ഒരു ദിവസം 17 വാഴപ്പഴം കഴിക്കാമെന്ന് ഇന്‍ഫ്ളുവന്‍സര്‍; ശരിക്കും എത്ര എണ്ണം കഴിക്കാം?

ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ഒരു വീഡിയോയില്‍ ഇന്‍ഫ്ളുവന്‍സറായ മിഷേല്‍ തോംസണ്‍ ഒരു ദിവസം 17 വാഴപ്പഴം കഴിക്കാറുണ്ടെന്ന് അവകാശപ്പെടുന്നുണ്ട്. എന്താല്ലേ.. ഒരു ദിവസം 17 വാഴപ്പഴം നിങ്ങള്‍ക്ക് കഴിക്കാന്‍ സാധിക്കുമോ? സംശയമുണ്ടോ..വീഡിയോയുടെ താഴെ വന്നിരിക്കുന്ന കമന്റുകളില്‍ അമിതമായി വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ എന്ന് പല ആളുകളും ചോദിക്കുന്നുണ്ട്. അതിന് ഉത്തരം പറയുകയാണ് പൂനയിലെ ജൂപ്പിറ്റര്‍ ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ എന്‍ട്രോളജിസ്റ്റായ സുഹാസ് ഉഡ്ഗികര്‍.
അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. ‘വാഴപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണ്. വാഴപ്പഴത്തില്‍ ധാരാളം നാരുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. വാഴപ്പഴം കഴിക്കുന്നത് വയറ് നിറഞ്ഞിരിക്കാന്‍ സഹായിക്കുന്നു’ . ഇങ്ങനെയൊക്കെ പറയുമ്പോഴും ഇതിന്റെ മറുവശം കൂടി പറയുകയാണ് അദ്ദേഹം.
ഭക്ഷണത്തില്‍ നാരുകള്‍ ഉള്‍പ്പെടുത്താന്‍ വാഴപ്പഴം ഒരു നല്ല മാര്‍ഗമാണെങ്കിലും അമിതമായി കഴിക്കുന്നത് വയറുവേദന,ഓക്കാനം, ഛര്‍ദി, വയറ് വീര്‍ക്കല്‍ എന്നിവയുണ്ടാകാന്‍ കാരണമാകുന്നു. ഇനി പ്രമേഹരോഗികളുടെ കാര്യമെടുത്താല്‍ ചിലര്‍ ഷുഗറുള്ളതുകൊണ്ട് ആഹാരം നിയന്ത്രിക്കാന്‍ വാഴപ്പഴം കഴിച്ചേക്കാം എന്ന് കരുതാറുണ്ട്. അതിലും പ്രശ്നമുണ്ട്. പ്രമേഹ രോഗികള്‍ക്ക് എല്ലാ മാക്രോ ന്യൂട്രിയന്റുകളും ഉള്‍പ്പെടുന്ന സമീകൃത ആഹാരം ആവശ്യമാണ്. ഏന്നാല്‍ വാഴപ്പഴത്തിന്റെ അളവ് കൂടിയാല്‍ ഇത് സന്തുലിതാവസ്ഥയെ തകര്‍ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കുകയും ചെയ്യും. വൃക്ക രോഗമുള്ളവരും അമിതമായി വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം.
വാഴപ്പഴം പോലെ പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടാനിടയാവുകയും ഹൈപ്പര്‍ കലീമിയ എന്ന അവസ്ഥ ഉണ്ടാകാനിടയാക്കുകയും ചെയ്യും. രക്തക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ഉയരുമ്പോള്‍ ജീവന് ഭീഷണിയുണ്ടാകുന്ന ഒരു അവസ്ഥയുണ്ടാകുന്നു. പൊട്ടാസ്യത്തിന്റെ അമിതമായതോ പെട്ടെന്നുള്ളതോ ആയ വര്‍ദ്ധന ഹൃദയമിടിപ്പ് കൂട്ടുകയും, പേശികള്‍ ബലഹീനമാക്കുകയും പക്ഷാഘാതം ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. മാത്രമല്ല വൃക്ക പ്രശ്നങ്ങള്‍, പ്രമേഹം അല്ലെങ്കില്‍ അഡിസണ്‍സ് രോഗം പോലുള്ള രോഗാവസ്ഥകള്‍ മോശമാകാന്‍ കാരണമാകുകയും ചെയ്യുന്നു.
ഒരു ദിവസം എത്ര വാഴപ്പഴം കഴിക്കാം
ആരോഗ്യമുള്ള ആളുകള്‍ ഒരു ദിവസം ഒന്നോ രണ്ടോ വാഴപ്പഴം കഴിച്ചാല്‍ മതിയാകും. മിതമായ അളവില്‍ കഴിക്കുമ്പോള്‍ വാഴപ്പഴത്തിലെ നാരുകള്‍ ദഹന ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. പൊട്ടാസ്യം ഹൃദയത്തിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. ആമാശയത്തിലെ ആസിഡിനെ നിര്‍വ്വീര്യമാക്കുന്നു, നെഞ്ചെരിച്ചില്‍ ഒഴിവാക്കുന്നു,വേഗത്തില്‍ ഊര്‍ജം നല്‍കുന്നു, മാത്രമല്ല വാഴപ്പഴത്തിലെ ട്രിപ്റ്റോഫാന്‍ നല്ല അനുഭവങ്ങള്‍ പകര്‍ന്നുനല്‍കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററായ സെറാടോണിന്റെ ഉത്പാദനത്തെ സഹായിക്കുന്നു ഇതൊക്കെ വാഴപ്പഴത്തിന്റെ ഗുണങ്ങളാണെന്ന് ഡോ. സുഹാസ് ഉഡ്ഗികര്‍ പറയുന്നു.






