഫോണിലൂടെയുള്ള സംശയ നിവാരണത്തിന് കാൾ ഓഫീസർമാരും, നേരിട്ടുള്ള ഇടപെടലുകൾക്കായി ഫീൽഡ് റെസ്പോൺസ് ഓഫീസർമാരും ലീഡേഴ്സും പ്രൊജക്ട് മാനേജരും അഡ്മിൻ /ഫിനാൻസ് ഓഫീസറും അടങ്ങുന്നതാണ് എൽഡർലൈൻ ടീം. ഹെൽപ്ലൈൻ വഴി ലഭിക്കുന്ന പരാതികൾ CRM പോർട്ടലിൽ രേഖപ്പെടുത്തും. പരാതിയുടെ സ്വഭാവം പരിശോധിച്ച ശേഷം ബന്ധപ്പെട്ട വകുപ്പുകൾക്ക് തുടർനടപടി സ്വീകരിക്കാൻ കൈമാറും. നടപടി സ്വീകരിച്ചതായി ഉറപ്പാക്കുകയും ചെയ്യും. കേരള പോലീസ്, ഹെൽത്ത് ഡിപാർട്ട്മെന്റ്, ലീഗൽ സർവീസസ് അതോറിറ്റി, കുടുംബശ്രീ, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങൾ, റവന്യു ഡിപ്പാർട്ട്മെന്റ് മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുടെ സുംയുക്ത സഹകരണത്തോടെയാണ് ഹെൽപ് ലൈൻ പ്രവർത്തിക്കുക.
സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകൾ വയോജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, അതുമായി ബന്ധപ്പെട്ടുള്ള പരാതികൾ, പെൻഷൻ/ സർക്കാർ സന്നദ്ധ സ്ഥാപനങ്ങൾ നടത്തുന്ന വൃദ്ധ സദനങ്ങൾ, വയോജന സംരക്ഷണ കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ, മാർഗനിർദേശങ്ങൾ, മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 മായി ബന്ധപ്പെട്ടുള്ള സഹായങ്ങൾ, മറ്റു നിയമ സഹായങ്ങൾ മുതിർന്ന പൗരൻമാർക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ ആവശ്യമായ ഇടപെടലുകൾക്കും ഈ നമ്പറിൽ സഹായം ലഭിക്കും.
വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങൾക്കും കോവിഡാനന്തര മാനസിക സംഘർഷങ്ങൾക്കും പിൻതുണയും ലഭിക്കും. അഗതികളായ വയോജനങ്ങളുടെ പുനരധിവാസം, മാനസികവും ശാരീരികവുമായി ചൂഷണം നേരിടുന്ന പ്രായമായവർക്കുള്ള പിൻതുണയും ഉറപ്പാക്കാനാവും.