ബലാത്സംഗക്കേസില്‍ അറസ്റ്റിലായി, പോലീസ് കസ്റ്റഡിയില്‍ നിന്നും ഒരു പോലീസുകാരനെ വാഹനമിടുപ്പിച്ച് കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെട്ടു ; ആംആദ്മിപാര്‍ട്ടി എംഎല്‍എ ഇപ്പോള്‍ ഒളിവില്‍

ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ പഞ്ചാബ് എംഎല്‍എ പോലീസിന് നേരെ വെടിയുതിര്‍ത്ത ശേഷം ഒരു പോലീസുകാരനെ വാഹനമിടിച്ച് കൊലപ്പെടുത്തി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. രണ്ട് വാഹനങ്ങളിലായി രക്ഷപ്പെട്ട എംഎല്‍എയ്ക്കും കൂട്ടാളികള്‍ക്കുമായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.
സനൂര്‍ മണ്ഡലത്തിലെ എഎപി എംഎല്‍എയായ ഹര്‍മീത് പഠാന്‍മാജ്രയെ ഇന്ന് രാവിലെ കര്‍ണാലില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ലോക്കല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ, പഠാന്‍മാജ്രയും കൂട്ടാളികളും പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പോലീസുകാരന്‍ തടയാന്‍ ശ്രമിച്ചപ്പോള്‍, ഇവര്‍ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശേഷം രണ്ട് എസ്യുവികളിലായി രക്ഷപ്പെട്ടു. പിന്നീട്, പോലീസ് ഫോര്‍ച്യൂണര്‍ വാഹനം തടഞ്ഞു. എന്നാല്‍ എംഎല്‍എ മറ്റൊരു വാഹനത്തിലായിരുന്നതിനാല്‍ ഇപ്പോഴും ഒളിവിലാണ്. എംഎല്‍എയെ പിടികൂടാനായി പോലീസ് സംഘങ്ങള്‍ തിരച്ചില്‍ തുടരുകയാണ്.
ഹരിയാന സിഖ് ഗുരുദ്വാര മാനേജ്മെന്റ് കമ്മിറ്റിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗമായ ഗുര്‍നാം സിംഗ് ലാഡിയുടെ ദബ്രി ഗ്രാമത്തിലുള്ള വീട്ടില്‍ പഠാന്‍മാജ്ര അഭയം തേടിയതായി സൂചനയുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍, പോലീസ് വീട്ടിലെത്തിയപ്പോഴേക്കും ഇയാള്‍ മതില്‍ ചാടിക്കടന്ന് രക്ഷപ്പെടുകയും പിന്നീട് ബന്ധുക്കളെന്ന് കരുതുന്ന ചിലരുടെ സഹായത്തോടെ അവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.
കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച എഫ്ഐആര്‍ അനുസരിച്ച്, ബലാത്സംഗം, വഞ്ചന, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പഠാന്‍മാജ്രയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. സിരാക്പൂര്‍ സ്വദേശിയായ ഒരു യുവതി നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഠാന്‍മാജ്ര താന്‍ വിവാഹമോചിതനാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി ബന്ധം സ്ഥാപിക്കുകയും പിന്നീട് 2021-ല്‍ ഇയാള്‍ വിവാഹിതനായിരിക്കെ തന്നെ യുവതിയെ വിവാഹം കഴിച്ചതായും പരാതിയില്‍ പറയുന്നു. ലൈംഗികമായി ചൂഷണം ചെയ്‌തെന്നും ഭീഷണിപ്പെടുത്തിയെന്നും അശ്ലീല ദൃശ്യങ്ങള്‍ അയച്ചെന്നും യുവതി ആരോപിക്കുന്നു.






