താമസിച്ചാലല്ലേ കുഴപ്പം! 4.5 മണിക്കൂര്‍ മുന്‍പേ വിമാനം പുറപ്പെട്ടു; കരിപ്പൂരില്‍ പ്രതിഷേധിച്ച് യാത്രക്കാരന്

കോഴിക്കോട്: സമയക്രമത്തില്‍ മാറ്റം വരുത്തി വിമാനം നാലര മണിക്കൂര്‍ മുന്‍പേ പറന്നു. സമയം മാറ്റിയത് അറിയിച്ചില്ലെന്നു പറഞ്ഞ് ഏതാനും യാത്രക്കാര്‍ വിമാനത്താവളത്തില്‍ ബഹളം വച്ചു. ബെംഗളൂരുവിലേക്ക് ഇന്നലെ രാത്രി 8.30നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനമാണ് വൈകിട്ട് നാലിനു പുറപ്പെട്ടത്.
ഇതറിയാതെ എത്തിയ യാത്രക്കാരാണ് പ്രതിഷേധിച്ചത്. സമയമാറ്റം അറിയിച്ചിരുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍, യാത്രക്കാരെ വിവരമറിയിച്ചിരുന്നുവെന്നാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. ടിക്കറ്റ് തുക തിരിച്ചുനല്‍കാമെന്നാണ് പിന്നീട് വിമാനക്കമ്പനി അധികൃതര്‍ അറിയിച്ചതെന്നു യാത്രക്കാര്‍ പറഞ്ഞു.
അതേസമയം, കരിപ്പൂരില്‍ ഒന്നാം തീയതി ഉച്ചയ്ക്ക് 1.40 ന് കരിപ്പൂരില്‍ നിന്നും ദുബായിലേക്ക് പോകേണ്ട വിമാനമാണ് വൈകിയത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സങ്കേതിക തകരാറാണ് വിമാനം വൈകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്. വിമാനം വൈകിയതോടെ രണ്ട് തുടര്‍ സര്‍വ്വീസുകളും റദ്ദാക്കി. വൈകിട്ട് ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി മസ്കത്തിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്. റദ്ദാക്കല്‍ യാത്രക്കാരെ മുന്‍കൂട്ടി അറിയിച്ചതായി അധികൃതര്‍ അറിയിച്ചു.






