ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി: മുഖ്യമന്ത്രിക്ക് ഇന്ന് വിവാഹ വാര്‍ഷികം; ക്ഷണക്കത്ത് പങ്കുവച്ച് മന്ത്രി

തിരുവനന്തപുരം: 46ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും. ‘ഒരുമിച്ചുള്ള 46 വര്‍ഷങ്ങള്‍’ എന്ന തലക്കെട്ടോടെ വിവാഹചിത്രം മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തു. മന്ത്രി വി.ശിവന്‍കുട്ടി വിവാഹക്ഷണക്കത്ത് പോസ്റ്റ് ചെയ്താണ് ആശംസ അറിയിച്ചത്.
1979 സെപ്റ്റംബര്‍ 2 ഞായറാഴ്ചയാണ് വടകര ഒഞ്ചിയം തൈക്കണ്ടി സ്വദേശിനിയായ കമലയെ പിണറായി വിവാഹം കഴിച്ചത്. തലശേരിയിലെ സെന്റ് ജോസഫ്‌സ് സ്‌കൂള്‍ അധ്യാപികയായിരുന്നു കമല. കൂത്തുപറമ്പ് എംഎല്‍എയും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയി പ്രവര്‍ത്തിക്കുമ്പോഴായിരുന്നു പിണറായി വിജയന്റെ വിവാഹം.
1979ല്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദനാണു വിവാഹത്തിനു ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. തലശേരി ടൗണ്‍ ഹാളില്‍ വച്ചായിരുന്നു വിവാഹം. 1979 ഓഗസ്റ്റ് ഒന്നിന് ഇറക്കിയ ക്ഷണക്കത്തില്‍ സമ്മാനങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശവും ഉണ്ടായിരുന്നു.






