Breaking NewsLead NewsNEWSWorld

ഇന്ത്യയ്ക്കുമേല്‍ ട്രംപ് ചുമത്തിയ 50 ശതമാനം തീരുവ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; കരട് വിജ്ഞാപനമിറക്കി യു.എസ്

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കുമേല്‍ ചുമത്തുമെന്ന് പ്രഖ്യാപിച്ച 25 ശതമാനം പിഴച്ചുങ്കം ബുധനാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും.

യുഎസ് ആഭ്യന്തരസുരക്ഷാ മന്ത്രാലയം തിങ്കളാഴ്ച ഇതുസംബന്ധിച്ച കരട് വിജ്ഞാപനമിറക്കി. യുഎസ് സമയം ബുധനാഴ്ച അര്‍ധരാത്രി 12.01-നുശേഷം (ഇന്ത്യന്‍സമയം പകല്‍ ഒന്‍പത്) അവിടത്തെ വിപണിയിലെത്തുന്നതും സംഭരണശാലകളില്‍ നിന്ന് യുഎസ് വിപണികളിലേക്ക് പുറപ്പെടുന്നതുമായ ഇന്ത്യന്‍ ചരക്കുകള്‍ക്ക് പിഴച്ചുങ്കം ബാധകമാകും.

Signature-ad

റഷ്യയില്‍ നിന്ന് എണ്ണയും പടക്കോപ്പുകളും വാങ്ങി യുക്രൈന്‍ യുദ്ധത്തിനു സഹായംചെയ്യുന്നെന്നാരോപിച്ച് ഈ മാസം ഏഴിനാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം പ്രഖ്യാപിച്ചത്. റഷ്യന്‍ എണ്ണയുടെ കാര്യത്തില്‍ നീക്കുപോക്കുണ്ടാക്കി യുഎസുമായി കരാറുണ്ടാക്കുന്നതിനായി 21 ദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ചൊവ്വാഴ്ച അവസാനിച്ചു. യുഎസ് ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നെന്നാരോപിച്ച് ഇന്ത്യക്ക് പ്രഖ്യാപിച്ച 25 ശതമാനം പകരച്ചുങ്കം ഈ മാസം ഏഴിന് നിലവില്‍വന്നിരുന്നു.

അതേസമയം യുഎസിന്റെ 50 ശതമാനം തീരുവ ഇന്ത്യയുടെ കയറ്റുമതിമേഖലയെയും വിതരണശൃംഖലയെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. 2021-22 മുതല്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാരപങ്കാളിയാണ് യുഎസ്. 1,31,800 ഡോളറിന്റെ (11.54 ലക്ഷംകോടി രൂപ) ഉഭയകക്ഷി വ്യാപാരമാണ് 2024-25 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടന്നത്. 2024-ലെ കണക്കനുസരിച്ച് 4800 കോടി ഡോളറിലധികമാണ് (4.20 ലക്ഷംകോടി രൂപ) യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി.

Back to top button
error: