3 വയസ്സുകാരി 9 മിനിറ്റിൽ 32 ഭാഷകളിലെ കുട്ടിക്കവിതകൾ ആലപിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ സ്ഥാനം നേടി
ഇപ്പോൾ 40 ഭാഷകളിലെ കുട്ടിക്കവിതകൾ ആദ്യശ്രീ ആലപിക്കും. ഇതോടൊപ്പം ഇൻ്റർ നാഷനൽ ബുക് ഓഫ് റെക്കോഡ് നേട്ടവും ആദ്യശ്രീയെ തേടിയെത്തി. പാട്ടിന് പുറമെ നാല് സെക്കൻറിനുള്ളിൽ 14 ജില്ലകളുടെയും പേര് പറയും. മുഴുവൻ സംസ്ഥാനങ്ങളുടെയും പേരുകളും മനപ്പാഠം.
തിരുവനന്തപുരം: ഒമ്പത് മിനിറ്റിൽ 32 ഭാഷകളിലെ കുട്ടിക്കവിതകൾ പാടി മൂന്ന് വയസ്സുകാരി ആദ്യശ്രീ ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടംനേടി.
മാതൃഭാഷയുടെ മധുരും നുണഞ്ഞ് തുടങ്ങുന്ന പ്രായത്തിലാണ് 18 ഇന്ത്യൻ ഭാഷകളും 14 വിദേശഭാഷകളും ആദ്യശ്രീയുടെ കുഞ്ഞുനാവിൽ വഴങ്ങുന്നത്.
വെള്ളനാട് രുഗ്മഭവനിൽ സിദ്ധാർഥ് -നീതു ദമ്പതികളുടെ മകളാണ് ഈ കുരുന്ന് പ്രതിഭ. തമിഴും ഹിന്ദിയും തെലുങ്കും കന്നടയും ഉർദുവും ബംഗാളിയും മാത്രമല്ല, ഫ്രഞ്ചും റഷ്യനും ജർമനും ജാപ്പനീസും സ്പാനിഷും ഡച്ചും സ്വീഡിഷുമെല്ലാം കുട്ടിപ്പാട്ടുകളായി ഈ കുരുന്നിന്റെ വരുതിയിലുണ്ട്. ഭാഷയുടെ പേര് പറഞ്ഞാൽ മതി, ആ ഭാഷയിലെ പാട്ട് ആദ്യശ്രീ പാടും.
ഒരു വയസുള്ളപ്പോൾതന്നെ മകൾ ടി.വിയിലെ പാട്ട് ശ്രദ്ധിക്കാറുണ്ടായിരുന്നെന്ന് സിദ്ധാർഥ് പറയുന്നു. മൂളാനും ശ്രമിച്ചിരുന്നു. ഒരു വയസ്സ് പൂർത്തിയാകും മുമ്പേ കുഞ്ഞ് സംസാരിച്ച് തുടങ്ങി. മൊബൈൽ ഫോണിൽ യൂട്യൂബിൽ പാട്ട് കാണിക്കുമ്പോൾ അതൊക്കെ ഏറ്റുപാടും. പെട്ടെന്ന് മനപ്പാഠമാക്കാൻ കഴിവുണ്ടെന്ന് അപ്പോഴാണ് മനസ്സിലായത്. പിന്നീട് ഓരോ ഭാഷകളിലെ പാട്ട് കേൾപ്പിക്കുകയും പാടിക്കുകയുമായിരുന്നെന്ന് സിദ്ധാർഥ് പറയുന്നു.
രണ്ട് മാസം കൊണ്ടാണ് 32 ഭാഷകളിലെ പാട്ടുകൾ സ്വായത്തമാക്കിയത്. ഇപ്പോൾ 38-40 ഭാഷകളിലെ കുട്ടിക്കവിതകൾ ഈ നാവിൽ ഭദ്രമാണ്. സർട്ടിഫിക്കറ്റ്, മെഡൽ, ഐ.ഡി കാർഡ്, പേന എന്നിവയൊക്കെയാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിന്റെ ഭാഗമായി കിട്ടിയത്. ഇതോടൊപ്പം ഇൻറർ നാഷനൽ ബുക് ഓഫ് റെക്കോഡ് നേട്ടവും ആദ്യശ്രീയെ തേടിയെത്തിയിട്ടുണ്ട്. പാട്ടിന് പുറമെ നാല് സെക്കൻറിനുള്ളിൽ 14 ജില്ലകളുടെയും പേര് പറയും. മുഴുവൻ സംസ്ഥാനങ്ങളുടെയും പേരുകളും മനപ്പാഠം.
ഭൂപടം കാണിച്ചാൽ രാജ്യങ്ങളെ ചൂണ്ടിക്കാണിക്കാനും പരിശീലിക്കുന്നുണ്ട്.