Breaking NewsLead NewsNEWSWorld

വിദേശ വിദ്യാര്‍ഥികളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും വിസകാലയളവ് പരിമിതപ്പെടുത്താനൊരുങ്ങി യുഎസ്; താമസ സമയവും നിയന്ത്രിക്കും

ന്യൂയോര്‍ക്ക്: വിദേശ വിദ്യാര്‍ഥികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വിസകാലയളവ് പരിമിതപ്പെടുത്താന്‍ യുഎസ് നീക്കം. നിര്‍ദിഷ്ട നിയമം പ്രാബല്യത്തില്‍ വന്നാല്‍ വിദേശ വിദ്യാര്‍ഥികള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും യുഎസില്‍ താമസിക്കാന്‍ കഴിയുന്ന സമയം നിയന്ത്രിതമാകുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പ് അറിയിച്ചു.

പുതിയ നിയമപ്രകാരം യുഎസില്‍ പഠിക്കുന്ന കോഴ്‌സിന്റെ കാലാവധി തീരുന്നതുവരെ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് താമസിക്കാന്‍ സാധിക്കുകയുള്ളൂ. ഇത് നാല് വര്‍ഷത്തില്‍ കൂടരുതെന്നും വ്യവസ്ഥയുണ്ട്. നിശ്ചിത കാലയളവുകളില്‍ വിസ പുതുക്കേണ്ടിയും വരും. ഇതുകാരണം യുഎസ് ആഭ്യന്തര സുരക്ഷാവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ക്ക് വിദ്യാര്‍ഥികള്‍ വിധേയരാകും.

Signature-ad

യുഎസിന്റെ ഉദാരത വിദ്യാര്‍ഥികള്‍ മുതലെടുക്കുന്നെന്നും അവര്‍ എന്നന്നേക്കും വിദ്യാര്‍ഥികളായിത്തന്നെ തുടരുന്നെന്നും ആരോപിച്ചാണ് കാലാവധിയില്‍ പരിധിയേര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 1975 മുതല്‍ ‘എഫ്’ വിസ ഉടമകളായ വിദേശവിദ്യാര്‍ഥികള്‍ക്ക് ‘സ്റ്റാറ്റസ് കാലയളവ്’ എന്നറിയപ്പെടുന്ന കാലാവധി തീരുന്നതുവരെ അനിശ്ചിതകാലത്തേക്ക് പുതിയ പരിശോധനകളോ നടപടിക്രമങ്ങളോ ഇല്ലാതെ യുഎസില്‍ തുടരാന്‍ കഴിയും. വിദേശത്ത് നിന്നുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് യുഎസില്‍ പ്രവേശനം അനുവദിക്കുന്ന ‘ഐ’ വിസകളുടെ കാലാവധിയും പുതിയ നിയമപ്രകാരം പരിമിതപ്പെടും. ഇവര്‍ക്ക് യുഎസില്‍ നിന്നുകൊണ്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാലയളവ് 240 ദിവസത്തേക്ക് പരിമിതപ്പെടുത്താനാണ് പുതിയ നിയമം ശുപാര്‍ശ ചെയ്യുന്നത്.

കൂടാതെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കുടിയേറ്റയിതര വിസയായ എച്ച്-1 ബി വിസാപദ്ധതിയിലും യുഎസില്‍ സ്ഥിരതാമസത്തിന് അനുമതിനല്‍കുന്ന ഗ്രീന്‍ കാര്‍ഡ് ലഭിക്കാനുള്ള പ്രക്രിയയിലും സമഗ്രമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് യുഎസ് വാണിജ്യസെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക് പറഞ്ഞു.

Back to top button
error: