Breaking NewsKeralaLead NewsNEWS

കണ്ണൂരില്‍ മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം; വൈകിയത് മൂന്ന് ട്രെയിനുകള്‍

കണ്ണൂര്‍: പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം മദ്യലഹരിയില്‍ ട്രാക്കില്‍ കിടന്ന് യുവാവിന്റെ പരാക്രമം. പഴയങ്ങാടി സ്വദേശി ബാദുഷ ആണ് ആത്മഹത്യ ഭീഷണി മുഴക്കി ട്രാക്കില്‍ കിടന്ന് പരാക്രമം നടത്തിയത്. പിടിച്ചുമാറ്റാനെത്തിയവരെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്ത് ആര്‍പിഎഫിനു കൈമാറി. അതിനിടെ മൂന്ന് ട്രെയിനുകളാണ് വൈകിയത്.

പഴയങ്ങാടി റെയില്‍വേ സ്റ്റേഷനു സമീപം റെയില്‍വേ ട്രാക്കില്‍ ഇരുപ്പുറപ്പിച്ച പ്രതിയെ ആദ്യം കണ്ടത് ട്രാക്കിലുണ്ടായിരുന്ന റെയില്‍വേ ജീവനക്കാരാണ്. മാറാന്‍ പറഞ്ഞവരോട് അസഭ്യം പറഞ്ഞും കല്ലെറിയാന്‍ ശ്രമിച്ചുമായിരുന്നു പരാക്രമം. പിന്നാലെ ആത്മഹത്യ ഭീഷണി മുഴക്കി. മദ്യലഹരിയിലായിരുന്ന ഇയാളെ പഴയങ്ങാടി പൊലീസെത്തി പിടിച്ചുമാറ്റുകയായിരുന്നു.

Signature-ad

അതിനിടെ, ഒരു ഗുഡ്സ് ട്രെയിനും രണ്ടു പാസഞ്ചര്‍ ട്രെയിനുകളും സ്റ്റേഷനു സമീപം പിടിച്ചിട്ടു. ഇയാള്‍ക്ക് മാനസിക പ്രശ്നങ്ങള്‍ ഉളളതായി പൊലീസ് പറഞ്ഞു. കണ്ണൂരില്‍ നിന്നെത്തിയ ആര്‍പിഎഫ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. ട്രെയിന്‍ തടഞ്ഞതടക്കമുളള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

 

Back to top button
error: