സി.ഇ.ഒമാര്‍ക്ക് കെട്ടകാലം! കീഴുദ്യോഗസ്ഥയുമായി അവിഹിതം; ‘അസ്ട്രോണമറി’നു പിന്നാലെ ‘നെസ്‌ലെ’യിലും നടപടി

സൂറിച്ച്: സഹപ്രവര്‍ത്തകയുമായുള്ള രഹസ്യ ബന്ധം പുറംലോകമറിഞ്ഞ് അസ്ട്രോണമര്‍ കമ്പനി സിഇഒ ആന്‍ഡി ബൈറണ്‍ പുറത്തായ സംഭവത്തിനു പിന്നാലെ കോര്‍പറേറ്റ് ലോകത്തുനിന്ന് സമാനമായ മറ്റൊരു സംഭവം കൂടി. കീഴുദ്യോഗസ്ഥയുമായി രഹസ്യ ബന്ധം സൂക്ഷിച്ചതിന് സിഇഒ ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കിയിരിക്കുകയാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നുള്ള ആഗോള ഭക്ഷ്യോല്‍പന്ന ബ്രാന്‍ഡായ നെസ്‌ലെ. അന്വേഷണത്തിനൊടുവിലാണ് സിഇഒയെ പുറത്താക്കിയതെന്നു നെസ്?ലെ അറിയിച്ചു. ഉപബ്രാന്‍ഡായ നെസ്‌പ്രെസ്സോയുടെ സിഇഒ ഫിലിപ്പ് നവ്‌രാറ്റിലിനെ കമ്പനിയുടെ പുതിയ സിഇഒ ആയി നിയമിക്കുകയും ചെയ്തു.
കമ്പനിയുടെ പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് കീഴുദ്യോഗസ്ഥയുമായി രഹസ്യ പ്രണയബന്ധത്തിലേര്‍പ്പെട്ടതിനാണ് ലോറന്റ് ഫ്രീക്‌സിയെ പുറത്താക്കിയതെന്ന് നെസ്ലെ പ്രസ്താവനയില്‍ പറഞ്ഞു. ഇത് അത്യാവശ്യമായ തീരുമാനമാണ്. നെസ്ലെയുടെ മൂല്യങ്ങളും ഭരണനിര്‍വഹണവുമാണ് കമ്പനിയുടെ അടിത്തറ. വര്‍ഷങ്ങളുടെ സേവനത്തിന് ലോറന്റ് ഫ്രീക്‌സിക്ക് നന്ദി അറിയിക്കുന്നു കമ്പനി ചെയര്‍മാന്‍ പോള്‍ ബള്‍ക്ക് പറഞ്ഞു.
40 വര്‍ഷത്തോളം നീണ്ട സേവനത്തിനൊടുവിലാണ് ലോറന്റ് ഫ്രീക്‌സിക്ക് നെസ്ലെയില്‍നിന്നു പടിയിറിങ്ങേണ്ടിവന്നത്. 1986ല്‍ കമ്പനിയിലെത്തിയ ഫ്രീക്‌സി 2014 വരെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങളുടെ മേധാവിയായിരുന്നു. പിന്നീട് ലാറ്റിന്‍ അമേരിക്കന്‍ ഡിവിഷനെയും നയിച്ച ശേഷമാണ് സിഇഒ സ്ഥാനത്തെത്തിയത്. സിഇഒക്ക് ജീവനക്കാരിയുമായി ബന്ധമുണ്ടെന്ന കാര്യം കമ്പനി ചെയര്‍മാന്‍ പോള്‍ ബള്‍ക്കിന്റെ മേല്‍നോട്ടത്തില്‍ സ്വതന്ത്ര ഡയറക്ടര്‍ പാബ്ലോ ഇസ്‌ല അന്വേഷിച്ചിരുന്നു. ഇതിനു പിന്നാലെയാണു പുറത്താക്കല്‍ നടപടി.
കഴിഞ്ഞ ജൂലൈയിലാണ് ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ അസ്ട്രോണമറിന്റെ സിഇഒ ആന്‍ഡി ബൈറണും കമ്പനിയുടെ എച്ച്ആര്‍ മേധാവി ക്രിസ്റ്റിന്‍ കബോട്ടും തമ്മിലുള്ള ബന്ധം പുറത്തറിഞ്ഞ് വിവാദമായതും ഒടുവില്‍ സിഇഒ സ്ഥാനം രാജിവച്ചതും. കോള്‍ഡ് പ്ലേ സംഗീത പരിപാടിക്കിടെ ഇരുവരും ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന ദൃശ്യങ്ങള്‍ ലൈവ് വിഡിയോയിലൂടെ സ്‌ക്രീനില്‍ കാണിക്കുകയായിരുന്നു.






