Breaking NewsKeralaLead NewsNEWS

ഓണ’ക്കൊള്ള’! സ്വകാര്യബസിന് ബെംഗളൂരു-തിരുവനന്തപുരം ടിക്കറ്റ് നിരക്ക് 4100 രൂപ വരെ! കണ്ണുതുറക്കാതെ റെയില്‍വേ

തിരുവനന്തപുരം: ഓണമായതോടെ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ദീര്‍ഘദൂര സ്വകാര്യ ബസുകള്‍. ബെംഗളൂരു-തിരുവനന്തപുരം ടിക്കറ്റ് നിരക്ക് എസി സ്ലീപ്പര്‍ ബസുകളില്‍ 1500 മുതല്‍ 2500 വരെയുണ്ടായിരുന്നത് 2950 മുതല്‍ 4100 രൂപ വരെയാണു വര്‍ധിപ്പിച്ചിരിക്കുന്നത്. നോണ്‍ എസി ബസുകളിലെ നിരക്കും ഇരട്ടിയായിട്ടുണ്ട്. നോണ്‍ എസി സീറ്റര്‍ ബസുകളില്‍ നിരക്ക് 2000 രൂപയായി. കെഎസ്ആര്‍ടിസി ഒട്ടേറെ സ്‌പെഷലുകള്‍ പ്രഖ്യാപിച്ചെങ്കിലും സെപ്റ്റംബര്‍ 3ന് ബെംഗളൂരുവില്‍ നിന്നു കേരളത്തിലേക്കുള്ള സര്‍വീസുകളിലൊന്നും സീറ്റുകള്‍ ഒഴിവില്ല.

സ്ഥിരമായുള്ള 7 ബസുകള്‍ക്കു പുറമേ പുതിയ ബസുകള്‍ ഉപയോഗിച്ച് 9 അധിക സര്‍വീസുകള്‍ ക്രമീകരിച്ചിട്ടും ഒറ്റ ബസിലും എറണാകുളത്തേക്ക് അന്നു ടിക്കറ്റില്ല. ഓണം കഴിഞ്ഞു കൂടുതല്‍ പേരും മടങ്ങുന്ന സെപ്റ്റംബര്‍ 7 ഞായറാഴ്ച സ്വകാര്യ എസി സ്ലീപ്പര്‍ നിരക്ക് 4949 രൂപ വരെയായിട്ടുണ്ട്. തിരുവനന്തപുരം-ചെന്നൈ ബസ് നിരക്കും ഗണ്യമായി കൂട്ടിയിട്ടുണ്ട്. 2650 മുതല്‍ 4300 രൂപ വരെയാണു നിരക്കുകള്‍.

Signature-ad

7ന് ചെന്നൈ, ബെംഗളൂരു റൂട്ടുകളിലും ട്രെയിനുകളില്‍ ടിക്കറ്റില്ല. തിരുവനന്തപുരം-ബെംഗളൂരു സ്‌പെഷല്‍ ട്രെയിനില്‍ വെയ്റ്റ് ലിസ്റ്റ് 295 കടന്നു. കഴിഞ്ഞ ഓണത്തിന് കോട്ടയത്തു നിന്നു ചെന്നൈയിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണ സര്‍വീസില്ല. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കു കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകളോടിക്കണമെന്നു യാത്രക്കാര്‍ പറഞ്ഞു. ഇതിനാവശ്യമായ കോച്ചുകള്‍ റെയില്‍വേയുടെ പക്കലുണ്ട്. തിരുവനന്തപുരം- നോര്‍ത്ത്‌ബെംഗളൂരു ഹംസഫറിന്റെ കോച്ചുകള്‍ ചൊവ്വാഴ്ച സ്‌പെഷല്‍ സര്‍വീസ് നടത്താന്‍ ലഭ്യമാണ്. ആഴ്ചയിലൊരിക്കലുള്ള 2 എറണാകുളം-നിസാമുദ്ദീന്‍ ട്രെയിനുകളുടെ കോച്ചുകളും സ്‌പെഷല്‍ സര്‍വീസിനായി റെയില്‍വേയുടെ പക്കലുണ്ട്.

കഴിഞ്ഞ ഓണത്തിന് തിരുവനന്തപുരം നോര്‍ത്ത് ചെന്നൈ എസി എക്‌സ്പ്രസ് ഉണ്ടായിരുന്നതു യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. ചെന്നൈ എഗ്മൂറിലെ പണികളുടെ പേരില്‍ ട്രെയിന്‍ റദ്ദാക്കിയതോടെ ആ സര്‍വീസും ഇല്ലാതായി. ഒക്ടോബറില്‍ ദീപാവലി സ്‌പെഷലിന് തിരുവനന്തപുരം-മുംബൈ സിഎസ്എംടി ട്രെയിനിന്റെ കോച്ചുകള്‍ ഉപയോഗിച്ചു റെയില്‍വേ സ്‌പെഷല്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ഓണസമയത്ത് ആരംഭിച്ചാല്‍ കൂടുതല്‍ യാത്രക്കാര്‍ക്കു പ്രയോജനപ്പെടുമെന്നു ചെന്നൈ യാത്രക്കാര്‍ പറഞ്ഞു.

Back to top button
error: