Breaking NewsCrimeLead NewsNEWS

ഇന്ത്യയ്ക്കും ഇസ്രയേലിനും ട്രംപിനും എതിര്! ആയുധങ്ങളില്‍ മുദ്രാവാക്യം കൊത്തിവച്ച് അക്രമി; യു.എസില്‍ വെടിയുതിര്‍ത്തത് ട്രാന്‍സ് വുമന്‍

വാഷിംഗ്ടണ്‍: യുഎസിലെ മിനിയാപോളിസില്‍ രണ്ട് വിദ്യാര്‍ഥികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 23 വയസ്സുള്ള റോബിന്‍ വെസ്റ്റ്മാന്‍ എന്ന ട്രാന്‍സ് വുമന്‍ ആണ് മിനിയാപോളിസിലെ കാത്തലിക്ക് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രാര്‍ഥനാ ചടങ്ങിനിടെയായിരുന്നു ആക്രമണം. വെടിവെപ്പില്‍ രണ്ട് വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും 17 വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയുംചെയ്തു. ആക്രമണത്തിന് പിന്നാലെ സ്‌കൂളിന്റെ പാര്‍ക്കിങ്ങില്‍ ഇയാളെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയതായും പ്രതി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

അതിനിടെ, റോബിന്‍ വെസ്റ്റ്മാന്റെ യൂട്യൂബ് ചാനലില്‍നിന്ന് ചില സുപ്രധാനവിവരങ്ങളും ലഭ്യമായിട്ടുണ്ട്. തന്റെ കൈവശമുള്ള തോക്കുകളടക്കം പ്രദര്‍ശിപ്പിച്ചുള്ള വീഡിയോകളാണ് ഇയാള്‍ യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരുന്നത്. ഈ തോക്കുകളില്‍ ‘ഡൊണാള്‍ഡ് ട്രംപിനെ കൊല്ലുക’ എന്നും ‘ഇന്ത്യയ്ക്ക് നേരേ അണുവായുധം പ്രയോഗിക്കുക’ എന്ന് അര്‍ഥംവരുന്ന ‘ന്യൂക്ക് ഇന്ത്യ’ എന്നും കൊത്തിവെച്ചിരുന്നതായി ഈ വീഡിയോകളില്‍ കാണാം. ‘ഡൊണാള്‍ഡ് ട്രംപിനെ ഇപ്പോള്‍ കൊല്ലണം’, ‘ഇസ്രയേല്‍ തകരണം’, ‘ഇസ്രയേലിനെ ചാമ്പലാക്കണം’ എന്നീ വാക്കുകളും ഇയാളുടെ തോക്കുകളില്‍ എഴുതിയിരുന്നു. ‘നിങ്ങളുടെ ദൈവം എവിടെ’, ‘കുട്ടികള്‍ക്ക് വേണ്ടി’ എന്നിവയും ആയുധങ്ങളില്‍ എഴുതിയിട്ടുണ്ട്. അതേസമയം, വെടിവെപ്പിന് പിന്നാലെ പ്രതിയുടെ ചാനല്‍ യൂട്യൂബ് നീക്കംചെയ്തിട്ടുണ്ട്.

Signature-ad

ആകെ രണ്ട് വീഡിയോകളാണ് പ്രതിയുടെ യൂട്യൂബ് ചാനലിലുണ്ടായിരുന്നത്. ഈ വീഡിയോകളിലാണ് തോക്കുകളും വെടിക്കോപ്പുകളും പ്രതി പ്രദര്‍ശിപ്പിച്ചിരുന്നത്. ഒരു വീഡിയോയില്‍ ഒരു ചെറിയ തോക്ക് കൈയിലെടുത്ത് ആവശ്യം വന്നാല്‍ ഇത് തനിക്കുള്ളതാണെന്ന് പ്രതി പറയുന്നതും കാണാം. ക്ഷമചോദിച്ച് കുടുംബത്തിനായി എഴുതിയ നാലുപേജുള്ള കത്തും പ്രതി ഒരു വീഡിയോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ നേരത്തേ വെടിവെപ്പ് നടത്തിയ ചില അക്രമികളുടെ പേരുകളും പ്രതി തന്റെ തോക്കുകളില്‍ എഴുതിവെച്ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ഇതിനുപുറമേ സിറിലിക്ക് ലിപിയില്‍ എഴുതിയ നിരവധി പേജുകളുള്ള കത്തുകളും വീഡിയോയില്‍ കാണിച്ചിരുന്നു.

റൈഫിളും ഷോട്ട്ഗണ്ണും പിസ്റ്റളും ഉള്‍പ്പെടെ മൂന്ന് തോക്കുകള്‍ ഉപയോഗിച്ചാണ് റോബിന്‍ വെസ്റ്റ്മാന്‍ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. നിരവധിതവണയാണ് ഇയാള്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ വെടിയുതിര്‍ത്തത്. ഇതിനുപിന്നാലെ പ്രതി സ്വയം വെടിയുതിര്‍ത്ത് മരിച്ചതാണെന്നും കരുതുന്നു. റോബര്‍ട്ട് എന്നായിരുന്നു പ്രതിയുടെ ആദ്യത്തെ പേര്. 2020-ലാണ് ഇയാള്‍ സ്ത്രീയായി മാറിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

 

Back to top button
error: