പീഡനക്കേസില്‍ ഇരയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ ജാമ്യം കിട്ടി ; വിവാഹം കഴിഞ്ഞപ്പോള്‍ പത്തുലക്ഷം സ്ത്രീധനം വേണമെന്ന് ആവശ്യപ്പെട്ട് മര്‍ദ്ദനം ; പ്രതിക്കെതിരെ സ്ത്രീധന പീഡനത്തിനും കേസ്

ലക്നൗ: ഇരയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ ജാമ്യം കിട്ടിയ ബലാത്സംഗക്കേസ് പ്രതി സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയെ ഉപദ്രവിച്ചതിന് വീണ്ടും അറസ്റ്റിലായി. ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തില്‍ പോലീസ് കേസെടുക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എസ്എച്ച്ഒ പറഞ്ഞു.
പോലീസിന്റെ അഭിപ്രായത്തില്‍, പ്രതി ഇരയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്യുകയും 2021-ല്‍ അവളുമായി ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്മാറിയപ്പോള് യുവതി ബലാത്സംഗത്തിന് പരാതി നല്കി. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 2022-ല്‍, ഇരയെ വിവാഹം കഴിക്കാമെന്ന വ്യവസ്ഥയില്‍ കോടതി ഇയാള്‍ക്ക് ജാമ്യം അനുവദിച്ചു.
‘വിവാഹശേഷം ഇയാള്‍ ഭാര്യയുടെ വീട്ടുകാരില്‍ നിന്ന് 10 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി. ആവശ്യം നിറവേറ്റാന്‍ കഴിയാതെ വന്നപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ തുടങ്ങിയതോടെയാണ് വീണ്ടും പിടിയിലായത്.






