Breaking NewsIndiaLead NewsNEWS

യുഎസ് തീരുവ ഭീഷണയില്‍ തളരില്ല, ഇന്ത്യയുടെ ജിഡിപി 34.2 ലക്ഷം കോടി ഡോളറിലേക്കെത്തും; 2038 ല്‍ ഇന്ത്യ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് ഇക്കണോമി വാച്ച് റിപ്പോര്‍ട്ട്

മുംബൈ: 2038-ഓടെ വാങ്ങല്‍ ശേഷിയുടെ അടിസ്ഥാനത്തില്‍ (പര്‍ച്ചേസിങ് പവര്‍ പാരിറ്റി) ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ഏണസ്റ്റ് ആന്‍ഡ് യങ്. ഇപ്പോഴത്തെ രീതിയില്‍ മുന്നേറ്റം തുടര്‍ന്നാല്‍ അമേരിക്കയെ മറികടന്ന് ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും എത്തുമെന്നുമാണ് ഏണസ്റ്റ് ആന്‍ഡ് യങിന്റെ 2025 ലെ ഇക്കണോമി വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഐഎംഎഫിന്റെ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് റിപ്പോര്‍ട്ട്.

2038 ല്‍ ഇന്ത്യയുടെ ജിഡിപി 34.2 ലക്ഷം കോടി ഡോളറിലേക്കെത്തുമെന്നാണ് കണക്കാക്കുന്നത്. ഐഎംഎഫിന്റെ കണക്കനുസരിച്ച് വാങ്ങല്‍ശേഷിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ജിഡിപി 2030-ല്‍ 20.7 ലക്ഷം കോടി ഡോളറിലെത്തും. 42.2 ലക്ഷം കോടി ഡോളറുമായി ചൈനയാകും മുന്നില്‍. ചൈനയില്‍ ആളുകളുടെ ശരാശരി പ്രായം കൂടി വരുന്നതാണ് വെല്ലുവിളിയായുള്ളത്. അമേരിക്ക ശക്തമായ നില തുടരുമെങ്കിലും ഉയര്‍ന്ന കടബാധ്യത പ്രതിസന്ധിയാകും. ജിഡിപിയുടെ 120 ശതമാനം വരെയാണ് അമേരിക്കയുടെ കടബാധ്യത. വളര്‍ച്ചനിരക്കും കുറവാണ്.

Signature-ad

ജര്‍മനിക്കും ജപ്പാനും ഉയര്‍ന്ന പ്രായമാണ് പ്രശ്‌നമാകുക. ഈ രാജ്യങ്ങള്‍ ആഗോള വ്യാപാരത്തെയാണ് കൂടുതലും ആശ്രയിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മറ്റ് സമ്പദ്‌വ്യവസ്ഥകളെ അപേക്ഷിച്ച് ഇന്ത്യക്ക് ഒട്ടേറെ അനുകൂല ഘടകങ്ങളുണ്ട്. ശക്തമായ സാമ്പത്തിക അടിത്തറ, തൊഴിലെടുക്കാന്‍ ശേഷിയുള്ള യുവജനങ്ങളുടെ ഉയര്‍ന്ന സാന്നിധ്യം, ഉയര്‍ന്ന സമ്പാദ്യ നിരക്ക്, സുസ്ഥിര വളര്‍ച്ച എന്നിവ ആഗോളതലത്തിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ശക്തമായ മുന്നേറ്റം കാഴ്ചവെക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കുന്നു.

ഇന്ത്യക്കാരുടെ ശരാശരി പ്രായം 28.8 ആണ്. പതിറ്റാണ്ടുകള്‍ തൊഴിലെടുക്കാന്‍ കഴിയുന്ന മാനവശേഷിയാണിത്. ഉയര്‍ന്ന സമ്പാദ്യനിരക്കും നിക്ഷേപവും മൂലധനരൂപവത്കരണം ശക്തമാക്കുന്നു. വിപണിയിലെ സ്ഥിരത ഉറപ്പാക്കുന്നതിന് ഇത് സഹായിക്കും. ഇപ്പോള്‍ ലോകത്തിലെ നാലാമത്തെ വലിയ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. 2028 ല്‍ ജര്‍മനിയെ മറികടന്ന് മൂന്നാംസ്ഥാനത്തേയ്ക്ക് എത്തും. അമേരിക്ക കൊണ്ടുവന്ന പകരച്ചുങ്കം ബാധിച്ചാലും ഈ നേട്ടം ഇന്ത്യ സ്വന്തമാക്കും. ഉയര്‍ന്ന ആഭ്യന്തര ഉപഭോഗമാണ് ഇന്ത്യക്ക് ഗുണം ചെയ്യുക.

Back to top button
error: